പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ വീണ്ടും കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പൊലീസ് രാവിലെ ആറ് മണിക്ക് വീട്ടിൽ എത്തിയാണ് എകെ ഷാനിബിനെ കൂട്ടികൊണ്ട് പോയത്.
151 സിആർപിസി വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശേരി പോലീസിന്റെ വിശദീകരണം. കൂടുതൽ പേരെ അറസ്റ്റ് ചെയ്യണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്ന അമിത സുരക്ഷക്കെതിരെ വ്യാപക ആക്ഷേപമുയർന്നെങ്കിലും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പൊലീസ്.കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ പിതാവിനെ തടഞ്ഞതും കെ.എസ്.യു പ്രവർത്തകക്കെതിരായ നടപടിയും അകമ്പടി വാഹനത്തിന്റെ അമിതവേഗവും സുരക്ഷക്കായി വാഹനങ്ങൾ തടഞ്ഞതുമെല്ലാം കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു . മുഖ്യമന്ത്രിയുടെ ഭീഷണി നേരിടുന്ന വ്യക്തിയാണെന്നും സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുൾപ്പെടെ കണക്കിലെടുത്ത് കർശന സുരക്ഷ ഉറപ്പുവരുത്തിയേ മതിയാകൂവെന്നുമാണ് പൊലീസ് തീരുമാനം.