THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Columns തുടർഭരണത്തിൻ ഗ്രാഫ് പൊങ്ങുന്നതും താനേ താണുപോയതും

തുടർഭരണത്തിൻ ഗ്രാഫ് പൊങ്ങുന്നതും താനേ താണുപോയതും

ജെയിംസ് കൂടൽ

അഞ്ച് വർഷം കൂടുമ്പോഴുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണി മാറി മാറി വരുന്നു എന്നത് ഏതാണ്ടൊരു ആചാരം പോലെ നടന്നുവരുന്നതാണ് കേരളത്തിന്റെ സ്വഭാവം.  ഇത്തവണയും വിശകലനങ്ങൾക്കൊടുവിൽ വെളിവാകുന്നത് ‘തുടർഭരണം’ എന്നത് വെറുമൊരു ‘വായ്ത്താരി’ മാത്രമായിരുന്നു എന്നതാണ്.

തന്നെയല്ല, വളരെ മുമ്പേതന്നെ മാധ്യമ സർവേകളിലെല്ലാം ഇടതുപക്ഷത്തിന് വലിയ മേൽക്കൈ പ്രവചിച്ചത് സത്യത്തിൽ ഗുണം ചെയ്തത് യുഡിഎഫിനാണ്. അക്ഷരാർഥത്തിൽ ~ഒരു ‘ഐക്യ ജനാധിപത്യ മുന്നണി’ ആയി മാറാൻ വലതുമുന്നണിയെ അത് സഹായിച്ചുവെന്നും കാണാവുന്നതാണ്. മറ്റൊന്ന്,  മികച്ച സ്ഥാനാർഥികളെ, യുവജനങ്ങളെ ഒക്കെ ഗ്രൂപ്പ് അതിപ്രസരത്തെ ഒരു പരിധിവരെ മറികടന്ന് പോരാട്ടത്തിനിറക്കുവാനും കൂടുതൽ ജാഗരൂകരാകുവാനും യുഡിഎഫിന് കഴിഞ്ഞു. കൂടാതെ, സാധാരണഗതിയിൽ ഒരു ഒഴുക്കൻ ‘പ്രകടനപത്രിക’ പുറത്തിറക്കുമായിരുന്ന യുഡിഎഫ്, ഇക്കുറി വളരെ ശ്രദ്ധാപൂർവമാണ് അതും ചെയ്തത്. തൊഴിൽരഹിതരുടെ ആശങ്ക, വിശ്വാസികളുടെ ധർമ്മസങ്കടങ്ങൾ എന്നുതുടങ്ങി സാധാരണക്കാരുടെ വികാരങ്ങളെ പരിഗണിക്കുന്നതും പ്രതിവിധി നിർദേശിക്കുന്നതുമായിമാറി യുഡിഎഫ് പ്രകടനപത്രിക.

തന്നെയല്ല, എൽഡിഎഫ് കേരളത്തിൽ തുടർഭരണം നേടാൻ പോകുന്നു, കോൺഗ്രസ് തകർന്നടിയാൻ പോകുന്നു എന്ന രീതിയിലുള്ള മാധ്യമങ്ങളുടെ അമിതപ്രചാരണം ആത്യന്തികമായി യുഡിഎഫിനെ സഹായിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കൊന്നുംതന്നെ കോൺഗ്രസ് അങ്ങിനെ തകർന്നടിയുന്നതിനോട് താൽപര്യമുള്ളവരല്ല.

മറുവശത്ത്, ഇടതുപക്ഷത്തിന്റെ അമിതാവേശം അവർക്കുതന്നെ വിനയായതായാണ് കാണുന്നത്. പാർട്ടി ചിഹ്നമല്ലാതെ നേതാക്കളുടെ ചിത്രം പോലും പോസ്റ്ററിൽ പ്രചരിപ്പിക്കാതിരുന്ന ഒരു കാലത്തുനിന്ന് ഇത്തവണ പിണറായി വിജയന്റെ ചിത്രം മാത്രം വയ്ക്കുന്ന രീതിവരെയായി. എങ്ങും ‘ക്യാപ്റ്റൻ വിളികൾ’ ഉയരുകയായി. അവസാനം ‘താനൊരു ഏകഛത്രാധിപതി അല്ല’ എന്ന്  പിണറായി വിജയനുതന്നെ വ്യക്തമാക്കേണ്ടിവന്നു.

ഇടതുകോട്ടയായ കണ്ണൂർ ജില്ലയിലും കോഴിക്കോട്ടും, എന്നും മേൽക്കൈ നേടിയ കൊല്ലം, ആലപ്പുഴ ജില്ലകളിലുമൊക്കെ മുതിർന്ന നേതാക്കന്മാരെ തഴഞ്ഞ് സിപിഎം രംഗത്തിറക്കിയ സ്ഥാനാർഥികൾ വേണ്ടത്ര ശോഭിച്ചില്ല എന്നുമാത്രമല്ല, പാർട്ടി അണികളിൽ വലിയ പ്രതിഷേധത്തിനും വകവച്ചു. സിപിഎമ്മിന്റെ ‘കോർവോട്ടേഴ്‌സി’നെ നിരാശപ്പെടുത്തുന്നതായി അത്തരത്തിലുള്ള പ്രവൃത്തികൾ.

പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ രാഹുൽഗാന്ധിയും പ്രിയങ്കയുമൊക്കെ കേരളമാകെ ജനമധ്യത്തിൽ തരംഗമായപ്പോൾ മറുവശത്ത് പിണറായി വിജയനല്ലാതെ ജനങ്ങളെ കൂട്ടാൻപോരുന്ന ആരും ഇല്ലായിരുന്നുവെന്നു കാണാം. ഇക്കുറി, മുഖ്യമന്ത്രിയെ മുൻനിർത്തി പോരാടുക എന്നത് പരസ്യ ഏജൻസികളുടെ തന്ത്രമായിരുന്നു. പക്ഷേ, അവരുടെ പി ആർ വർക്ക് പാളിപ്പോയി. എങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം ഇങ്ങനെ താരപ്രചാരകനായി പരിണമിച്ചത് എന്നതിന് ഒരു മുൻചരിത്രമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അതിഭീമമായ തോൽവിയും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചുവരവും ഒക്കെയായി നിൽക്കുകയായിരുന്നു എൽ ഡി എഫ് സർക്കാർ. പ്രതിപക്ഷവുമായി ഏതാണ്ട് തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. ബ്രൂവറി അനുമതി മുതൽ ലോക്കപ്പ് മർദ്ദന കൊലപാതകങ്ങൾ, മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലൽ, പിഎസ്‌സി പരീക്ഷാ വിവാദം, ജനകീയ സമരങ്ങളെ അടിച്ചൊതുക്കൽ, അങ്ങനെ ആവശ്യത്തിന് വിവാദങ്ങളുമായി മുൻതൂക്കം പ്രതിപക്ഷത്തിനായിരുന്നു.

ഇന്ത്യയിൽ ആദ്യം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. തുടർന്ന് കേരളത്തിൽ ഇതിനായുള്ള നടപടികൾ ആരംഭിച്ചു. ഓഖി, നിപ, രണ്ട് പ്രളയകാലം ഇവയൊക്കെ നൽകിയ ആഘാതവുമായാണ് കേരളം ഈ മഹാമാരിയെ നേരിടുന്നത്. ഈ സാഹചര്യത്തിൽ എല്ലാ ദിവസവും ആരോഗ്യമന്ത്രി കെ. കെ. ശൈലജ കൊവിഡ് സംബന്ധിച്ച കാര്യങ്ങൾ ആരോഗ്യവകുപ്പ് ഉദേ്യാഗസ്ഥരുമായി ചേർന്ന് മാധ്യമങ്ങൾക്ക് ബ്രീഫ് ചെയ്യുന്ന പരിപാടി തുടങ്ങി. ഇതിനു ജനം കാതോർത്തതോടെ, പത്രസമ്മേളനം നടത്തുന്ന ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്തു. അധികം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ആറ് മണി പത്രസമ്മേളനം കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾ കാണുന്ന പ്രധാനപ്പെട്ട ഒന്നായി മാറി. അത് ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ഫേസ് ബുക്കിലും ഓൺലൈൻ സൈറ്റുകളിലെ ലിങ്കുകളിലുമൊക്കെയായി വ്യാപകമായി പ്രചരിച്ചു.

ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനം എന്നത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്നായി മാറിയതോടെയാണ് മുഖ്യമന്ത്രിയും സർക്കാരും ശരിക്കും ജനങ്ങളിലേക്ക് ഇറങ്ങി ചെന്നത് എന്ന് ഈ കാലയളവിലെ വസ്തുതകൾ നോക്കിയാൽ മനസിലാകും. ഈ പത്രസമ്മേളനങ്ങളിലൂടെ, കിറ്റ് ആദിയായ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ  മുന്നേറാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സാധിച്ചുവെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ഇടതു ചിന്തകരും മാധ്യമങ്ങളും പ്രശംസ ചൊരിഞ്ഞു.

ആ പത്രസമ്മേളനങ്ങളിലൂടെ, ലഭിച്ച ജനപ്രീതി വളരെ വലുതാണ്.  പിണറായി വിജയൻ എന്ന നേതാവിന് അതുവരെയില്ലാതവിധം മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ ഇത് വലിയ പങ്ക് വഹിച്ചു.

