ജിദ്ദ: സൗദി അറേബ്യയിൽ വൻ മയക്കുമരുന്ന് വേട്ട. ജിദ്ദ തുറമുഖം വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. 646,000 ആംഫെറ്റമൈൻ ഗുളികകളാണ് അധികൃതർ കണ്ടെടുത്തത്. ഭക്ഷ്യവസ്തുക്കളുമായെത്തിയ ഒരു ഷിപ്‌മെന്റിൽ ഫാവ ബീൻസ് എന്ന് ലേബൽ ചെയ്തിരുന്ന ഭക്ഷ്യവസ്തുവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആംഫെറ്റമൈൻ ഗുളികകൾ കണ്ടെടുത്തതെന്ന് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് വക്താവ് ഹമൗദ് അൽ ഹർബി പറഞ്ഞു.നൂതന സുരക്ഷാ സ്‌ക്രീനിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ പതിവ് കസ്റ്റംസ് പരിശോധനയിലാണ് കാർഗോ ഷിപ്പ് പിടിയിലായത്. സംഭവത്തിൽ സൗദിയിലുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരാണ് ഷിപ്‌മെന്റ് സ്വീകരിക്കാനിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് നടത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോളുമായി സഹകരിച്ച് കസ്റ്റംസ് അധികൃതരാണ് ഇവരെ പിടികൂടിയത്.രാജ്യത്തിന്റെ സുരക്ഷയും മയക്കുമരുന്ന് പോലുള്ള വസ്തുക്കളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതും ലക്ഷ്യമിട്ട് ഇത്തരം പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുമായി ഏകോപിപ്പിച്ചായിരിക്കും എല്ലാവിധത്തിലുള്ള കള്ളക്കടത്തും തടയുന്നതെന്നും അധികൃതർ എടുത്തുപറഞ്ഞു.