കെ.വിജയചന്ദ്രൻ

കേരളത്തിലെ ഇപ്പോഴത്തെ കലുഷിതമായ സർക്കാർ – ഗവർണർ സംഘർഷങ്ങളുടെ ഗതിവിഗതികൾ കാണുമ്പോൾ പഴകി ദ്രവിച്ച ഒരു പഴഞ്ചൊല്ലാണ് ഓർമ്മ വരുന്നത് -“പട്ടി ഒന്നു പെറ്റാൽ പശു പത്തു പെറണം” എന്ന ചൊല്ല്. അതുതന്നെയാണ് ഇവിടെയും നടക്കുന്നത്. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും കവല ചട്ടമ്പി മാരെ പോലെ ഗവർണറെ ഒന്ന് വെല്ലുവിളിക്കുമ്പോൾ ഗവർണർ സർക്കാരിന്റെ നിയമവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി പതിന്മടങ്ങ് വീര്യത്തോടെ ചന്നം പിന്നം സർക്കാരിനെ നിറുത്തി പൊരിക്കുന്നു. പൊതു ജനം ആദ്യമൊക്കെ ഒരു പൊറാട്ടു നാടകം കാണുന്ന ലാഘവത്തിലായിരുന്നു എങ്കിൽ ഇപ്പോൾ നടക്കുന്ന ജന ഹിത വിരുദ്ധ ഭരണത്തിൻറെ ഹുങ്കിന് ഒരു മറുമരുന്നായാണ് ഗവർണറുടെ ഇടപെടലിനെ ജനം കാണുന്നത്.
ഇതുവരെ സ്വപ്നയുടെ ക്ലിഫ് ഹൗസ് അന്തപ്പുര കഥകളുടെ തുടർ ഭാഗങ്ങൾക്കായി കാത്തിരുന്നവരുടെ ജിജ്ഞാസയുടെ രസച്ചരട് പൊട്ടിച്ചു കൊണ്ട് സാത്വിക ഭാവം വെടിഞ്ഞ് ഗവർണർ ഇത്ര പെട്ടെന്ന് ഒരു കീചക വേഷം കെട്ടുമെന്ന് ആരും കരുതിയില്ല.

പിണറായിയുടെ തുടർ ഭരണം സി.പി.എം പാർട്ടിക്ക് മാത്രം
ഗുണമുള്ള സെൽ ഭരണമായി മാറുന്നത് ഫലപ്രദമായി തടയാനാവാതെ ഇരുട്ടിൽ തപ്പുന്ന പ്രതി പക്ഷത്തിന്റെ ഗതികേടിൽ നിരാശരായ പൊതു ജനം ഈ “മിക്കി മൗസ് ” കളി ആദ്യം ആസ്വദിച്ചു.
ഐക്യ കേരള പിറവിക്ക് ശേഷം 1957 ലെ ആദ്യ മന്ത്രിസഭയുടെ അകാല ചരമത്തിന് കാരണമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിന് വഴിയൊരുക്കിയ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അനുയായിയായ പിണറായി വിജയൻറെ രണ്ടാം ഭരണകാലം എത്തിയപ്പോൾ രാഷ്ട്രീയ കേരളം ഏറെ മാറി.
അതുപോലെ കമ്മ്യൂണിസ്റ്റുകളും ഏറെ മാറി.
കോവിഡ് ദുരന്ത കാലത്തെ അവിയൽ ഭരണം ഒരു മഹാ സംഭവമായി അവതരിപ്പിച്ച് കേരള സർക്കാർ ഒരു മഹാത്ഭുതം എന്ന് വായ്ത്താരി ഇട്ടവരും തുടർ ഭരണം ഒരു പാരയായി എന്ന് അടക്കം പറയുമ്പോൾ ജനം എങ്ങനെ ഗവർണറെ വാഴ്ത്താതിരിക്കും.
