സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ട ഇടമാണ് ശ്രീലങ്കയോട് അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയുടെ ദേശീയോദ്യാനം ഗള്‍ഫ് ഓഫ് മന്നാര്‍. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെ സമുദ്രത്തിലുള്ള ദ്വീപ സമൂഹങ്ങളില്‍ ഏറ്റവും മനോഹരമായതും കാഴ്ചയില്‍ വ്യത്യസ്തമായതുമായ ഒരു ദ്വീപാണ് വാന്‍ ദ്വീപ്. അതി സൂക്ഷ്മവും വൈവിധ്യമാര്‍ന്നതുമായ ജൈവസമ്പത്തിന്റെ കാര്യത്തില്‍ ഈ ദ്വീപ് ഏറെ മുന്നിലാണെങ്കിലും ഓരോ ദിവസവും അല്‍പ്പാല്‍പ്പമായി കടലിലേക്ക് താഴുകയാണ് ഈ ദ്വീപ്.

ഗള്‍ഫ് ഓഫ് മന്നാറിന്റെ ഭാഗമായി സ്ഥിതിചെയ്യുന്ന ആകെയുള്ള 21 ദ്വീപുകളിലൊന്നാണ് ഈ വാന്‍ ദ്വീപ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വ് കൂടിയാണ് ഈ ദ്വീപ്. പൊതുവേ ഈ ദ്വീപ സമൂഹത്തിന് വളരെ ആഴം കുറ!ഞ്ഞ കടലിടുക്കാണുള്ളത് എന്നതിനാല്‍ തന്നെ പരിസ്ഥിതിയിലും കാലാവസ്ഥയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മൂലം ഇവിടം ഓരോ ദിവസവും വലിപ്പം കുറഞ്ഞ് കടലിലേയ്ക്ക് താഴുകയും ചെയ്യുകയാണ്.

1986ല്‍ നടത്തിയ സര്‍വെ പ്രകാരം 16 ഹെക്ടര്‍ ഉണ്ടായിരുന്ന ദ്വീപിന്റെ വിസ്തീര്‍ണം 2014 എത്തിയപ്പോള്‍ രണ്ട് ഹെക്ടറായി കുറഞ്ഞു. അത്ഭുതകരമായ ജൈവ വൈവിദ്ധ്യമുള്ള പ്രത്യേക ആവാസ വ്യവസ്ഥ എന്നാണ് ഈ ദ്വീപിനെ യുനെസ്‌കോ നല്‍കിയിട്ടുള്ള വിശേഷണം. അതേസമയം ഈ ദ്വീപിനെയും ഇവിടുത്തെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തമിഴ്‌നാട് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇവിടെ കൃത്രിമ പവിഴപ്പുറ്റുകളും മണല്‍ത്തിട്ടകളും ഒക്കെ വളരെ കാലമായി സ്ഥാപിച്ചിട്ടുണ്ട്.
എന്തൊക്കെ തരത്തിലുള്ള മുന്‍കരുതല്‍ എടുത്താലും 2022 ആകുന്നതോടെ ദ്വീപ് പൂര്‍ണ്ണമായും കടലില്‍ ആഴുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള വിദഗ്ദ്ധപഠനങ്ങള്‍നല്‍കുന്ന സൂചന. നിലവില്‍ അധികൃതര്‍ സഞ്ചാരികള്‍ക്ക് ഇവിടേയ്ക്ക് പ്രവേശനം നല്‍കാറില്ല. അത്രയധികം ആഗ്രഹമുള്ള സഞ്ചാരികള്‍ക്ക് വാന്‍ ദ്വീപില്‍ പോകുവാന്‍ സാധിച്ചില്ലെങ്കിലും സമീപമുള്ള മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വ്വായ ഗള്‍ഫ് ഓഫ് മാന്നാര്‍ ബയോസ്ഫിയര്‍ റിസര്‍വ്വ് വരെ പോകാന്‍ സാധിക്കും.
തമിഴ്‌നാട് സംസ്ഥാനത്തിന്റെ കടലോരങ്ങളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം,? തൂത്തുക്കുടിക്കും ധനുഷ്‌ക്കോടിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിന്റെ സമുദ്ര തീരത്തു നിന്നും ഒന്നു മുതല്‍ 10 കിലോമീറ്റര്‍ വരെ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ 160 കിലോമീറ്റര്‍ നീളത്തിലാണ് ഈ ജൈവ വൈവിധ്യ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നത്.