കോഴിക്കോട് : കോഴിക്കോട് ഷിഗെല്ല വൈറസ് ബാധയുടെ ഉറവിടം വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറി. എന്നാല്‍ വൈറസ് എങ്ങനെ ഈ പ്രദേശത്ത് എത്തി എന്നത് കണ്ടെത്താനായിട്ടില്ല.

ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല ബാധിക്കുന്നതിനിടെയാണ് വൈറസ് ബാധയുടെ ഉറവിടം വെള്ളത്തിലൂടെയാണെന്ന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറിയത്. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഷിഗെല്ല മൂലം മരിച്ച 11 വയസുകാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ പിന്നീട് രോഗ ബാധിതരായവര്‍ക്ക് മരിച്ച കുട്ടിയുടെ വീട്ടില്‍ നിന്നാണ് വൈറസ് ബാധിച്ചത്.

കോട്ടാംപറമ്പ് മേഖലയിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ക്യാമ്പില്‍ ചികിത്സ തേടിയ 40 പേരില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗം പകരാതിരിക്കാന്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്തു. കുട്ടികള്‍ക്ക് കൂടുതലായി രോഗം കണ്ടെത്തിയതിനാല്‍ ജാഗ്രത നിര്‍ദ്ദേശം കര്‍ശനമാക്കിയിട്ടുണ്ട്. കിണറിലെ വെള്ളം തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യക്തി ശുചിത്വം നിര്‍ബന്ധമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. പ്രദേശത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനാണ് ജില്ല മെഡിക്കല്‍ വിഭാഗത്തിന്റെ തീരുമാനം.