THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, September 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Columns ജാഗ്രത പാലിക്കുക, തീവ്രവാദത്തിന്റെ വിത്തുകള്‍ കേരളത്തിലുമുണ്ട് (ജെയിംസ് കൂടല്‍)

ജാഗ്രത പാലിക്കുക, തീവ്രവാദത്തിന്റെ വിത്തുകള്‍ കേരളത്തിലുമുണ്ട് (ജെയിംസ് കൂടല്‍)

ക്യരാഷ്ട്രസഭയുടെ ഗൗരവമുള്ള ഒരു മുന്നറിയിപ്പിന്റെ ചൂടാറും മുമ്പ് ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ട മൂന്നു പേരെ കൊച്ചിയില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റു ചെയ്തത്, ജിഹാദികള്‍ കേരളത്തിലും വേരൂന്നിയിട്ടുണ്ട് എന്നതിനുള്ള കൃത്യമായ ഉദാഹരണമാണ്. കൊച്ചിയില്‍ പിടിക്കപ്പെട്ടവര്‍ അല്‍ ഖൈ്വദ എന്ന ഭീകര സംഘടനയുടെ പിണിയാളുകളാണ്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത് ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖൈ്വദ ഭീകര സംഘടനകളുടെ ഭീഷണി ഇന്ത്യയ്ക്ക് ഉണ്ടെന്നാണ്. അതില്‍ കേരളവും ഉള്‍പ്പെടുന്നു. പല കാലങ്ങളിലും പല ആഗോള സമാധാന സംഘടനകള്‍ തീവ്രവാദം ലോകരാജ്യങ്ങളില്‍ വ്യാപിക്കും എന്ന് നല്‍കിയ മുന്നറിയിപ്പുകളും ഓര്‍മ്മപ്പെടുത്തലുകളും വകവയ്ക്കാതെ എല്ലാം നിസ്സാരമായി കാണുന്ന പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ നിന്നും ഭീകര സംഘം പിടിയിലായത്.

adpost

എന്‍.ഐ.എ കേരളത്തിലം പെരുമ്പാവൂരിലും ബംഗാളിലെ മുര്‍ഷിദാബാദിലും ഒരേ സമയത്തു നടത്തിയ ഓപ്പറേഷനില്‍ ഒമ്പത് ഭീകരരാണ് പിടിയിലായത്. ഇത് ഭീകര സംഘടനകളുടെ ഭീഷണി വിശകലനം ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്ര സഭാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ കൃത്യതയുടെ അടയാളമാണ്. അങ്ങനെ കേരളം ഭീകരരുടെ ഒളിത്താവളമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഒരുപക്ഷേ നമ്മുടെ അയല്‍പ്പക്കങ്ങളിലും ഇത്തരത്തിലുള്ള ആള്‍ക്കാര്‍ താമസിക്കുന്നുണ്ടായിരിക്കാം. ബംഗാളികള്‍ എന്ന ഓമനപ്പേരില്‍ കേരളത്തില്‍ ചേക്കേറിയിട്ടുളള എല്ലാവരേയും ഒരുപോലെ വിശ്വാസത്തിലെടുക്കാനാകില്ല. കൊച്ചിയില്‍ ഏലൂര്‍ പാതാളത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന മുര്‍ഷിദ് ഹസ്സന്‍ ആണ് പിടിക്കപ്പെട്ടവരില്‍ ഒരാള്‍. അയല്‍പക്കത്തുള്ളവര്‍ ഇയാള്‍ ഒരു അന്യസംസ്ഥാന തൊഴിലാളിയാണ് എന്നാണ് വിശ്വസിച്ചിരുന്നത്. പക്ഷേ, മുര്‍ഷിദിന്റെ പ്രവര്‍ത്തനങ്ങള്‍ ഭീകരവാദത്തിന്റെ വിത്ത് ഇന്ത്യയില്‍ വിതയ്ക്കുന്നതിനു വേണ്ടിയായിരുന്നു.