തുടർന്ന് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ ഉയർന്നപ്പോൾ  പ്രതിപക്ഷവും മാധ്യമങ്ങളും കൊണ്ടുവന്ന ആരോപണങ്ങൾക്കൊക്കെ മുഖ്യമന്ത്രിക്ക് കൊവിഡ് കണക്കുകളുടെയിടയിൽ തരാതരം പോലെ മറുപടി പറയാനും ആരോപണങ്ങളെ അരികിലേക് മാറ്റി ക്ഷേമപ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാനും അതുവഴി കേരളത്തെ വേറൊരു ദിശയിൽ നയിക്കുന്ന നേതാവാണ് താനെന്ന് ചിത്രം രൂപപ്പെടുത്തിയെടുക്കാനും പിണറായി വിജയന് സാധിച്ചു.

പക്ഷേ, ആത്യന്തികമായി, അഴിമതി ആരോപണങ്ങൾ ഉയർന്നാൽ, അത് ജനം വിശ്വസിച്ചാൽ, ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം ഒരു സർക്കാരും അധികാരത്തിൽ തിരിച്ചു വരില്ല എന്നതാണ് അനുഭവം.

മറ്റൊന്ന്, കള്ളവോട്ട് തടയാനായതും അതുവഴി യുഡിഎഫ് അണികൾക്ക് ആത്മവിശ്വാസം വർധിപ്പിച്ചതുമാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നുകൊണ്ട് രമേശ് ചെന്നിത്തല നടത്തിയ നിസ്തുലമായ പ്രവർത്തനങ്ങൾ മുന്നണിക്ക് കരുത്തായി.

രമേശ് ചെന്നിത്തല ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷമായി സർക്കാരിനെ തിരുത്തുകയും ജനങ്ങളെ ബോധ്യപ്പെടുത്തിയതുമായ  ചില കാര്യങ്ങൾ എത്രയെത്രയാണ്.   സ്പ്രിങ്ക്‌ലർ തുടങ്ങി ഇപ്പോൾ കള്ളവോട്ട് വരെയുള്ള രണ്ട് ഡസനോളം വിഷയങ്ങൾ!.. വ്യക്തമായ തെളിവുകളോടെ ഭരണപക്ഷത്തിന്റെ എത്രയെത്ര കണക്കുകളും അഴിമതിയുമാണ് പ്രതിപക്ഷനേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നത്. അദ്ദേഹം തൊടുത്തുവിട്ട അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിക്കുകയും ചെയ്തു. എല്ലാത്തിൽനിന്നും സർക്കാരിനു പിൻവാങ്ങേണ്ടി വന്നു. ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് 4.34 ലക്ഷം  കള്ളവോട്ടുകൾ വെളിപ്പെടുത്തിയതോടെ സർക്കാർ പ്രതിരോധത്തിലായി.  അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനു പരിഗണിക്കാൻ പോന്നത്ര തിളക്കമായ പ്രവർത്തനങ്ങളാണ് രമേശ് ചെന്നിത്തല കാഴ്ചവച്ചത്. ജനം മെല്ലെ ഇതു തിരിച്ചറിയുകയാണ്.

തിരഞ്ഞെടുപ്പ് ദിവസം രാവിലെതന്നെ എൻഎസ്എസ് ശബരിമല വിഷയത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചതും യുഡിഎഫിന് നേട്ടമായി. പതിവിനു വിരുദ്ധമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ‘ഭരണമാറ്റത്തിനാണ് തന്റെ വോട്ട്’എന്ന് അർഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞത് ഒരുവിധത്തിൽ തന്ത്രപരവുമായി. മുമ്പേ ആയിരുന്നെങ്കിൽ അതിന്റെ ‘നെഗറ്റീവ് ഇമ്പാക്ട്’ പല വിധത്തിൽ വളർത്തിയെടുക്കുവാൻ ഇടതുപക്ഷത്തിന് ആവുമായിരുന്നു. എന്നാൽ ആ സമയത്തായതിനാൽ പിണറായി വിജയനുപോലും ‘തങ്ങൾ ദൈവങ്ങൾക്കും ദേവഗണങ്ങൾക്കും ഒപ്പമാണെന്നു’ പറഞ്ഞ് കൂടെക്കൂടാനെ നിർവാഹമുണ്ടായുള്ളു.

‘ആചാര’സംരക്ഷകരല്ലൊ മലയാളി !. ഇത്രയും കാലം പലരും പണി പതിനെട്ടും പയറ്റിയിട്ടും പല കാരണങ്ങളാൽ മലയാളിയുടെ ആ ‘ആചാര’ത്തെയും തിരുത്തിയെഴുതാൻ സാധിച്ചിട്ടില്ല. ഏത്? അഞ്ച് വർഷം കൂടുമ്പോഴുള്ള മുന്നണി മാറ്റം.

വാൽക്കഷണം

‘അധികമായാൽ അമൃതും വിഷമാണെ’ന്നത് മാർക്‌സിയൻ സൂക്തമൊന്നുമല്ല. പക്ഷേ ‘പ്രചാരണം പോലും അധികമായാൽ പ്രതിപ്രവർത്തിക്കും’ എന്ന് ഒരു സൂക്തം ഇനി വന്നുകൂടായ്കയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments