THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Cinema ഷക്കീലയും സില്‍ക്കും സണ്ണിയും

ഷക്കീലയും സില്‍ക്കും സണ്ണിയും

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരുകാലത്ത് തിളങ്ങിനിന്ന നായികമാരില്‍ ഒരാളാണ് നടി സില്‍ക്ക് സ്മിത. സൂപ്പര്‍താര സിനിമകളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമായി അന്ന് നടി തിളങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് നടി സിനിമയില്‍ സജീവമായിരുന്നത്. മാദക റാണിയായി തിളങ്ങിയെങ്കിലും ഇന്നും എല്ലാവരുടെയും മനസുകളില്‍ ഒരു നൊമ്പരമായി നില്‍ക്കുകയാണ് സില്‍ക്ക് സ്മിത.

adpost

കഴിഞ്ഞ ദിവസമാണ് സില്‍ക്ക് സ്മിത ഓര്‍മ്മയായി 24വര്‍ഷം പൂര്‍ത്തിയായത്. 1996ല്‍ 35ാമത്തെ വയസിലാണ് നടി മരണപ്പെട്ടത്. അതേസമയം സില്‍ക്ക് സ്മിത ഉള്‍പ്പെടെയുളള നടിമാരെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സിനിമാ സംബന്ധിയായ എഴുത്തുകളിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസ് ജി ആണ് നടിമാരെ കുറിച്ചുളള കുറിപ്പുമായി എത്തിയത്.

adpost

ചില വേറിട്ട ഒറ്റയടിപ്പാതകളുണ്ട്. പൊതുബോധങ്ങളോട് പുറംതിരിഞ്ഞ്, ഏകാകികളായി പോകുന്ന മനുഷ്യര്‍ക്കു മുന്നില്‍ നീളുന്ന ഒറ്റയടിപ്പാതകള്‍. എം.ടിയുടെ വിഖ്യാതമായ സിനിമ ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന പേരുപോലെ വേറിട്ടോര്‍ക്കു മുന്നില്‍ മാത്രം തെളിയുന്ന ഒറ്റയടിപ്പാതകള്‍. ഒരു രാജ്യം മുഴുവന്‍ ഉണ്ടായിരുന്നിട്ടും സിദ്ധാര്‍ത്ഥ രാജകുമാരനെ ബോധോദയത്തിലേക്ക് നയിച്ച ഒറ്റയടിപ്പാത. വാര്‍പ്പു മാതൃകകളുടെ കൂട്ടത്തില്‍ നിന്ന് ഇറങ്ങിപ്പോന്നവരുടെ, പുറത്താക്കപ്പെട്ടവരുടെ ഒരു ഏകാന്ത ലോകത്തിലാവണം അത്…

തീര്‍ച്ചയായും അവിടെ അവര്‍ക്ക് സ്വയം നീതികരിക്കാനും സധൂകരിക്കാനും കൃത്യമായ കാരണങ്ങള്‍ കാണും. കഥകളായി കേട്ട്, പുച്ഛത്തോടെ തള്ളിക്കളയുന്ന ആ നെറികെട്ട പൊതുബോധങ്ങളെ തകര്‍ക്കാന്‍ തക്ക കരുത്തുള്ള ആ സധൂകരണങ്ങള്‍ വെറും തേങ്ങാക്കുലകളല്ല. ലൈംഗിക തൊഴില്‍ തിരഞ്ഞെടുത്ത വ്യക്തി പറയുന്ന കാരണം കേട്ട്, അത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്ന ആ സോ കാള്‍ഡ് പ്രബുദ്ധ ജനതയുടെ ഇടയില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്ത് കടക്കാനായത് ഭാഗ്യമായി സ്വയം കരുതുന്നു.

എന്തെന്നാല്‍ പരമ്പരാഗതവും വ്യവസ്ഥാപിതവുമായ നീതിയെയും നീതികൊണ്ടുള്ള നീതികേടിനെയും ഇന്നേറ്റം അറിയുന്നു എന്നതുകൊണ്ട് തന്നെ. നായക നടി, ചീത്ത നടി എന്നിങ്ങനെ അയിത്താചാരണം സിനിമയിലും സമൂഹത്തിലും നിലനിന്നിരുന്ന 90’കളില്‍ ആയിരുന്നു എന്റെ ബാല്യം. ‘പുഴയോരത്ത് പൂന്തോണി എത്തീല്ലാ…”ഏഴിമല പൂഞ്ചോലാ…’എന്നൊക്കെ പാടി മൃദു ഭാവങ്ങളോടെ, പട്ടുപോലുള്ള മിനുത്ത അര്‍ദ്ധനഗ്‌ന ശരീരം കാട്ടി ഡയനോരയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടീവിയിലെ ‘ചിത്രഗീത’ങ്ങളില്‍ തെളിഞ്ഞു നിന്ന സില്‍ക് സ്മിത ‘ചീത്തനട്യാ…’ എന്ന പ്രാഥമിക പൊതുവിജ്ഞാനം ഉള്ളില്‍ കടന്നു വരുന്നത് മുതിര്‍ന്നവരുടെ ചില ‘വര്‍ത്താന’ങ്ങളില്‍ നിന്നാണ്.

ആ ‘ടൈപ്പ്’ നടിമാര്‍ മോശം നടികളാണെന്ന് മനസ്സില്‍ മുദ്രകുത്തപ്പെട്ടു. 96ല്‍ സില്‍ക് സ്മിതയുടെ മരണവാര്‍ത്തയുമായി വന്ന പത്രം നോക്കി അമ്മയും ഓപ്പയും നെടുവീര്‍പ്പിട്ടു. ‘സുന്ദര്യാര്‍ന്നു..പാവാര്‍ന്നു..അതിന്റ യോഗം.. തുടങ്ങി മരിച്ചുപോയാല്‍ മാത്രം ഒരു വ്യക്തിയെ പറ്റി പറയാറുള്ള പൊതുപദങ്ങള്‍ നിരത്തി വച്ചു. സില്‍ക്കിന് ശേഷം കേരളത്തില്‍ ‘ഷക്കീല തരംഗം’ ഉണ്ടായി. സോഫ്റ്റ് പോണ്‍ സിനിമകളുടെ അതിപ്രസര കാലം. കോടികള്‍ ലാഭം നേടിയ നിര്‍മ്മാതാക്കള്‍. പഴി കേട്ട അതിലെ നടിമാര്‍…

രണ്ടായിരങ്ങളുടെ മധ്യകാലം വരെ നീണ്ടു നിന്നു ആ സോഫ്റ്റ് പോണ്‍ ചലച്ചിത്ര ശാഖ. ആ കാലഘട്ടത്തില്‍ വള്ളുവനാട്ടിലെ ഒരു സദാചാര ഗ്രാമത്തിലെ യു.പി സ്‌കൂളില്‍ നിക്കറിട്ടു, മൃദുലവും രോമരഹിതവുമായ തുട കാണാന്‍ പാകത്തിന് നിക്കറിട്ടു നടക്കുന്ന ഒരു പന്ത്രണ്ടു വയസ്സുകാരന്‍ ഉണ്ടായിരുന്നു. ക്ലാസ്സിലെ ചില തലമുതിര്‍ന്നവര്‍ അവനെ അക്കാരണത്താല്‍ തന്നെ ‘ഷക്കീല’ എന്ന ഇരട്ടപ്പേരിട്ട് വിളിക്കാന്‍ തുടങ്ങി. തികഞ്ഞ യഥാസ്ഥിതിക വാദികളുടെ ലോകത്ത് ജീവിച്ചിരുന്ന ആ കൊച്ചു പയ്യനെ സംബന്ധിച്ചിടത്തോളം അതിലും വലിയ അപമാനമുണ്ടോ? തുടകള്‍ മറച്ചു കിട്ടാന്‍ പാന്റ്‌സ് വേണം.

അതിനായി ആ കുട്ടി വീട്ടില്‍ ആവശ്യം അറിയിച്ചു വാശിപിടിച്ചു. പക്ഷേ, രണ്ടോ, മൂന്നോ ആണ്ടു കൂടുമ്പോള്‍ മാത്രം ഓണത്തിന് ‘കോടി’ മണം പരക്കുന്ന ആ വീട്ടിലെ ചുറ്റുപാടുകള്‍ അവനെ കയ്യൊഴിഞ്ഞു. നഗ്‌നമായ തുടകളില്‍ അതിക്രമിച്ചു കടക്കുന്ന ചില പരുപരുത്ത ‘തലതെറിച്ചോ’രുടെ കൈകളും ‘ഷക്കീല’വിളികളും അത് കേള്‍ക്കെ ഉറക്കെ പൊട്ടിച്ചിരിക്കുന്ന ക്ലാസ്സിലെ പെണ്‍പടകളുടെ ബോധക്കേടും അവനെ അങ്ങേയറ്റം അപമാനിതനാക്കി. മണ്ണാര്‍ക്കാടോ, പാലക്കാടോ ഉള്ള യാത്രവേളകളില്‍ നഗരഭിത്തികളിലെ സിനിമ പോസ്റ്ററുകളില്‍ കൊഴുത്ത തുടകള്‍ കാട്ടി ‘അരിയാട്ടുന്ന’, ചെറിയ ബാത്ത് ടവല്‍ ചുറ്റി കുളിക്കുന്ന ‘ഷക്കീല’യെ കാണുമ്പോള്‍ വെറുപ്പോടെ മുഖം തിരിക്കുന്ന കുട്ടി.

കുഞ്ഞുമനസ്സില്‍ വെറുപ്പിന്റെ എവറസ്റ്റ് കീഴടക്കിയ ‘ഷക്കീല’. കാലം പിന്നെയും കടന്നുപോയി. പൊതുബോധങ്ങളുടെ പുറംതോട് പൊട്ടിച്ചു പുറത്തുവരാന്‍ പലരും, പല സന്ദര്‍ഭങ്ങളും കാരണമായി. ആ അപക്വ ബാലനില്‍ നിന്ന് ഞാനുണ്ടായി. വിസ്മൃതികളെ കുടഞ്ഞെറിഞ്ഞുകൊണ്ട് അപ്പോഴേക്കും ഷക്കീലയും സമൂഹത്തിന്റെ മുന്നില്‍ തന്റെ തുറന്ന ജീവിതവുമായി എത്തിയിരുന്നു. എന്റെ ഉള്ളിലെ അവസാനവെറുപ്പിന്റെ കണികയും ആരാധനയാക്കി, സ്‌നേഹമാക്കി മാറ്റിയിരുന്നു ഷക്കീല അന്നേരം.

ജീവിതത്തില്‍ ഉണ്ടായ ആ ‘ഷക്കീലാനുഭവം’ ഒന്നരക്കൊല്ലം മുമ്പ് ഇതേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചിരുന്നു. മലയാളം അറിയാത്ത എന്റെ ഒരു കസിന്‍ പോസ്റ്റിലെ ഫോട്ടോ കണ്ട്, ശൃംഗാര സ്‌മൈലിയോടെ, ഉദ്യേഗത്തോടെ ‘ഷക്കീലയെ പറ്റി എന്താ എഴുതിയത്? ഇന്‍ട്രസ്റ്റിംഗാ? ‘എന്ന ചോദ്യവുമായി വന്നു. നാട്ടിലെ കേശവന്മാമന്മാരും ഷക്കീല ചിത്രത്തിനപ്പുറം മറ്റൊന്നും അന്വേഷിച്ചില്ല. എന്നാല്‍, മറ്റൊരിക്കല്‍ ജ്യേഷ്ഠനുമായുള്ള ഒരു കുടുംബകലഹത്തിനിടയില്‍ ‘നിനക്ക് എന്ത് ഒലക്കേ അറിയാ? ഷക്കീലടെ അളവോ?’ എന്ന വിടത്വം നിറഞ്ഞ ചോദ്യം ഉണ്ടായതും അതേ പോസ്റ്റിന്റെ പേരിലായിരുന്നു.

എന്റെ സകല അമര്‍ഷവും ബോധോദയത്തിന്റെ കാഴ്ചയില്ലാത്ത ആ അന്ധജനതയോടുള്ള സഹതാപകരമായ മൗനമായി മാറി. പെണ്ണുടലളവുകള്‍ മാത്രമാണ് പെണ്ണിന്റ വ്യക്തിത്വം എന്ന് വിശ്വസിക്കുന്ന, അതിനപ്പുറം ഒന്നും അന്വേഷിക്കാന്‍ മെനക്കേടാത്ത, അംഗീകരിക്കാത്ത പാരമ്പര്യബോധക്ഷയങ്ങളുടെ വിഴുപ്പ് ചുമക്കുന്ന കഴുതകള്‍. ഷക്കീല എന്ന വ്യക്തി തന്നെ തന്റെ ജീവിതം പറഞ്ഞുകൊണ്ട് ഒരുപാട് പേര്‍ക്ക് മനുഷ്യന്‍ എന്ന നിലയില്‍ മാര്‍ഗ്ഗദര്‍ശി ആയിട്ടുണ്ട്.

ഇന്ന് സില്‍ക് സ്മിത ഇക്കിളി ഓര്‍മ്മകള്‍ അല്ലാതെ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിക്കപ്പെടുന്നതും, പോണ്‍സ്റ്റാര്‍ സണ്ണി ലിയോണ്‍ കൂടുതല്‍ സ്വീകാര്യ ആകുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്. ജീവിതം എന്തെന്ന്, ലോകം എന്തെന്ന് ചിന്തിക്കാന്‍, ചിന്തിപ്പിക്കാന്‍ ഷക്കീലയും സില്‍ക്കും സണ്ണിയും ഒക്കെ എഴുതേണ്ടുന്ന, ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയങ്ങള്‍ ആകുന്നതും ആയതിനാല്‍ തന്നെയാണ്. സദാചാരകൂപമണ്ഡൂകങ്ങള്‍ക്ക് ബോധോദയം ഉണ്ടാവാന്‍ ഓപ്പണ്‍ ചര്‍ച്ചകളും എഴുത്തുകളും ഉണ്ടയിക്കൊണ്ടേയിരിക്കണം. പൊതുബോധപുച്ഛരസങ്ങളോട് പുറംതിരിഞ്ഞുകൊണ്ടു തന്നെ. വിപിന്‍ദാസ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com