ന്യൂഡൽഹി : രണ്ട് പേർക്ക് വിവാഹിതരാകാൻ കുടുംബാംഗങ്ങളുടെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷാൻ കൗൾ, ഋഷികേഷ് റോയി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മാർഗരേഖ നിർമ്മിക്കാനും പോലീസ് ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകി.

രണ്ട് പേർ തമ്മിലുള്ള വിവാഹത്തെ കുടുംബത്തിൽ നിന്നുളള എതിർപ്പോ, സമുദായത്തിൽ നിന്നുള്ള സമ്മർദ്ദമോ പ്രതികൂലമായി ബാധിക്കില്ല. വിദ്യാസമ്പന്നരായ യുവ ജനതയാണ് പഴയ സാമുദായിക വ്യവസ്ഥകളിൽ നിന്നും വിട്ടുമാറി അവരവരുടെ പങ്കാളികളെ തെരഞ്ഞെടുക്കുന്നത്. ഇതിലൂടെ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഇത്തരം വിവാഹങ്ങൾക്കെതിരെ ഭീഷണി നേരിടുന്നവർക്ക് പിന്തുണയാണ് കോടതി നൽകുന്നതെന്നും ബെഞ്ച് അറിയിച്ചു.

കർണാടകയിലെ ബെലഗാവി ജില്ലയിൽ മുർഗോഡ് പോലീസ് സ്‌റ്റേഷനിൽ ചെയത് എഫ്‌ഐആർ റദ്ദാക്കണമെന്നുള്ള ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറത്തിറക്കിയത്.
തന്റെ മകൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയെന്നും മറ്റൊരാളുമായി വിവാഹിതയായെന്നും പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടർന്ന് യുവതിയോട് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ പരാതിയുമായാണ് ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വീട്ടിലേയ്ക്ക് തിരിച്ച് പോകാൻ ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. ഇല്ലെങ്കിൽ കുടുംബാംഗങ്ങളെക്കൊണ്ട് യുവതിയെ തട്ടിക്കൊണ്ട് പോയതിന് ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.