കാലിയായ ഖജനാവിൻറെ മുകളിൽ ഇരുന്ന് വികസന ഗീർവാണം പറയുന്ന പിണറായിയെ കണ്ട് ഘടക കക്ഷികളും മൗനി ബാബമാരായി. പിൻ വാതിൽ നിയമനം എന്ന വാക്ക് കേട്ട് മടുത്ത തൊഴിൽ രഹിതരുടെ രക്ഷകനായി ഗവർണർ സ്വയം അവതരിപ്പിച്ചപ്പോൾ പ്രതി പക്ഷ രാഷ്ട്രീയക്കാർ രാപകൽ സമരം ചെയ്യുന്നതിനേക്കാൾ മൂർച്ചയുള്ള വാൾ ക്ഷതം പോലെയായി ഗവർണറുടെ ഓരോ വാക്കും.
ഈ യുദ്ധം ഒരു വഴിക്ക് നീങ്ങുമ്പോൾ തിരുവനന്തപുരം മേയറുടെ കത്ത് വിവാദവും, നാടിന് കാവലാവേണ്ട പോലീസിന്റെ തോന്ന്യാസവും എല്ലാം കേരളത്തിൽ അരാജകത്വത്തിന്റെ പുതിയ മാതൃക ഒരുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇപ്പോൾ തലസ്ഥാനത്തെ സ്വൈര ജീവിതം അലങ്കോലമാക്കുന്ന നിലയിൽ രാജ് ഭവന് മുന്നിൽ ഗവർണർക്കെതിരെ ഭരണ പക്ഷത്തിന്റെ സമരാഭാസത്തിന് തിരികൊളുത്തുന്ന നിലയിലായി . അതുകൊണ്ട് തീരുന്നില്ല പോലും . ജില്ലാ തലത്തിൽ സർക്കാർ സ്പോൺസർ ചെയ്യുന്ന കുട്ടി സഖാക്കളുടെ സമരം കൂടെ ആകുമ്പോൾ കേരളം മുഴുവൻ തൽക്കാലം എങ്കിലും സർക്കാർ വിരുദ്ധ പ്രതിപക്ഷ ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാം എന്നതാവും ഗൂഢ ലക്ഷ്യം.
പക്ഷേ ഇത് കൈവിട്ട കളി
യായി രണ്ടു പക്ഷത്തെ പിന്തുണയ്ക്കുന്നവരും ആശങ്ക പ്പെടുന്നു എന്നതാണ് സത്യം.
കൊറോണ വൈറസ് ഭീതിയിൽ ഉൾവലിഞ്ഞു ജീവിച്ച കേരളീയ സമൂഹത്തിൽ വിഷാദ രോഗികളുടെ എണ്ണം വർധിക്കുന്നു എന്ന സന്ദേഹം
ആരും കാര്യമായി ചർച്ച ചെയ്യാൻ തയ്യാറാവാത്ത സമയത്താണ് കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങളും ദുരന്ത പ്രണയ കുരുതികളും അരങ്ങേറി തുടങ്ങിയത്. അച്ഛൻ അമ്മയെയും അമ്മ മകനെയും ഭാര്യ കാമുകൻറെ സഹായത്തോടെ ഭർത്താവിനെയും വകവരുത്തുന്ന കഥകൾക്ക് പുതുമയില്ലാതായി.
ഇതിനിടയിലാണ് സാംസ്കാരിക നവോത്ഥാനത്തിന്റെ നെറുകയിൽ നില്ക്കുന്നു എന്ന് വീമ്പിളക്കുന്ന ഭരണാധികാരികളുടെ ഗീർവാണം പൊളിച്ചു കാണിക്കാൻ നരബലി കഥകളും , കാമുകനെ വകവരുത്താനുള്ള കഷായം പ്രയോഗവും കേരളത്തിന് “പൊൻതൂവൽ” ചാർത്തുന്നത്.
ഇരട്ട ചങ്കൻ എന്ന ബ്രാൻഡ് നെയിം സ്വയം ചാർത്തി ചെറുപ്പകാലത്തെ ആരും അറിയാത്ത വീരഗാഥകൾ സ്വയം പാടി നടന്നു രാഷ്ട്രീയ അപ്രമാദിത്വം സ്ഥാപിച്ച പിണറായി വിജയൻറെ ആദ്യ സർക്കാർ ആപത് കാലത്തെ അവസരമാക്കി മാറ്റി നേടിയ തുടർ ഭരണത്തിന്റെ ഗർവിൽ അഭിരമിക്കുമ്പോൾ അഹന്ത ക്ക് അന്തകനായി മുഹമ്മദ് ഖാൻ എന്ന പേരിൽ ഒരു ഗവർണർ അവതരിക്കുമെന്ന് അത്രക്ക് കരുതിയില്ല.
അതിലും കഷ്ടമാണ് വളരെ പ്രയാസപ്പെട്ട് നേടിയെടുത്ത “ഇരട്ട ചങ്കൻ” ഇമേജ് തോക്ക് കണ്ട് പേടിച്ച് മുണ്ടിൽ മൂത്രം ഒഴിച്ച ഭീരുവാണ് പിണറായി എന്ന് ഗവർണർ വലിയ വായിൽ വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ എങ്ങനെ തൊലി ഉരിയാതിരിക്കും. ഇത്രയും കാലം കൊണ്ട് ഊതിവീർപ്പിച്ച ആ ബലൂൺ ഗവർണർ ഒറ്റ കുത്തിൽ പൊട്ടിച്ചപോലായി.
പിണറായിയെ പണ്ട് എം.എൽ.എ ആയിരുന്നപ്പോൾ പോലീസ് സ്റ്റേഷനിൽ വച്ച് തോക്ക് ചൂണ്ടി ഓടിച്ച യുവ ഐ.പി.എസ് കാരൻ ഇന്ന് തമിഴ്നാട് ഗവർണർ ആയിരിക്കുന്ന ആർ.വി. രവിയാണോ, അതോ ഇന്ത്യൻ ജയിംസ് ബോണ്ട് എന്ന് അറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണോ. അറിയില്ല രണ്ടായാലും കഥ കേട്ട് പിണറായി ഭക്തരുടെ കണ്ണ് തള്ളി എന്ന് പറയുന്നതാവും നല്ലത്.
എന്തായാലും 2022 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വളരെ അത്യപൂർവ രാഷ്ട്രീയ ഭരണ ഘടനാ ഗതി വിഗതികൾക്ക് സാക്ഷ്യം വഹിക്കും, തീർച്ച.
അത് നവംബർ 15 ന് രാജ് ഭവൻ വളഞ്ഞു ഗവർണറെ മൂക്കിൽ കയറ്റും എന്ന് വെല്ലുവിളിച്ച മുഖ്യമന്ത്രിയുടെ വീരശൂര പരാക്രമം പത്തിമടക്കുന്നതു കൊണ്ടല്ല, ഇടക്കിടെ ഡൽഹിയിൽ തമ്പടിച്ചു ആവനാഴിയിൽ ആയുധം ശേഖരിക്കുന്ന ഗവർണറുടെ യുദ്ധമുറ എന്താവും എന്ന ജിജ്ഞാസ മൂലമാണ്.
വൈസ് ചാൻസലർ മാരെ മുട്ടുകുത്തിക്കുന്നതിൽ മാത്രം ഒതുങ്ങുമോ ,അതോ ധനകാര്യ മന്ത്രിയെ ബഡ്ജറ്റ് അവതരപ്പിക്കാൻ തടസ്സമുണ്ടാക്കുന്ന തരത്തിൽ ഭരണ പ്രതിസന്ധിയിൽ കൊണ്ട് എത്തിക്കുമോ. എന്തായാലും ഗവർണർ വിഷയത്തിൽ ഇരുട്ടിൽ തപ്പുന്ന പോലെ ഉഴറുന്ന പ്രതിപക്ഷ പാർട്ടികളുടെ ദൗത്യം ഗവർണർ സ്വയം ഏറ്റെടുത്തു കഴിഞ്ഞു.ഇനി “എന്തെരോ എന്തോ”. കാത്തിരുന്നു കാണാം.