കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടനും എഎംഎംഎ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത താര സംഘടനയായ എഎംഎംഎയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍.

മലയാളത്തിലെ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നസെന്റും ഇടവേള ബാബുവും വേട്ടക്കാരെ പോലെയാണെന്നും ഇവര്‍ പ്രവര്‍ത്തിക്കുന്ന താര സംഘടനയില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു ഇരിയ്ക്കുവാന്‍ യോഗ്യനാണോയെന്നു സ്വയം ചിന്തിയ്ക്കണമെന്നും കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെയാണ് ഭാരവാഹികള്‍ മോഹന്‍ലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നടപടിയെടുപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഎംഎംഎയുടെ നിയമാവലിപ്രകാരം പ്രസിഡന്റ് ആണ് മാധ്യമ വക്താവ്. ഇടവേള ബാബു ചാനലില്‍ പോയി സംഘടനയിലെ കാര്യങ്ങള്‍ സംസാരിച്ചത് നിയമാവലിക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.