ശശി തരൂർ ഇന്ത്യൻ പാർലമെന്റലെ മികച്ച പാർലമെന്റേറിയനാണ്. ബി ജെ പി യുടെ വർഗീയരാഷ്ട്രീയത്തിന് എതിരെയും ദുർഭരണത്തിന് എതിരായും മോഡി സർക്കാരിന്റെ തെറ്റായ നടപടികൾക്ക് എതിരായി നിരന്തരം എഴുതുകയും പ്രവർത്തിക്കുയും ചെയ്യുന്ന കോൺഗ്രസ്സ് എം പി യാണ്. ഇന്ത്യയിലെ ഒന്നാം നിരയിലെ എഴുത്തുകാരനാണ്. ലോകം മുഴുവൻ അറിയുന്ന പബ്ലിക് ഇന്റലക്ച്വലാണ്.. പഠനത്തിലും വായനയിലും വിജ്ഞാനത്തിലും എഴുത്തിലും തുടങ്ങി, ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം മികച്ച നിലവാരം പുലർത്തുന്നയാളാണ്.

ജവഹർലാൽ നെഹ്റുവിന്റെയും ബാബാസാഹബ് അംബേദ്കറിന്റെയും ജീവചരിത്രം എഴുതിയ ഏക കോൺഗ്രസ്സ് നേതാവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമർശിച്ച് പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ എന്ന പുസ്തകം എഴുതിയായാൾ. മൂന്നു പ്രാവശ്യം കോൺഗ്രസ്സ് എം പി. ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ്സ് സ്ഥാപക പ്രസിഡന്റ്.

എവിടെപ്പോയാലും കേൾക്കാൻ ആയിരക്കണക്കിന് ആളുകൾ. ഇന്ന് കേരളത്തിൽ അദ്ദേഹം എവിടെപോയാലും നൂറുകണക്കിന് ആളുകളാണ് സെൽഫിയെടുക്കാൻ തിക്കിത്തിരക്കുന്നത്. ഇന്നലെ അടൂരിൽ ബോധിഗ്രാം പ്രഭാഷണത്തിനു വന്നപ്പോഴും പോയപ്പോഴും നൂറുകണക്കിന് ആളുകളാണ് തിക്കിത്തിരക്കിയത്. നടക്കുവാൻ തന്നെ പ്രയാസമായിരുന്നു.
ഇന്നലെ ബോധിഗ്രാം പ്രഭാഷണം ഞായറാഴ്ച പള്ളിയിൽ ആരാധന സമയത്ത് ആയിരുന്നു എങ്കിലും പള്ളിയിൽ നിന്ന് നേരെ നിരവധി പുരോഹിതൻമാരാണ് അദ്ദേഹത്തെകേൾക്കുവാൻ വന്നത്. കേരളത്തിലും അടൂരും പത്തനംതിട്ടയുമുള്ള മാധ്യമങ്ങൾ മുഴുവൻ. കേരളത്തിന്റ പന്ത്രണ്ടു ജില്ലകളിൽ നിന്ന് അടൂർവരെ യാത്ര ചെയ്തു വന്നവർ. അടൂരിൽ കൃത്യമായ വസ്തുതകളും വിവരങ്ങളും വച്ചു മികച്ച അക്കാദമിക് പ്രസംഗം.
ഇത് കൊണ്ടൊക്കെ തന്നെയാണ് തരൂരിനെ കോൺഗ്രെസ്സിനുള്ളിൽ പലർക്കും ഭയം.
ശശി തരൂർ ബോധിഗ്രാം പ്രഭാഷണത്തിനു വരുന്നുണ്ട് എന്ന് ഞാൻ ഇത് തീരുമാനിക്കുന്നതിന് മുൻപ് ആദ്യമായി ഓദ്യോഗിമായി അറിയിച്ചത് എനിക്ക് ഏതാണ്ട് മുപ്പത്തിയെട്ടു വർഷമായി അറിയാവുന്ന സുഹൃത്ത് കൂടിയായ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലിനോടാണ്. ഈ പ്രഭാഷണത്തിനു വിളിച്ചപ്പോൾ തന്നെ ഡി സി സി ഉൾപ്പെടെ എല്ലാവരെയും അറിയിക്കണം എന്ന് പറഞ്ഞത് ശശി തരൂരാണ്.
ഒരു പ്രോഗ്രാം നടത്തുമ്പോൾ അതു അറിയിക്കണ്ടതും അതിന് ക്ഷണിക്കണ്ടതും സംഘാടകരുടെ ഉത്തരവാദിത്തമാണ്. അല്ലാതെ പ്രസംഗിക്കുന്നവരുടെ ഉത്തരവാദിത്തം അല്ല.