adpost

അതുപോലെ തന്നെയാണ് പിടിക്കപ്പെട്ടവര്‍ അതാത് സ്ഥലങ്ങളില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ ജീവിച്ചിരുന്നത്. കൊച്ചു കേരള സംസ്ഥാനത്തെ ഒരിക്കലും ഭീകരഭീഷണിയില്‍ നിന്നു മാറ്റി നിര്‍ത്താനാവില്ല. ഡല്‍ഹിയിലോ മുംബൈയിലോ കൊല്‍ക്കത്തയിലോ പ്ലാന്‍ ചെയ്യുന്ന ഉഗ്ര സ്‌ഫോടനങ്ങളുടെ വക്താക്കള്‍ തിരഞ്ഞെടുക്കുന്നത് കേരളത്തിലെ ഏതെങ്കിലും ഒരു ഉള്‍ഗ്രാമമായിരിക്കും. അവിടെ നിന്നാണ് മെട്രോപോളീറ്റന്‍ നഗരങ്ങളെ തകര്‍ക്കാന്‍ പ്രാപ്തമായ ഉഗ്ര സ്‌ഫോടനങ്ങളുടെ മരുന്നുകള്‍ പ്രവഹിക്കുക. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഭീകരവാദികളുടെ ഇടത്താവളങ്ങളിലൊന്നു കേരളമാണെന്ന റിപ്പോര്‍ട്ടുകളെ പാടെ അവഗണിച്ചു കൊണ്ട് രാഷ്ട്രീയം കളിക്കുന്നവര്‍ ഇനി ജാഗ്രത പുലര്‍ത്തണം എന്നാണ് ആവശ്യപ്പെടാനുള്ളത്.

കോവിഡ് 19 വൈറസിനെക്കാള്‍ തീവ്രമാണ് ജിഹാദികളുടെ തലച്ചോറില്‍ അടിഞ്ഞുകൂടിയിട്ടുള്ള തീവ്രവാദ ചിന്താഗതിയുടെ വേഗവ്യാപനം. കേരളത്തില്‍ ജനിച്ചു വളര്‍ന്നവര്‍ തന്നെ മാവോ വാദികളാകുമ്പോള്‍, അല്ലെങ്കില്‍ കാടിന്റെ മറവില്‍ നിന്ന് ഒളിയുദ്ധം ചെയ്യുന്ന മാവോയിസ്റ്റുകളാകുമ്പോള്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള തീവ്രവാദ സംഘടനകളിലേക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചെറുപ്പക്കാരെ പ്രലോഭിപ്പിച്ച് കൊണ്ടുവരാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വാഗമണ്ണില്‍ സിമിയുടെ റിക്രൂട്ടിങ്ങ് ക്യാമ്പ് നടന്നു എന്നുള്ള വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളായിരുന്നില്ല. കൃത്യമായി അവിടെ നടന്നത് തീവ്രവാദ സംഘങ്ങളിലേക്കുള്ള അണിചേര്‍ക്കലായിരുന്നു. ഇതൊക്കെ അതാത് സമയങ്ങളില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലൂടെ അധികാര വര്‍ഗ്ഗത്തിന്റെ ചെവിയിലെത്തിയിട്ടുമുണ്ട്. പക്ഷേ, കണ്ടില്ലെന്നു നടിച്ചു.

കേവലമായ രാഷ്ട്രീയ താത്പര്യത്തില്‍ നിന്നുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും വച്ചു വിലപേശുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ചൊല്‍പ്പടിക്ക് വോട്ടു ചെയ്യാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു ഇവിടുത്തെ ജനങ്ങള്‍. അവരുടെ ഉറക്കം കെടുത്തിയിട്ട് പൂമെത്തയിലുറങ്ങുന്നവരുടെ സമാധാനവും സുഖനിദ്രയും താമസം വിനാ ചോദ്യം ചെയ്യപ്പെടും. കൊച്ചിയില്‍ പിടിക്കപ്പെട്ടവര്‍ അതിനുള്ള ഉത്തരം നല്‍കുമോ എന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു. ഏതാണ്ട് പത്തു വര്‍ഷമായി ഭീകരര്‍ കേരളത്തില്‍ താമസമുറപ്പിച്ചിട്ടുണ്ട് എന്ന വിവരം കാലേകൂട്ടി അറിഞ്ഞിട്ടും അവരെ ഒന്നു ചുണ്ണാമ്പു തൊട്ടു മാര്‍ക്കു ചെയ്യുവാന്‍ പോലും കേരളത്തിന്റെ സന്നാഹങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് ലജ്ജാകരമാണ്.

