ജിദ്ദ: സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. സ്വകാര്യ മേഖലയിൽ സൗദികളുടെ സാന്നിധ്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. ഈ വർഷം തുടക്കം മുതൽ ഒന്നര ലക്ഷം സൗദികൾക്കാണ് പുതുതായി തൊഴിൽ ലഭിച്ചത്. സ്വകാര്യ മേഖലയിൽ നിലവിൽ 24 ലക്ഷം സൗദികളാണ് ജോലി ചെയ്യുന്നത്.
സൗദിയിൽ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായാണ് കുറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണിത്. സൗദി സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടേതാണ് കണക്ക്. സ്ത്രീ തൊഴിൽ പങ്കാളിത്തത്തിലെ കുതിച്ചുചാട്ടവും ശ്രദ്ധേയമാണ്. ഈ വർഷത്തെ ആദ്യ നാലുമാസത്തെ കണക്കിൽ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 10.6 ശതമാനത്തിലേക്ക് കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 14.2% ആയിരുന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, സുരക്ഷിതമായ തൊഴിലിടം, പ്രൊഫഷണൽ വളർച്ചയ്ക്കുള്ള അവസരങ്ങൾ എന്നിവ തൊഴിൽ മേഖലയിലെ പുരോഗതിക്ക് കാരണമായി.