അതു കൊണ്ടാണ് ആദ്യമായി ഡി സി സി പ്രസിഡന്റനെ ആദ്യം തന്നെ വിളിച്ചത്. “ജെ എസ് സർ ധൈര്യമായി നടത്തുക “എന്നാണ് അതിന്, എന്നോട് മറുപടിയായിപ്പറഞ്ഞത്. ശശി തരൂർ മികച്ച കോൺഗ്രസ്സ് നേതാവ് എന്നാണ് പറഞ്ഞത് .അത് കഴിഞ്ഞ് അദ്ദേഹത്തെ രേഖാമൂലവും അല്ലാതെയും നാലു തവണ ഫോണിൽ വിളിച്ചു. കെ പി സീ സീ പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, ആന്റോ ആന്റണി, ശ്രീ എ കെ ആന്റണി അടക്കം കേരളത്തിൽ ഉള്ള ഇരുപത് നേതാക്കളെ വിളിച്ചു പറഞ്ഞു അവരുടെ അറിവോടെയും സമ്മതത്തോടെയും കൂട്ടിയാണ് അടൂരിൽ പ്രഭാഷണം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

നേരത്തെ തീരുമാനിച്ച ബോധിഗ്രാം പ്രഭാഷണത്തിന് ഇവരെ ആരെയും അറിയിക്കേണ്ട കാര്യം ഇല്ല.കാരണം 35 കൊല്ലമായി ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ എങ്ങും നിന്നും ഒരു പൈസയോ ഫണ്ടോ വാങ്ങാതെ ബോധിഗ്രാം പരിപാടികൾ ഞാനും സഹപ്രവർത്തകരും സംഘടിപ്പിച്ചതു സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങൾ കൊണ്ടും എന്തും എവിടെയും ജനകീയമായി സംഘടിപ്പിക്കാൻ ആത്മ ധൈര്യവും ഉണ്ടായത് കൊണ്ടാണ്. അടൂർ മാത്രം ഇന്ത്യയിൽ ഏതാണ്ട് പത്തു സംസ്ഥാനങ്ങളിൽ ബോധിഗ്രാമിന് ആയിരകണക്കിന് ആളുകളെ സംഘടിപ്പിച്ച പരിചയവുമുണ്ട്
പക്ഷെ സാമാന്യ രാഷ്ട്രീയ സാമൂഹിക മര്യാദകൊണ്ടാണ് ഞാൻ എല്ലാവരെയും വിളിച്ചറിയിച്ചത്. ജാതി മത ഭേദമന്യേ കോൺഗ്രെസ്സിന് അകത്തു നിന്നും പുറത്തു നിന്നും വിളിച്ചത്.
അതിൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ്സ് നേതാക്കൾ അടക്കം നൂറു കണക്കിന് സാധാരണ കോൺഗ്രസ്സ് പ്രവർത്തകരുംകക്ഷി രാഷ്ട്രീയ ഭേദമന്യേ മറ്റെല്ലാവരും പങ്കെടുത്തു. പത്തനംതിട്ടയിലെതന്നെ എറ്റവും വലിയ കൺവൻഷൻ സെന്ററിൽ ഒന്നായ അടൂർ ഗ്രീൻവാലി ഓഡിറ്റൊറിയം നിറയെ ശശി തരൂരിന്റെ പ്രഭാഷണം കേൾക്കാൻ ആളുണ്ടായിരുന്നു. വിവിധ ലൈവ് സ്ട്രീമിങ്ങിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അനേകർ പ്രഭാഷണം ശ്രവിച്ചു.
പക്ഷെ ഏറ്റവും നിരാശപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ ചില കോൺഗ്രസ്സ് നേതാക്കളാണ്. കോൺഗ്രസ്സിനെ എന്നും തോൽപ്പിച്ചത് കോൺഗ്രസ്സ്കാർ തന്നെയാണ്. അതുകൊണ്ടുതന്നെ, പത്തനംതിട്ട ജില്ലയിൽ ഉള്ള സംസ്ഥാന നേതാക്കൾ, തെരെഞ്ഞെടുപ്പിന് നിന്നവർ മുതൽ എല്ലാവരെയും വിളിച്ചു. വിളിച്ചു വരും എന്ന് പറഞ്ഞ ചില മാന്യൻമാർ അവസാനം മുങ്ങി. അതിൽ എനിക്ക് അത്ഭുതം തോന്നിയില്ല.