ജനാധിപത്യ പ്രക്രിയയില്‍, അതിന്റെ അന്തസത്ത ഹൃദയത്തില്‍ ഏറ്റു വാങ്ങിക്കൊണ്ട് വോട്ടു ചെയ്യുന്ന ശരാശരി പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ പറ്റാത്ത ജനപ്രതിനിധികള്‍ നമുക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട ഘട്ടമായിരിക്കുന്നു. കൊച്ചിയില്‍ മൂന്നു പേര്‍ പിടിക്കപ്പെട്ടപ്പോള്‍ കേരളം ഭീകരരുടെ ഒളിത്താവളമായി എന്ന് പ്രസ്താവിക്കുന്നവരുടെ ഉളുപ്പില്ലാത്ത വര്‍ത്തമാനങ്ങള്‍ കേരളം കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പറയുന്നവര്‍ ഏതെങ്കിലും കാലഘട്ടങ്ങളില്‍ ഭരണത്തിന്റെ സുഖം അനുഭവിച്ചിട്ടുള്ളവരാണ്. ദന്തഗോപുരവാസികളായ അവരുടെ വാക്കുകളിലൂടെ പ്രവഹിക്കുന്ന ഉച്ഛിഷ്ടത്തിന്റെ അണുക്കളെ പ്രതിരോധിക്കാന്‍ പുതിയ തരം വാക്‌സിനുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഭീകരരെ സംബന്ധിച്ചിടത്തോളം കേരളം ഒളിത്താവളം തന്നെയാണ്. ഈ കൊച്ചു സംസ്ഥാനത്ത് ഒരു ബ്രഹ്മാണ്ട സ്‌ഫോടനം നടത്തിയിട്ട് അവര്‍ക്ക് ഒന്നും നേടാനില്ല. ഭീകരര്‍ ഉന്നം വയ്ക്കുന്നത് ഇന്ത്യയുടെ ഹൃദയമാണ്. മറ്റൊരു വിധത്തില്‍ ഇന്ത്യയുടെ ശിരസ്സാണ്… ഇന്ത്യയുടെ തലസ്ഥാനമാണ്… ന്യൂഡല്‍ഹിയാണ്… തലയ്ക്ക് അടിയേറ്റാല്‍ പിന്നെ ആസന്ന മരണം. ഇന്ത്യയുടെ തലസ്ഥാനത്തെ ആക്രമിക്കാന്‍ പാകത്തില്‍ കിടക്കുന്ന പാദമായി കേരളത്തെ കാണുന്നതില്‍ തെറ്റില്ല. ഓപ്പറേഷനുകള്‍ സുഗമമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യയും ബുദ്ധിയുള്ള ചെറുപ്പക്കാരേയും കിട്ടിയാല്‍ അതിനപ്പുറം ലക്ഷ്യപ്രാപ്തിക്കു വേറൊന്നുമില്ല.

കേരളം പോലുള്ള ഒളിത്താവളങ്ങളില്‍ നിന്നു കൊണ്ട് അയല്‍പക്കക്കാരുടെ സ്‌നേഹാദരങ്ങളേറ്റു വാങ്ങിക്കൊണ്ട് ജീവിക്കുന്ന മാന്യനായ ഒരു ചെറുപ്പക്കാരന്‍ നാളെ ഇന്ത്യന്‍ തലസ്ഥാനത്ത് നടത്തുവാന്‍ പോകുന്ന ഉഗ്ര സ്‌ഫോടനത്തിന്റെ തലച്ചോറാണ് എന്ന് അറിയുമ്പോഴുള്ള ഞെട്ടലാണ് കേരളത്തില്‍ ഭീകരവാദികള്‍ അറസ്റ്റിലായപ്പോള്‍ നമുക്കുണ്ടായത്. ഇവിടെ ജാതി മത വര്‍ഗ്ഗ വര്‍ണ ഭേദമെന്യെ ഏവരും വലിയ കുഴപ്പമൊന്നുമില്ലാതെ ജീവിക്കുന്നുണ്ട്. അതിനു കാരണം പരമ്പരാഗതമായി നമുക്കു കിട്ടിയ, നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള സഹിഷ്ണുതയുടെ രക്താണുക്കളാണ്. അത് സിരകളില്‍ പടര്‍ന്നൊഴുകുന്നിടത്തോളം കാലം കേരളീയനെ മതമൗലിക വാദത്തിന്റെയോ ജാതി ചിന്തയുടേയോ അയിത്തത്തിന്റെയോ പരിസരത്തു പോലും അടുപ്പിക്കാനാവില്ല.

