കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ കൈക്കൊണ്ട തിരുമാനങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാതെ പാര്‍വ്വതി തിരുവോത്തിന്റെ രാജി സ്വീകരിച്ച നടപടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇപ്പോഴിതാ സംഘടനയുടെ തിരുമാനത്തിനെതിരെ രൂക്ഷ പ്രതികരണം ഉയര്‍ത്തുകയാണ് നടന്‍ ഷമ്മി തിലകന്‍.

ലഹരിമുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയ്‌ക്കെതിരെ നടപടിയെടുക്കേണ്ടത് സംബന്ധിച്ചും പാര്‍വ്വതിയുടെ രാജി, നടി ഭാവനയ്‌ക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശം തുടങ്ങിയ വിഷയങ്ങളില്‍ തിരുമാനം എടുക്കുന്നതിനായിരുന്നു പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ താരസംഘടന യോഗം ചേര്‍ന്നത്. യോഗത്തില്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനായിരുന്നു സംഘടനയുടെ തിരുമാനം. അതേസമയം ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി തിരുവോത്ത് സമര്‍പ്പിച്ച രാജി സംഘടന സ്വീകരിച്ചു.

നടന്‍ ബാബു രാജ് രാജി പുനപരിശോധിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ത്തിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. മോഹന്‍ലാല്‍ പറഞ്ഞത് ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ച് കൊണ്ടാണ് രാജി സ്വീകരിച്ചതെന്നായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. എന്നാല്‍ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ യാതൊരു പ്രതികരണവും നടത്താതെയായിരുന്നു സംഘടനയുടെ യോഗം പിരിഞ്ഞത്. ഇതോടെ സംഘടനയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്നത്.
നടന്‍ ഷമ്മി തിലകനും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും പ്രതികരിക്കുകയാണ് നടന്‍. ബാബുരാജ്, ടിനി ടോം എന്നിവരുടെ ഔദ്യോഗിക പേജുകള്‍ ടാഗ് ചെയ്ത് കൊണ്ടാണ് ഷമ്മിയുടെ പ്രതികരണം. കടുംപിടുത്തങ്ങള്‍ ഉപേക്ഷിച്ച് പിതാവും നടനുമായ തിലകന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഷമ്മിയുടെ പോസ്റ്റ്. പൂര്‍ണരൂപം ഇങ്ങനെ…
അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിച്ച്, അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവര്‍ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കാതെ ഇരയുടെ രോദനം കേള്‍ക്കേണ്ടത് എല്ലാവരുടെയും അപ്പന്മാര്‍ അവരവര്‍ക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട് വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച് കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ആര്‍ജ്ജവം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു..!
സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്, നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് എന്തിനു ദു:ഖിക്കുന്നു..? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ..? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ..? നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്..! നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. .!ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു..! നാളെ അതു മറ്റാരുടേതോ ആകും..! മാറ്റം പ്രകൃതിനിയമം ആണ്..!! ശുഭദിനങ്ങള്‍ ഉണ്ടാകട്ടെ..! ആര്‍ക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടല്‍?..ഇതൊരു പാഠമാകട്ടെ…