കൊച്ചി: നടി പാര്‍വ്വതി തിരുവോത്തിന്റെ രാജിയോടെ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നേതൃത്വം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ അഭിമുഖത്തില്‍ അപമാനിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധിച്ച് പാര്‍വ്വതി അമ്മ അംഗത്വം രാജി വെച്ചു. അമ്മ നേതൃത്വം വിവാദത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ അമ്മ നേതൃത്വത്തിന് എതിരെ പാര്‍വ്വതി തിരുവോത്ത് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് അമ്മ സംഘനയുടെ സ്ത്രീകള്‍ക്കുളള പിന്തുണ വെറും പ്രകടനം മാത്രമാണെന്നും അതിജീവിച്ചവളെ സഹായിക്കാനുളളതല്ലെന്നും തിരിച്ചറിയുന്നതെന്ന് പാര്‍വ്വതി തിരുവോത്ത് പറയുന്നു. അത് തന്നെ അതിശയിപ്പിച്ച് കളഞ്ഞു. ആ അനീതിക്കെതിരയുളള പ്രതിഷേധമെന്ന നിലയ്ക്കാണ് മൂന്ന് പേര്‍ അമ്മ അംഗത്വം രാജി വെച്ചത്. നിശബ്ദരാക്കാനുളള തന്ത്രം അതിജീവിച്ച പെണ്‍കുട്ടി അടക്കമുളളവരാണ് രാജി വെച്ചത്. എന്നാല്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച് താനും പത്മപ്രിയയും രേവതിയും അമ്മയില്‍ തുടര്‍ന്നു. അമ്മയുടെ ബൈലോ തങ്ങള്‍ വായിച്ച് നോക്കി. അമ്മയുടെ എക്‌സിക്യട്ടീവ് യോഗങ്ങള്‍ക്ക് പോയി. യഥാര്‍ത്ഥത്തിലത് തങ്ങളേയും മാധ്യമങ്ങളേയും കുറച്ച് നാള്‍ നിശബ്ദരാക്കാനുളള തന്ത്രമായിരുന്നു.

അതിജീവിച്ച നടിയെ സംഘടനയിലേക്ക് തിരിച്ച് വിളിക്കണം എന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ ബൈലോയെ കുറിച്ചു ആഭ്യന്തര പരാതി പരിഹാര സെല്ലിനെ കുറിച്ചു തങ്ങള്‍ക്ക് പരാതികളുണ്ടായിരുന്നു. അവര്‍ക്ക് നിരന്തരം ഇ മെയിലുകള്‍ അയച്ചു. ഒന്നിനും മറുപടി ലഭിച്ചില്ല. പിന്നെ തങ്ങള്‍ കേള്‍ക്കുന്നത് അമ്മയുടെ പ്രസിഡണ്ടും ചില എക്‌സിക്യൂട്ടീവ് അംഗങ്ങളും പത്ര സമ്മേളനം വിളിച്ചതാണ്. നടിക്ക് അമ്മയിലേക്ക് തിരിച്ച് വരണമെങ്കില്‍ അപേക്ഷ നല്‍കണം എന്നാണ് അവര്‍ പറഞ്ഞത്. അതോടെ തങ്ങള്‍ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പോയി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തീരുമാനിച്ചു. അമ്മയിലെ 90 ശതമാനം അംഗങ്ങള്‍ക്കും ബൈലോ ഭേദഗതി ചെയ്യാന്‍ പോകുന്നതിനെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. 15 അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ 3 പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍.
ഇസിയിലെ രണ്ട് അംഗങ്ങള്‍ എംഎല്‍എമാരാണ്. അവര്‍ അത്രയും ശക്തരായത് കൊണ്ട് ജനറല്‍ ബോഡി യോഗത്തില്‍ അഞ്ചോ ആറോ പേര്‍ മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. വോട്ടെടുപ്പ് പോലും ഇല്ലാതെ ബൈലോയിലെ പുതിയ ഭേദഗതികള്‍ പാസ്സാക്കാനായിരുന്നു നീക്കം ഇത് തങ്ങള്‍ ചോദ്യം ചെയ്തു. അതോടെ അവര്‍ക്കാ നീക്കം മരവിപ്പിക്കേണ്ടി വന്നുവെന്നും പാര്‍വ്വതി പറഞ്ഞു. ബൈലോ ഭേദഗതി ചെയ്യാന്‍ തങ്ങളുടെ അഭിഭാഷകര്‍ക്കൊപ്പം തങ്ങളും പങ്ക് ചേരാമെന്ന് അവരോട് പറഞ്ഞു. എന്നാല്‍ അതിനും മറുപടി ലഭിച്ചില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിയെ കുറിച്ച് പറഞ്ഞ കാര്യത്തില്‍ തനിക്ക് ഒരു ആശയക്കുഴപ്പവും ഇല്ലായിരുന്നു. രാജി വെക്കാമെന്ന് തീരുമാനിക്കുന്നതിന് മുന്‍പ് താന്‍ ആ വീഡിയോ നിരവധി തവണ കണ്ടു.
ഇടവേള ബാബു പറഞ്ഞത് തീര്‍ത്തും തെറ്റാണെന്ന് ഉറപ്പിച്ചിട്ടാണ് രാജി നല്‍കിയത്. അമ്മ എന്ന പേര് ആ സംഘടനയ്ക്ക് ഉപയോഗിക്കുന്നത് അപമാനമാണ്. താന്‍ കണ്ടിട്ടുളളതില്‍ വെച്ച് ഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടനയാണത്. താന്‍ അതിനെ എഎംഎംഎ എന്ന് പറയുന്നത് ആളുകള്‍ അതിനെ ഒരു സംഘടനയായി കാണാനും അര്‍ഹിക്കാത്ത സ്ഥലത്ത് പ്രതിഷ്ഠിക്കുന്നത് തടയാനുമാണ്. താന്‍ സിനിമയില്‍ വന്നതിനേക്കാളൊക്കെ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അന്ന് തനിക്ക് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു. പൂര്‍ണമായും പുരുഷാധിപത്യമുളള, അത് തുറന്ന് ചര്‍ച്ച ചെയ്യാത്ത ഒരു മേഖല ആയിരുന്നു. സ്ത്രീകള്‍ കൂടിച്ചേരുക എന്നൊരു രീതി ഇല്ലായിരുന്നു. നടിമാരെ കുറിച്ച് വളരെ മോശം രീതിയില്‍ മറ്റുളളവരോട് പറയുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുണ്ടായിരുന്നു.
ഡബ്ല്യൂസിസിയില്‍ എത്തിയതിന് ശേഷമാണ് ഇതിനെക്കുറിച്ചൊക്കെ വിശദമായി അറിഞ്ഞ് തുടങ്ങിയത്. തങ്ങള്‍ തങ്ങളുടെ അനുഭവങ്ങളും രഹസ്യങ്ങളുമെല്ലാം പരസ്പരം പങ്കുവെയ്ക്കുന്നില്ല എന്നുറപ്പാക്കാനുളള ശ്രമം ഉണ്ടായിരുന്നു. ഡബ്ല്യൂസിസി വരുന്നത് വരെ എല്ലാവരും ഒഴുകി നടക്കുന്ന ചെറുദ്വീപുകള്‍ പോലെ ആയിരുന്നുവെന്നും പാര്‍വ്വതി പറയുന്നു. താന്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട് സിനിമയില്‍ കരാറിലെത്തുന്നതിന് മുന്‍പ് സ്‌ക്രിറ്റ് വായിച്ച് നോക്കണമെന്ന് താന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. അതിന്റെ പേരില്‍ താന്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഓ സ്‌ക്രിപ്റ്റ് വായിച്ചിട്ട് മാത്രമേ യെസ് പറയുകയുളളോ എന്നുളള ചോദ്യങ്ങള്‍ താന്‍ കേട്ടിട്ടുണ്ട്.
എന്താണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്ന് അറിയാനുളള അവകാശം പോലും തെറ്റാണെന്ന തരത്തിലാരുന്നു കാര്യങ്ങള്‍. സ്ത്രീകള്‍ക്ക് സ്വന്തമായി അധികാരങ്ങളൊന്നും ഇല്ലെന്ന തരത്തിലാണ് അവര്‍ ഇടപെടുന്നത്. പുതിയ അഭിനേതാക്കളോട് പെരുമാറുക നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും ഔദാര്യത്തിലാണ് അവരെ സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്ന തരത്തിലാണ് എന്നും പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. നേരത്തെയും അമ്മ നേതൃത്വത്തിനെതിരെ പാര്‍വ്വതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുളളതാണ്.