സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദൃശ്യം 2. ജോര്‍ജ് കുട്ടിയും കുടുംബവും ധ്യാനത്തിന് പോയതിനെക്കുറിച്ചും അതിന് ശേഷമുള്ള സംഭവങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്നായിരുന്നു ആരാധകര്‍ ആവശ്യപ്പെട്ടത്.

അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. അടുത്തിടെയായിരുന്നു സംവിധായകനും സംഘവും ഇതേക്കുറിച്ച് പ്രഖ്യാപിച്ചത്. ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യം 2നെക്കുറിച്ച് ജീത്തു ജോസഫ് പ്രഖ്യാപിച്ചത്. അദ്ദേഹം അഭിനയിക്കുന്ന അടുത്ത സിനിമ ഇതായിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ചുരുങ്ങിയ ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമായാണ് സിനിമയുടെ ചിത്രീകരണമെന്നും, ക്രൂ മെമ്പേഴ്‌സെല്ലാം ഒരുമിച്ചാണ് താമസിക്കുന്നതെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. നിലവിലെ നിയന്ത്രണങ്ങളും സുരക്ഷ മുന്‍കരുതലുമെല്ലാം പാലിച്ചാണ് ദൃശ്യം 2 ചിത്രീകരണമെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. സിനിമയുടെ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
7 വര്‍ഷത്തിന് ശേഷം ജോര്‍ജ് കുട്ടിയായി മോഹന്‍ലാല്‍ വേഷമിട്ടുവെന്നും, അന്ന് നിര്‍ത്തിയ സ്ഥലത്തുനിന്നും വീണ്ടും തുടങ്ങുകയാണെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്. ജീത്തു ജോസഫിനും ആന്റണി പെരുമ്പാവൂരിനുമൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്. താന്‍ ദൃശ്യം 2 ല്‍ ജോയിന്‍ ചെയ്തുവെന്നറിയിച്ച് മോഹന്‍ലാലും എത്തിയിട്ടുണ്ട്. നാളുകള്‍ക്ക് ശേഷമായാണ് അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സിനിമസീരിയല്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.
ബിഗ് ബോസ് ചിത്രീകരണവുമായി ബന്ധപ്പെട്ട ചെന്നൈയിലേക്ക് പോയ മോഹന്‍ലാല്‍ അടുത്തിടെയായിരുന്നു കൊച്ചിയിലെത്തിയത്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുമ്പോള്‍ ആ ചിത്രവും സൂപ്പര്‍ഹിറ്റായി മാറട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോര്‍ഡ് ദൃശ്യത്തിന്റെ പേരിലാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. റാം സിനിമയുടെ ഇടവേള സമയത്താണ് ജീത്തു ദൃശ്യം 2 പ്ലാന്‍ ചെയ്തത്.