പാലക്കാട്: വാളയാർകേസിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു. മക്കളുടെ വസ്ത്രം നെഞ്ചോടുചേർത്തായിരുന്നു പ്രതിഷേധം. വരുംദിവസങ്ങളിൽ 14 ജില്ലകളിലും സർക്കാർനിലപാടിനെതിരെ പ്രചാരണം നടത്തുമെന്നും ഇനി ഒരമ്മക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാവരുതെന്നും തലമുണ്ഡനം ചെയ്തശേഷം അവർ പറഞ്ഞു.

ജനുവരി 26നാണ് വാളയാർ പെൺകുട്ടികളുടെ അമ്മ സത്യഗ്രഹം തുടങ്ങിയത്. ഒരുമാസം നീണ്ട സത്യഗ്രഹത്തിനൊടുവിലാണ് സർക്കാറിെൻറ നിഷേധാത്മക നിലപാടിനെതിരെ തലമുണ്ഡനംചെയ്ത് പ്രതിഷേധിച്ചത്. പിന്തുണ പ്രഖ്യാപിച്ച് ഡി.എച്ച്.ആർ.എം നേതാവ് സലീന പ്രക്കാനം, സാമൂഹികപ്രവർത്തക ബിന്ദു കമലൻ എന്നിവരും തലമുണ്ഡനം ചെയ്തു. രമ്യ ഹരിദാസ് എം.പി, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ് എന്നിവർക്കൊപ്പം വിവിധ സംഘടനാനേതാക്കളും പങ്കെടുത്തു.

രണ്ടാമത്തെ പെൺകുട്ടി മരിച്ചതിെൻറ നാലാം വാർഷികദിനമായ മാർച്ച് നാലിന് കൊച്ചിയിൽ 100 പേർ തലമുണ്ഡനം ചെയ്യുമെന്ന് സമരസമിതി നേതാവ് സി.ആർ. നീലകണ്ഠൻ പറഞ്ഞു. സമരം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിെൻറ ഭാഗമായാണ് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതൽ ഇവർ സത്യഗ്രഹത്തിലായിരുന്നു. സർക്കാർ ഒരു ചർച്ചക്കും തയാറായില്ലെന്ന് അമ്മ പറഞ്ഞു.
നടപടി വൈകുന്നതിനെതിരെ സമരം കൂടുതൽ ശക്തമാക്കാനാണ് വാളയാർ നീതി സമരസമിതി തീരുമാനം. മുഴുവൻ ജില്ലകളിലും സമരം നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളടക്കം വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് സമരസമിതി പദ്ധതിയിടുന്നത്.