തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടാൻ സംസ്ഥാനസർക്കാരിന്റെ തീരുമാനം. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിങ്ങനെ ആറു നേതാക്കൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് നൽകും.

2018 ആണ് ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ എംഎൽഎ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഇതിനു പിന്നാലെ മുൻമന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവർക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ഇപ്പോഴത്തെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുളളക്കുട്ടിക്കെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്ത കേസുമുണ്ട്. സ്വർണക്കടത്തു കേസിൽ ഏറെ പ്രതിസന്ധിയിലായ എൽ.ഡി.എഫ് നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നത് രാഷ്ട്രീയ പ്രേരിതമാണ്.