ഞാൻ ഉൾപ്പെടെ പലതിലും സഹായിച്ച എം ജി കണ്ണൻ വരാഞ്ഞതിലും അത്ഭുതം ഇല്ല.ഇന്നലെ പെട്ടന്ന് അപ്രതീക്ഷിതമായ ഈ നേതാക്കൾ എല്ലാം ബോധിഗ്രാമിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ഈ പരിപാടിയെ പരാജയപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും നൂറുകണക്കിന് ആളുകളെ വിളിച്ചു വിളിപ്പിച്ചത് ആരൊക്കയാണ് എന്ന് കൃത്യമായി അറിയാനുള്ള രാഷ്ട്രീയ ബോധം എനിക്കുണ്ട്. ഇവരൊക്കെ കാരണമാണ് കോൺഗ്രെസ്സിന് ഒരൊറ്റ സീറ്റ് പത്തനംതിട്ട ജില്ലയിൽ കിട്ടാഞ്ഞത്
എന്നാൽ പത്തനംതിട്ടയിലെ എം പി എന്നും കോൺഗ്രസ്സ്കാരനാണ്. ആന്റോ ആന്റണിക്ക് വോട്ട് കിട്ടുന്നത് ഈ ജില്ലയിൽ ഭൂരിപക്ഷം കോൺഗ്രസ്സ് അനുഭാവികൾ ഉള്ളതുകൊണ്ടാണ്. എന്നാൽ അസംബ്ലിയിൽ തോൽക്കുന്നത് പരസ്പരം വിശ്വാസം ഇല്ലാതെ കൂടെ നിന്ന് കാലുവാരുന്നവർ അനവധി ഈ ജില്ലയിൽ ഉള്ളതുകൊണ്ടാണ്.
അടിയന്തരാവസ്ഥയെ എതിർത്തു നാലാം ക്ലാസ്സിൽ അടൂരിൽ രാഷ്ട്രീയം തുടങ്ങിയാളാണ്, ഞാൻ. സ്കൂളിലും കോളേജിലും സജീവരാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനായിരുന്നു. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലയുടെ മുക്കുംമൂലയും അറിയാം.1977 തിലെ തിരെഞ്ഞെടുപ്പ് മുതൽ സജീവം. അല്ലാതെ ന്യൂയോർക്കിൽ നിന്ന് അടൂരിൽ ഒരു സുപ്രഭാതത്തിൽ വന്നതല്ല. അടൂരിൽ 1977 ലും 1980 ലും 1984 ലും ഞാൻ പ്രസംഗിക്കാത്ത മുക്കുകൾ കുറവാണ്.
എന്നാൽ രാഷ്ട്രീയത്തിൽ എം എൽയോ എംപി യോ എന്തെങ്കിലും ആകണമെന്ന് ഒട്ടും ആഗ്രഹം ഇല്ല. അന്നും ഇന്നും 1987 മുതൽ ഞാൻ പ്രവർത്തന മേഖലയായി തെരെഞ്ഞെടുത്തത് സാമൂഹിക വികസന- വിദ്യാഭ്യാസ മേഖലയും പൗരവകാശങ്ങളിൽ അധിഷ്ടിതമായ സിവിക് രാഷ്ട്രീയമാണ്.
ഏതാണ്ട് ദിവസവും 12 മണിക്കൂർ അധ്വാനിച്ചു കിട്ടുന്ന ശമ്പളം കൊണ്ടാണ് സാമൂഹിക പ്രവർത്തനവും ചാരിറ്റിയുമൊക്കെ കഴിഞ്ഞ മുപ്പതു കൊല്ലമായി നടത്തുന്നത്. കുടുംബ സ്വത്തായി കിട്ടിയതും ബോധിഗ്രാമും മുപ്പത്തി മൂന്നു കൊല്ലത്തെ അധ്വാന ഫലവും എല്ലാം സാമൂഹിക നന്മക്കായി മാറ്റി വച്ചത് സാമൂഹിക നൈതിക ബോധ്യങ്ങൾ കൊണ്ടാണ്. എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ പകുതി കഴിഞ്ഞ ഇരുപത് കൊല്ലം കൊണ്ടു പ്രയാസമുള്ളവരുമായി പങ്കിടാനാണ് ശ്രമിച്ചത്. അത് ആർക്കൊക്കെ എങ്ങനെയൊക്കെ കൊടുത്തു എന്ന് പറയുന്നതിൽ വിശ്വാസം ഇല്ല. കാരണം ഇതൊക്കെ ചെയ്യുന്നത് ആരെയും ബോധ്യപ്പെടുത്താൻ അല്ല.
