കൊച്ചി: മുസ്ലീം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്ഥ ലംഘിച്ചു. പാലാരിവട്ടം അഴിമതി കേസിൽ ജാമ്യത്തിലിറങ്ങിയ ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥ പാണക്കാട്ടെത്തി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയാണ് ഇബ്രാഹിം കുഞ്ഞ് ലംഘിച്ചത്.

എറണാകുളത്ത് നിന്നും മലപ്പുറത്തെത്തിയാണ് ഇബ്രാഹിംകുഞ്ഞ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു. കളമശേരി നിയമസഭാ സീറ്റിന്റെ കാര്യം സംബന്ധിച്ചാണ് ചർച്ച നടന്നതെന്നാണ് വിവരം.

മുസ്ലീം ലീഗ് യോഗത്തിനെത്തിയാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുമെന്ന് മനസിലാക്കി ഇബ്രാഹിംകുഞ്ഞ് രഹസ്യ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചിട്ടുണ്ട്. ഗുരുതര രോഗം എന്ന പേരിൽ ജാമ്യം നേടിയ ഇബ്രാഹിംകുഞ്ഞ് പൊതുപരിപാടിയിൽ സജീവമാണെന്നായിരുന്നു പരാതിയിൽ ആരോപിക്കുന്നത്.
സ്വകാര്യ ആശുപത്രിയിലെ റിപ്പോർട്ട് ഹാജരാക്കി ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചു. ആർസിസിയിലെ ഡോക്ടർമാരെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.