THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Columns ഈ മമതയെ തോല്പിക്കാൻ നിങ്ങൾക്ക് ആവില്ല മക്കളേ..

ഈ മമതയെ തോല്പിക്കാൻ നിങ്ങൾക്ക് ആവില്ല മക്കളേ..

ജെയിംസ് കൂടൽ

തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഭാഗ്യാന്വേഷികളായി ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസിലേക്കു മടങ്ങണം എന്ന് ആഗ്രഹം; ആഗ്രഹമല്ലേ നടക്കട്ടെ എന്ന് വയ്ക്കാം, എന്നാൽ മമത ബാനർജിയാകട്ടെ ശരിക്കും മനസ്സുതുറക്കുന്നില്ല. എംഎൽഎയും മന്ത്രിയും ആയിരുന്നവർ ഉൾപ്പെടെ മുപ്പതോളം സീനിയർ നേതാക്കളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ബിജെപിയിലേക്കു കൂറുമാറിയത്.

സീനിയർ നേതാവായിരിക്കെ തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയ മുൻ കേന്ദ്രമന്ത്രി മുകുൾ  റോയിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങുകയാണ്. റജീബ് ബാനർജിയും ഉടൻ തൃണമൂലിലേക്ക് മടങ്ങിവരുമെന്നാണ് പുതിയ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് കുണാൽ ഘോഷവുമായി റജീബ് ബാനർജി കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാൾ മന്ത്രിയായിരുന്ന റജീബ് ബാനർജി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിജെപിയിൽ ചേർന്നിരുന്നത്. പ്രശ്‌നമൊന്നുമില്ല, ബിജെപി വന്നാലും മന്ത്രിയായി തുടരണം, അത്രമാത്രം.

തെറ്റുകൾ ഏറ്റുപറഞ്ഞ് ദീദീക്ക് ‘ഹൃദയസ്പർശി’യായ കത്തുകളെഴുതി കാത്തുനിൽക്കുകയാണ് ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കൾപലരും.  ‘വെള്ളമില്ലാതെ മത്സ്യത്തിന് ജീവിക്കാൻ കഴിയില്ല എന്നതുപോലെ, നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ദീദി. ഞാൻ ക്ഷമ യാചിക്കുന്നു. ബാക്കി ജീവിതം ദീദിയുടെ സ്‌നേഹത്തണലിൽ ചെലവഴിക്കണം…’ 4 തവണ എംഎൽഎയും മമതയുടെ നിഴലുമായി അറിയപ്പെട്ടിരുന്ന സോണാലി ഗുഹ എഴുതി. മുൻ ഫുട്‌ബോളറായ ദീപേന്ദു ബിശ്വാസും മമതയ്ക്ക് കത്ത് എഴുതി. സാഹിത്യസൃഷ്ടികൾ അങ്ങനെ നീളുകയാണ്..

അതേസമയം, മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെങ്കിൽ 6 മാസത്തിനകം തിരഞ്ഞെടുപ്പിൽ ജയിക്കണം. ഭവാനിപുരിൽ ജയിച്ച തൃണമൂൽ സ്ഥാനാർഥി സോവൻദേവ് ചതോപാധ്യായ രാജിവച്ചുള്ള കത്ത് കഴിഞ്ഞ ദിവസം നൽകിയിരുന്നു.  മുഖ്യമന്ത്രി മമത ബാനർജി ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ഭവാനിപുരിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നാണ് നിലപാടെന്ന് പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പറഞ്ഞു. അത്രയും നല്ല കാര്യം. എന്നാൽ, സ്ഥാനാർഥിയെ നിർത്തുമെന്ന് സിപിഎം സൂചിപ്പിച്ചു. അവർക്ക് ഇനിയും നേരം വെളുത്തിട്ടില്ല.

മമത ബാനർജി പിന്നെ തകർപ്പൻ ഫോമിലായി. പുതിയ നിർദേശവുമായി, വളരെ വിവാദപരവും സുപ്രധാനവുമായ നിർദ്ദേശവുമായി, തെല്ലും മമതയില്ലാതെ എത്തി.  ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരുകൾ തമ്മിൽ ഐക്യം ഉണ്ടാകണമെന്നും ഏതെങ്കിലും സംസ്ഥാനത്തെ നിരന്തരമായി ബുദ്ധിമുട്ടിച്ചാൽ കേന്ദ്ര സർക്കാരിനെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു  ”ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണ്. ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്ന സാഹചര്യം വന്നാൽ കേന്ദ്ര സർക്കാരിനെതിരെ മറ്റു സംസ്ഥാനങ്ങളും പോരാടണം. എൻഡിഎ ഭരിക്കാത്ത എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഒന്നിച്ചു നിൽക്കണം.” മമതാ ബാനർജി പറഞ്ഞു. അല്ല പിന്നെ.

കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കുന്ന കർഷകർക്കു തൃണമൂൽ കോൺഗ്രസിന്റെ ഐക്യദാർഢ്യം മുൻപു പ്രഖ്യാപിച്ചിരുന്ന മമത ഒരു വിഭാഗം കർഷക നേതാക്കളുമായും ചർച്ച നടത്തി. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കിയതിനു ശേഷം കർഷകർക്കു കത്തെഴുതാനാണ് ആലോചിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു കർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കർഷക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറാകണം– മമത പറഞ്ഞു. മമതയെ അളക്കാനുള്ള അളവുകോൽ ബി.ജെ.പിയുടെയും മോദിയുടെയും കൈവശമില്ല.

 അതേസമയം, ബംഗാളിൽ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ നേതാക്കൾ തിരികെ തൃണമൂൽ കോൺഗ്രസിലേക്കു ചേക്കേറുന്നതിൽ ആശങ്കയോടെ ബിജെപി. തൃണമൂലിലേക്കുള്ള ‘ഘർ വാപസി’ തടയാൻ ബിജെപി പദ്ധതിയൊരുക്കുന്നു എന്നാണു റിപ്പോർട്ട്. വിമതരും ഘർവാപസിക്കാരും പാർട്ടിയിൽ കൂടിയതോടെ, മമതയുടെ മുൻ വിശ്വസ്തനും ഇപ്പോൾ ബിജെപി നേതാവുമായ സുവേന്ദു അധികാരി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. തൃണമൂൽ വിട്ടു പോയവരിൽ വളരെ ചെറിയ ശതമാനത്തിനാണു മത്സരിക്കാൻ സീറ്റു കിട്ടിയത്. ജയിച്ചു കയറിയത് നാലു പേർ മാത്രം. അതിൽപ്പെട്ട സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കി ബിജെപി. അത് ഒന്നല്ലേ പറ്റു ഇഷ്ടം പോലെ പ്രതിപക്ഷ നേതാക്കന്മാരെ അണിനിരത്താൻ ആവില്ലല്ലോ..

അതേസമയം, ബംഗാളിൽ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ഒരിക്കൽകൂടി ഉലച്ചിരിക്കുന്നു എന്നത് യാഥാർത്ഥ്യം.  തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ നാശം വിതച്ച യാസ് കൊടുങ്കാറ്റിന്റെ അനന്തരഫലങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച അവലോകനയോഗത്തിൽനിന്നു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ടുനിന്നതോടെയാണു പുതിയ സംഭവങ്ങളുടെ തുടക്കം. തുടർന്നു ചീഫ് സെക്രട്ടറിയെ ഏകപക്ഷീയമായി കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു മാറ്റുന്നു. ചീഫ് സെക്രട്ടറിയാകട്ടെ ജോലിയിൽനിന്നു സ്വയംവിരമിച്ചു മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശകന്റെ പദവി സ്വീകരിക്കുന്നു. കേന്ദ്രം അദ്ദേഹത്തിനെതിരെ കാരണംകാണിക്കൽ നോട്ടിസ് പുറപ്പെടുവിച്ചതുവരെ കഥ എത്തിനിൽക്കുന്നു. ഫെഡറൽ ചട്ടക്കൂടിന്റെ അകത്തു പാലിക്കേണ്ട മര്യാദകൾ മമത ബാനർജി പാലിച്ചില്ലെന്നതുപോലെ മറ്റൊരു കാര്യംകൂടി ഓർക്കാനുണ്ട്; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള യോഗങ്ങളിൽ പുറത്തുനിന്നുള്ള രാഷ്ട്രീയനേതാക്കൾ പങ്കെടുക്കാറില്ല. എന്നാൽ ഈ യോഗത്തിൽ ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നു. മമതയെ കൂടുതൽ ചൊടിപ്പിച്ചത്, നന്ദിഗ്രാമിൽ തന്നെ തിരഞ്ഞെടുപ്പിൽ തോൽപിച്ച സുവേന്ദു അധികാരിയും അവിടെ സന്നിഹിതനായിരുന്നു എന്നതാകാം. പറയുമ്പോൾ എല്ലാം പറയണമല്ലോ.

തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സകല അടവുകളും ഉപയോഗിച്ചെങ്കിലും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽനിന്നു ഭാരിച്ച തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ബംഗാൾ പിടിക്കുകയെന്നത് ബി.ജെ.പിയുടെ വലിയ അജണ്ടയായിരുന്നു. 294 അംഗ നിയമസഭയിൽ ഇക്കുറി 200ൽ പരം അംഗങ്ങൾ ബി.ജെ.പിയുടേതായിരിക്കുമെന്നാണ് നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശ വാദം മുഴക്കിയത്. ഇപ്പോൾ, മോദിയെപ്പോലൊരു പ്രധാനമന്ത്രിയോട് ഏറ്റുമുട്ടി കൈവരിച്ച വിജയം മമത ശരിക്കും ആസ്വദിക്കുന്നു.

വാൽക്കഷണം

ബംഗാളിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനു പകരം മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം വരും.

എന്റെ തല.. എന്റെ ഫുൾ ഫിഗർ…

ആരാണ് പറഞ്ഞത് നരേന്ദ്ര മോദിയല്ല, മമത ബാനർജിയുടെ മാതൃകാ പുരുഷനെന്ന് !

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments