THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Columns ലാസ്റ്റ് ബെല്ലിനു മുൻപേ ഇറങ്ങിയോടിയ ബാലനാം ജലീൽ

ലാസ്റ്റ് ബെല്ലിനു മുൻപേ ഇറങ്ങിയോടിയ ബാലനാം ജലീൽ

ജെയിംസ് കൂടൽ

രാജിവെച്ച മന്ത്രിയെവിടെ?  ആർക്കും അറിയില്ലായിരുന്നു! എങ്ങനെ അറിയാനാണ്? രാജിക്കത്ത് നൽകിയ കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചശേഷം അദ്ദേഹം മുങ്ങി.! പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ഇതിന് കൃത്യമായ മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കും കിട്ടിയില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് തന്റെ ഗൺമാന്റെ കൈവശമാണ് ജലീൽ രാജിക്കത്ത് കൊടുത്തുവിട്ടത്.  രാജിവെക്കുന്ന മന്ത്രിമാർ മാധ്യമങ്ങളെക്കണ്ട് കാര്യങ്ങൾ വിശദീകരിക്കുന്ന രീതിയുണ്ട്. എന്നാൽ ജലീലിന്റെ കാര്യത്തിൽ അതുണ്ടായില്ല. എങ്ങിനെ ഉണ്ടാവാനാണ്, അത്രമേൽ നാണംകെട്ട് ആണ്  മന്ത്രി പടിയിറങ്ങിയത്.

പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീൽ. ബന്ധുനിയമന വിവാദത്തിൽ പെട്ട് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയും. പിണറായി സർക്കാർ അധികാരമേറ്റ് നാളുകൾ പിന്നിടുമ്പോഴാണ് ബന്ധുനിയമന വിവാദത്തെ തുടർന്ന് ഇ.പി.ജയരാജന്റെ രാജി ഉണ്ടാകുന്നത്. സമാനമായ വിവാദത്തിലകപ്പെട്ടുളള ജലീലിന്റെ രാജിയോടെ മന്ത്രിമാരുടെ രാജിയിൽ മുന്നിലാണ് പിണറായി സർക്കാർ. അങ്ങിനെയെങ്കിലും ഇരിക്കട്ടെ  ഒരു ഒന്നാം സ്ഥാനം.

സിമിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് ലീഗിലൂടെ ഉയർന്ന് ഇടതുപക്ഷത്തിനൊപ്പം ചേർന്ന് എംഎൽഎയും മന്ത്രിയുമായി ഉയർന്ന നേതാവാണ് കെ.ടി ജലീൽ.  സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന തീവ്രനിലപാടുകളുള്ള സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടാണ് കെ.ടി. ജലീൽ രാഷ്ട്രീയ പ്രവർത്തന രംഗത്തെത്തുന്നത്.  പിന്നീടാണ് മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്എഫിൽ ചേരുന്നത്. എന്നാൽ  അദ്ദേഹത്തിൻെറ തീവ്ര മനോഭാവത്തിന് ലീഗ് അത്ര പോരെന്ന് തോന്നിയത്രേ. ലീഗിൽനിന്ന് പുറത്ത് പുറത്തുപോവുകയും ഇടതുപക്ഷത്തിനൊപ്പം ചേരുകയുമായിരുന്നു.

മലപ്പുറത്ത് ലീഗിനെ പിടിച്ചു കെട്ടുകയെന്ന അജണ്ടയുമായി 2006ൽ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ഇടതുപക്ഷം കുറ്റിപ്പുറത്ത് ലീഗിന്റെ അതികായൻ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാൻ കെ.ടി. ജലീലിനെ രംഗത്തിറക്കി. അന്ന് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കെ.ടി. ജലീൽ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനമുറപ്പിച്ചു. അതിന് പിന്നിൽ തീവ്ര നിലപാടുകൾ ഉള്ള പല സംഘടനകളും ഉണ്ടായിരുന്നു എന്നത് ഒരു ചരിത്രം.  വിമാനം ചിഹ്നത്തിൽ മത്സരിച്ച ജലീലിന്റെ വിജയത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസ് ആരോപണവും നിർണായകമായി.