ശശി തരൂർ ആയാലും വേറെ വിദ്യാഭ്യാസവും വിവരവുമുള്ള ആരെങ്കിലും കോൺഗ്രെസ്സിൽ വന്നാലോ പ്രവർത്തിച്ചാലോ പല നേതാക്കൾക്കും അസ്വസ്ഥതയാണ്. അടുപ്പിക്കില്ല. കഴിയുന്ന തരത്തിൽ കൊതിയും നുണയും പറഞ്ഞു പരത്തും.
കോൺഗ്രസിനെ പലയിടത്തും തോൽപ്പിക്കുന്നത് ഇങ്ങനെയുള്ള പാരവപ്പും. ഞണ്ട് മനസ്ഥിതിയുമാണ്.
തരൂർ പ്രസംഗിക്കുന്നത് കേൾക്കാൻ പോയാൽ ‘ വെട്ടും ‘ എന്ന് ഭയമുള്ളത് കൊണ്ടാണ് പലരും വരാഞ്ഞത് എന്നറിയാൻ പാഴൂർപ്പടി വഴി വരെ പോകേണ്ട. ശിങ്കിടി രാഷ്ട്രീയവും,’ വെട്ട് ‘ഗ്രൂപ്പ് രാഷ്ട്രീയവും കൂടെ നിന്ന് ‘ ചവിട്ടു ‘രാഷ്ട്രീയവും മാറിയാൽ കോൺഗ്രസ്സ് ജയിക്കും.
വേണ്ടത് പോസിറ്റീവ് എനർജിയാണ്. വേണ്ടത് പ്രത്യാശയുടെ രാഷ്ട്രീയമാണ്. വേണ്ടത് പരസ്പര വിശ്വാസവും സത്യ സന്ധതയും,എല്ലാവരെയും സ്നേഹിച്ചു ബഹുമാനിക്കാനുള്ള മനസും അവനവിനിസത്തിനു അതീതമായ സോഷ്യൽ സോളിഡാരിറ്റിയുമാണ്
ഞാൻ കോൺഗ്രെസ്സുകാരൻ ആയതു മഹാത്മാ ഗാന്ധി ജവഹർലാൽ നെഹ്റു, ബാബാ സാഹബ് അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ നൈതീക ബോധ്യങ്ങൾ കൊണ്ടാണ്. അല്ലാതെ എന്തെങ്കിലും, നേടാൻ അല്ല അത് കൊണ്ടു ജീവിതത്തിൽ ആരെയും ഭയം ഇല്ല. ബോധ്യങ്ങളും കാഴ്ചപ്പാടുകളും കൊണ്ടാണ് ഇത് വരെ വന്നത്. ഇനിയും അങ്ങനെ തന്നെ
ശശി തരൂരിനെ പ്രഭാഷണത്തിനു വിളിച്ചത് അദ്ദേഹം കോണ്ഗ്രെസ്സ്കാരൻ ആയതു കൊണ്ടുമാത്രം അല്ല; അതിലുപരി മികച്ച പബ്ലിക് ഇന്റലക്ച്വലും പ്രഭാഷകനും ഞാൻ സ്നേഹാദരങ്ങളോടെ കാണുന്ന സുഹൃത്തും ആയതു കൊണ്ടാണ്.
അടൂരിൽ നടന്ന ബോധിഗ്രാം പ്രഭാഷണം വമ്പിച്ച വിജയമാക്കാൻ സഹായിച്ചവർക്കും വന്നവർക്കും ഹൃദയംഗമമായ നന്ദി.
വരാത്തവരോടും വരുമെന്ന് പറഞ്ഞു അവസാനനിമിഷം മാറി നിന്ന പ്രിയ സുഹൃത്തുക്കളോടും ഒരു പരിഭവും ഇല്ല. സ്നേഹമേയുള്ളൂ.
കാരണം എന്നെ എന്നും നയിക്കുന്നത് പോസിറ്റീവ് എനർജിയാണ്. എല്ലാവരെയും സ്നേഹിക്കുവാൻ ഉള്ളിൽ നിന്നോതുന്ന വെളിച്ചമാണ് ഉള്ളിൽ ഉള്ളത്.
ബോധി വൃക്ഷ തണലിൽ ഇരുന്ന ഗൗതമ ബുധൻ പഠിപ്പിച്ച ഡിറ്റാച്ച്മെൻടോട് കൂടിയാണ് ജീവിതത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും കാണുന്നത്.
സ്നേഹാദരങ്ങളോടെ
ജെ എസ്