കേരളത്തിന്റെ ജനാധിപത്യ ഭരണവുമായി ബന്ധപ്പെട്ടുകൊണ്ട് എല്ലാ കാലങ്ങളിലും വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും താന്‍പോരിമയും ഈ നാടിന് പുത്തരിയൊന്നുമല്ല. പക്ഷേ, ഒരു തിരഞ്ഞെടുപ്പു വരുമ്പോള്‍, ജനാധിപത്യ മര്യാദയുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍, പോളിങ്ങ് ബൂത്തിലേക്ക് നടന്ന് ചെല്ലുന്നതിനു മുമ്പു തന്നെ മലയാളി വോട്ടര്‍മാര്‍ ഒരു തീരുമാനം എടുത്തിരിക്കും… എന്റെ വോട്ട് ഇന്ന ആള്‍ക്ക് ആണെന്ന്. അളന്നും കുറിച്ചുമുള്ള നിഷ്പക്ഷമതികളുടെ ആ വോട്ടുകളാണ് കേരളത്തില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. ഇന്നലെ അങ്ങനെയായിരുന്നു. ഇന്നും ഇനിയെന്നും അങ്ങിനെതന്നെയായിരിക്കും.

ജനാധിപത്യ പ്രക്രിയയില്‍ കണ്ണിയാവാന്‍ സാമാന്യ ജ്ഞാനം മാത്രം മതി. നമ്മുട പോളിങ്ങ് ശതമാനം ഏതാണ്ട് തൊണ്ണൂറിനോടൊക്കെ അടുക്കുമ്പോള്‍ കേരളീയര്‍ പ്രകടമാക്കുന്നത് തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയാണ്. തുറന്ന കണ്ണോടു കൂടി ജനാധിപത്യത്തിന്റെ കാവലാളുകളായി തികഞ്ഞ ജാഗ്രതയോടെ ഇരിക്കുന്ന കേരളത്തിന്റെ ദേശാഭിമാനികളെ മറികടന്നുകൊണ്ട് ഇവിടെയൊരു തീവ്രവാദ സംഘടനയ്ക്കും പ്രവര്‍ത്തിക്കാനാവില്ല എന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്.

പിടിക്കപ്പെട്ട തീവ്രവാദികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് ഇനി വേണ്ടത്. മാത്രമല്ല കേരളത്തിന്റെ മണ്ണില്‍ വേരൂന്നിയിട്ടുള്ള മൗലികവാദത്തിന്റെ ശേഷിപ്പും കണ്ടെത്തി ഉന്മൂലനം ചെയ്യേണ്ടതുണ്ട്. ഇവിടെ നമുക്ക് രാഷ്ട്രീയഭേദങ്ങളില്ല, മതത്തിന്റെ വേലിക്കെട്ടുകളില്ല, ജാതിയുടെ ബന്ധനങ്ങളില്ല. ഉള്ളത് ഒരുമയുടെ ഒരേയൊരു മുദ്രാവാക്യം മാത്രം. സ്വസ്ഥമായ സാമൂഹിക ജീവിതം തകര്‍ക്കുന്ന ഭീകരവാദികളെ ഉന്മൂലനം ചെയ്യുക എന്ന ശാശ്വതമായ മന്ത്രം മാത്രം…

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com