സി.പി.എം. അംഗമല്ലാതിരുന്നിട്ടും പാരമ്പര്യമുള്ള പാർട്ടി പ്രവർത്തകനെപ്പോലെയാണ് ഇടതുപക്ഷം അന്ന് ജലീലിനെ നെഞ്ചിലേറ്റിയത്. ജലീലെന്ന ഇടതു സ്വതന്ത്രന്റെ രാഷ്ട്രീയ ജീവിതം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു. ലീഗിൽ തന്നെ തുടരുകയാണെങ്കിൽ ഒരു പക്ഷേ ഒരു എം.എൽ.എ സ്ഥാനത്തിനപ്പുറം ജലീലിന് ഉയരാനാകുമായിരുന്നില്ല. എന്നാൽ, സ്വതന്ത്രന്റെ കുപ്പായമണിഞ്ഞ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അവസരങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാണ് ജലീൽ രാഷ്ട്രീയ ജീവിതത്തിൽ വിജയമധുരം നുണഞ്ഞത്.

2011ൽ തിരൂർ മണ്ഡലം പുനർനിർണയിച്ച് തിരൂരിലെ വിവിധ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് തവനൂർ മണ്ഡലം രൂപീകരിച്ചു. പുതിയ മണ്ഡലത്തിൽ മത്സരിക്കാൻ സി.പി.എം നിയോഗിച്ചത് കെ.ടി ജലീലിനെയായിരുന്നു. അങ്ങനെ ഗ്യാസ് സിലിണ്ടർ ചിഹ്നത്തിൽ മത്സരിച്ച ജലീൽ കോൺഗ്രസിന്റെ വി.വി പ്രകാശിനെ ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി തവനൂരിന്റെ ആദ്യ എം.എൽ.എ. ആയി. പിന്നീട് 2016ലെ തിരഞ്ഞെടുപ്പിൽ ജലീലിന്റെ ഹാട്രിക് വിജയമായിരുന്നു തവനൂരുനിന്ന് ലഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖറുദ്ദീനെ 2011നേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ജലീൽ വിജയമാവർത്തിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ച് മന്ത്രിക്കസേരയിലെത്തിയ ജലീലിന്റെ വിജയത്തെ സോഷ്യൽ മീഡിയ ഓട്ടോറിക്ഷയിൽ നിന്ന് മന്ത്രിക്കാറിലേക്ക് എന്നാണ് വിശേഷിപ്പിച്ചത്.

പിണറായി വിജയൻ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ആണ് ജലീലിന് ലഭിച്ചത്. എന്നാൽ രണ്ടര വർഷത്തിനു ശേഷം ഈ വകുപ്പ് മാറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നൽകി.

മന്ത്രിസ്ഥാനത്തെത്തിയ ശേഷം ജലീൽ ഉൾപ്പെട്ട ആദ്യ വിവാദം ബന്ധുനിയമന ആരോപണമായിരുന്നു. യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധുനിയമനാരോപണം ഉയർത്തിയത്. പിതൃസഹോദര പുത്രനായ കെ.ടി അദീപ് എന്നയാളെ ഡെപ്യൂട്ടേഷൻ എന്ന പേരിൽ ചട്ടങ്ങൾ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം.  ഈ സ്ഥാനത്തിനാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇയാൾക്കില്ലെന്നും ആരോപണം ഉയർന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുമതലയിലിരിക്കെ എംജി സർവകലാശാലയിലെ വിദ്യാർഥികൾക്ക് അദാലത്ത് നടത്തി മാർക്ക് ദാനം ചെയ്തു എന്നതായിരുന്നു അടുത്ത അഴിമതി ആരോപണം..

