ന്യൂഡല്‍ഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കും ത്രിതല നിയന്ത്രണ സംവിധാനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കുണ്ടാകും.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു. ഒ.ടി.ടിയെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് സമൂഹത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ട് വരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഒ.ടി.ടിയില്‍ വരുന്ന എല്ലാ ഉള്ളടക്കങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കണം. എന്നാല്‍ ഒ.ടി.ടിക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷനില്ല. കോടതിയോ സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമില്‍ ആദ്യം സന്ദേശമയച്ച ഉപയോക്താവിനെ വെളിപ്പെടുത്തണം.
പരാതി പരിഹാരത്തിന് സംവിധാനം വേണം. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ റിട്ട. ജഡ്ജിമാരോ സമാന നിലയില്‍ പ്രാഗല്‍ഭ്യമുള്ളവരോ നേതൃത്വം നല്‍കുന്ന സമിതിയാണ് വേണ്ടത്.
സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത തടയുന്നതിന് നടപടിയെടുക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകള്‍ അവസാനിപ്പിക്കും. പരാതി നല്‍കിയാല്‍ ഇവയില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ലൈംഗികത പ്രകടമാകുന്നവ എന്നീ ഉള്ളടക്കങ്ങളിലാണ് നിയന്ത്രണം ബാധകമാവുക. അത്യാവശ്യഘട്ടത്തില്‍ ഇടപെടലിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാകും. വിഡിയോകളുടെ സ്വഭാവം അനുസരിച്ച് A, AU, U സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. കുട്ടികള്‍ കാണാന്‍ പാടില്ലാത്ത വിഡിയോകള്‍ക്ക് പ്രത്യേക നിയന്ത്രണം വേണം. ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങള്‍ പ്രസ് കൗണ്‍സില്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.