കൊച്ചി: കളമശേരിയിൽ 17കാരനെ ക്രൂരമായി മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. ഇന്ന് പുലർച്ചെയോടെയാണ് കുട്ടിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞദിവസം പതിനേഴുകാരനെ സുഹൃത്തുക്കൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്.

മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. പൊലീസ് മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു.