പിന്നെയങ്ങോട്ട് റമസാൻ കിറ്റ് വിതരണം ചെയ്തതും മതഗ്രന്ഥങ്ങൾ സ്വീകരിച്ചതും വരെ ഒരു ഒരു ഡസൻ അഴിമതി ആരോപണങ്ങൾ.. യുഎഇ കോൺസുലേറ്റിൽ നിന്നു സംഭാവന സ്വീകരിച്ചു റമസാൻ കിറ്റ് വിതരണം ചെയ്തതും മതഗ്രന്ഥങ്ങൾ സ്വീകരിച്ചതും പ്രോട്ടോക്കോൾ ലംഘനമായിരുന്നു. സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്തും ബഹുമാനിച്ചു.  പിണറായി വിജയൻ സർക്കാരിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ട മന്ത്രിയായിരുന്നു കെ.ടി.ജലീൽ. പലതും ഗുരുതര ആരോപണങ്ങളായിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണയാണ് അതെല്ലാം മറികടക്കാൻ തുണയായത്. ഒടുവിൽ, ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി വന്നതോടെ പിണറായിയും ജലീലിനെ കൈവിട്ടു.

ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി വന്നതിന് പിന്നാലെ ഇതിനെതിരേ ഹർജി നൽകാൻ സമയം വേണമെന്ന് ജലീൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ജലീലിന് പാർട്ടി സാവകാശം അനുവദിച്ചു .എന്നാൽ ഇ.പി. ജയരാജൻ ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ടപ്പോൾ പാർട്ടി ഇത്തരം സാവകാശം അനുവദിച്ചില്ലെന്നത് വലിയ ചർച്ചയായി. അന്ന് ജയരാജന്റെ വാദങ്ങൾക്ക് പ്രസക്തി നൽകാതെ വേഗത്തിൽ രാജിയിലേക്ക് നീങ്ങുകയായിരുന്നു. ധാർമികത മുൻനിർത്തിയായിരുന്നു ആ തീരുമാനം. എന്നാൽ ജലീലിന്റെ കാര്യത്തിൽ ഇതുണ്ടായില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നു. ജയരാജനോടും ജലീലിനോടും രണ്ട് സമീപനം സ്വീകരിച്ചെന്ന വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് ജലീലിന്റെ രാജിക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനമെടുത്തത്.

മന്ത്രി കെ.ടി ജലീലിന്റെ രാജി ഒരു ധാർമികതയും ഉയർത്തിപ്പിടിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കകള്ളിയില്ലാതെയും മറ്റ് മാർഗങ്ങളില്ലാതായതിനേയും തുടർന്നാണ് രാജി. പൊതു ജന സമ്മർദ്ദവും പൊതുജന അഭിപ്രായവും ശക്തമായി ഉയർന്നുവന്നതിന്റെ പേരിൽ ജലീൽ രാജിവയ്ക്കുകയായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ധാർമികതയുണ്ടായിരുന്നുവെങ്കിൽ  ഹൈക്കോടതിയിൽ പോയി  സ്‌റ്റേ വാങ്ങിക്കാനുള്ള നീക്കം നടത്തിയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

ധാർമികമായി അൽപ്പമെങ്കിലും ഉത്തരവാദിത്വവും മാന്യതയും ഉണ്ടായിരുന്നെങ്കിൽ നേരത്തെ തന്നെ രാജിവെച്ചേനെ എന്ന് കെ.പി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പറഞ്ഞു. മനസില്ലാ മനസോടെയാണ് ജലീലിന്റെ രാജിയെന്നും ബന്ധുനിയമന ഫയലിൽ ഒപ്പുവെച്ചത് മുഖ്യമന്ത്രിയല്ലേയെന്നും ആ മുഖ്യമന്ത്രിയ്ക്ക് ധാർമികതയുണ്ടോയെന്ന് അറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാൽക്കഷണം

ജലീലിന്റെ രാജിയിൽ ഏറ്റവും രസകരമായ കമൻറ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന്റേതായിരുന്നു. ”4 മണിക്ക് സ്‌കൂൾ വിടുന്നതിന് മുൻപേ 3.55ന് ഇറങ്ങി ഓടുന്നത് ബാലനായ ജലീലിന്റെ ഒരു ഹോബിയായിരുന്നു’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. 

ഭരണം അവസാനിക്കാൻ ദിവസങ്ങളല്ലേയുള്ളൂ..

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments