തിരുവനന്തപുരം: കിഫ്ബിയടക്കമുള്ള വിവാദങ്ങൾ സംസ്ഥാനത്ത് കത്തി നിൽക്കെ ധനമന്ത്രി തോമസ് ഐസക് ആരുമറിയാതെ വോട്ട് ചെയ്ത് മടങ്ങി. ആലപ്പുഴ എസ്ഡിവി ഹൈസ്‌കൂളിലെ രണ്ടാം നമ്പർ ബൂത്തിലായിരുന്നു മന്ത്രിക്ക് വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി ഇടതുപക്ഷം വിജയിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

രാവിലെ പത്തരയോടെ മന്ത്രി വോട്ട് ചെയ്യാനെത്തുമെന്ന് ഓഫീസിൽ നിന്ന് ഇന്നലെ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ രാവിലെ എട്ടരയ്ക്ക് ആലപ്പുഴയിലെത്തി വോട്ട് ചെയ്ത മന്ത്രി മാദ്ധ്യമങ്ങൾക്ക് മുഖം നൽകാതെ എറണാകുളത്തേക്ക് പോയി.

തനിക്കെതിരെയുള്ള വിവാദങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് കഴിയും വരെ താനൊന്നും പറയില്ലെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. അതുകൊണ്ടാകാം അദ്ദേഹം മാദ്ധ്യമങ്ങളെ കാണാതെ മടങ്ങിയതെന്നും സൂചനകളുണ്ട്.