റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ ശുഭകരമാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിലെ പങ്കാളികളുമായി സഹകരിച്ച് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ തുടരുമെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
അതേസമയം ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ യുഎഇയും സ്വാഗതം ചെയ്തിരുന്നു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാൻ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചേരാന്‍ ഇരു രാജ്യങ്ങളും കാണിച്ച പ്രതിബദ്ധതയിലും വിവേകത്തിലും ശൈഖ് അബ്ദുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു.