കണ്ണൂർ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് 2 കത്തികൾ, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ, മുളകുപൊടി, പവർ ബാങ്ക്, സ്ക്രൂഡ്രൈവർ, തൊപ്പി, കൈയുറകൾ എന്നിവ കണ്ടെടുത്തത്.

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപമുള്ള സ്ഥലത്ത് ആയുധങ്ങൾ ഒളിപ്പിച്ചുവെന്നായിരുന്നു നൽകിയ മൊഴി. തുടർന്ന് പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.

വീടിന് സമീപമുള്ള ഒരു ചതിപ്പിൽ ബാഗിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങൾ. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാഗിൽ നിന്നും കണ്ടെടുത്തു. കൂടാതെ ആസമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയിൽ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ കൊലപാതകം തടയാൻ വിഷ്ണുപ്രിയ ശ്രമിച്ചാൽ അത് തടയാൻ മുഖത്തെറിയാൻ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. കൊലപാതക ശേഷം പ്രദേശത്തെത്തിയ ശ്യാംജിത്ത് ബാഗിൽ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് ബാഗിനുള്ള വച്ച് ചതുപ്പിൽ താഴ്ത്തുകയായിരുന്നു.
വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം. പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.