തിരുവനന്തപുരം : കേരളം ഇന്ധന വിലയിൽ ഏർപ്പെടുത്തിയിരിക്കുന്ന മൂല്യവർധിത നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ തീരുവ കുറച്ചതിനനുസരിച്ച് കേരളത്തിലും ഇന്ധന വില കുറയുമെന്നും, കേരളം നികുതി വെട്ടി കുറയ്ക്കില്ലെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം കേന്ദ്ര സർക്കാർ മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. നിരന്തരമായി പെട്രോൾ – ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം വർധിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിനെ പുതിയ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ മൂല്യവർധിത നികുതി വെട്ടികുറച്ചതായി പ്രഖ്യാപിച്ചത്.ഈ വർഷത്തെ റെക്കോർഡ് വർധനവിന് ശേഷമാണ് ഇപ്പോൾ ഇന്ധന വിലയിൽ കുറവ് വരുത്തുന്നത്. ഒക്ടോബറിൽ പെട്രോൾ ലിറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഒരിടവേളയ്ക്കു ശേഷം സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില കൂടാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെയുള്ള വില വർധന പെട്രോളിന് 31% ഡീസലിന് 33% ആണ്.

പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിലാണ് കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. പെട്രോളിന് ലറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.
ഇന്ധവില വർധനവിനെതിരെ കോൺഗ്രസ് നവംബർ 14 മുതൽ 29 വരെ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തി രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതനിടെയാണ് വിലകുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി.