ചെന്നൈ: രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടിംഗ് ലോക്കേഷനിൽ കൊറോണ പടരുന്നു. ലൊക്കേഷനിലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചിത്രീകരണം തത്ക്കാലം നിർത്തിവെച്ചു. രജനികാന്ത് ചെന്നൈിലേക്ക് മടങ്ങും. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിംഗ്.

രജനികാന്തിനെ കൂടാതെ നയൻതാര, കീർത്തി സുരേഷ്, ഖുശ്ബൂ സുന്ദർ, മീന, ജാക്കി ഷറോഫ്, പ്രകാശ് രാജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അണ്ണാത്തെ. 45 ദിവസത്തെ ഷൂട്ടിങ്ങാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തി വെയ്ക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലുകൾ എല്ലാം സ്വീകരിച്ചിട്ടും കൊറോണ സ്ഥിരീകരിച്ചതിന്റെ നടുക്കത്തിലാണ് അണിയറ പ്രവർത്തകർ.

സഹപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രജനികാന്തും മറ്റ് താരങ്ങളും ക്വാറന്റീനിൽ പോയേക്കുമെന്നാണ് വിവരം. രജനികാന്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ശിവയാണ് അണ്ണാത്തെ സംവിധാനം ചെയ്യുന്നത് . ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.