THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Columns ജപ്തി വിവാദം : മാറേണ്ട നിയമങ്ങളും നഷ്ടപ്പെടുന്ന മൂല്യങ്ങളും

ജപ്തി വിവാദം : മാറേണ്ട നിയമങ്ങളും നഷ്ടപ്പെടുന്ന മൂല്യങ്ങളും

കടബാധ്യതയും ജപ്തിയും അതുമൂലമുള്ള ആത്മഹത്യകളും കേരളത്തിൽ സാധാരണയായിട്ട് നാളുകൾ ഏറെയായി. ഏറെ കർഷകർ ബാങ്കുകളിലെ കട ബാധ്യതമൂലം ആത്മഹത്യ ചെയ്ത നാടു കൂടിയാണ് നമ്മുടെ കൊച്ചു കേരളം. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ മുവാറ്റുപുഴയിൽ ഒരു നിർധന കുടുംബത്തിലെ മൂന്ന് പെൺകുട്ടികളെയും ആൺകുട്ടിയേയും ഗൃഹനാഥൻ എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയിലിരിക്കെ തങ്ങളുടെ നാല് സെൻറ് സ്ഥലത്ത് നിന്നും ജപ്തി ചെയ്ത് വഴിയിലേക്ക് ഇറക്കി വിട്ടത് ഏറെ ദൗർഭാഗ്യകരമായ സംഭവമാണ്. എന്നാൽ മുവാറ്റുപുഴയിലെ ചെറുപ്പക്കാരനും അഭിഭാഷകനുമായ എം.എൽ എ മാത്യു കുഴൽനാടൻ രാത്രിയിൽ അഭയമറ്റവരായി നിസ്സഹായരായ അവരെ ഇരുട്ടത്ത് ഉപേക്ഷിച്ചു പോകാൻ അനുവദിക്കാതെ ബാങ്ക് പ്രതിനിധികളുടെ കരുണയറ്റ പ്രവർത്തിക്കെതിരേ പ്രതികരിച്ചത് ചർച്ചാ വിഷയമായി. രാത്രിയിൽ വീട് കുത്തിതുറന്ന് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ച അദ്ദേഹം ആ കുടുംബത്തിൻ്റെ ഒന്നര ലക്ഷത്തോളം രൂപ ബാങ്ക് കടം അടച്ചു തീർക്കാനുള്ള ബാധ്യതയും ഏറ്റെടുത്ത് മികച്ച പൊതുപ്രവർത്തനത്തിൻ്റേയും അതിലേറെ നന്മ വറ്റാത്ത മനസാക്ഷിയുടെയും മാതൃകയായി മാറി.

adpost
  2017 ൽ തൊഴിൽ ചെയ്യുന്നതിന് ക്യാമറ വാങ്ങുന്നതിനായാണ് പായിപ്ര പേഴയ്ക്കാപ്പിളളി വലിയ പറമ്പിൽ അജേഷ്  മുൻ സി.പി.എം ജില്ലാ സെക്രട്ടറിയും എംഎൽഎ യും ഇപ്പോൾ കേരള ബാങ്ക് സംസ്ഥാന ചെയർമാനുമായ ഗോപി കോട്ടമുറിക്കൽ ചെയർമാനായ മുവാറ്റുപുഴ അർബൻ സഹകരണ ബാങ്കിൽ നിന്നും ലോണെടുത്തത്.ഏതാനും അടവുകൾക്ക് ശേഷം ലോകമെങ്ങും വീശിയടിച്ച കോവിഡ് - 19 ഉം തുടർന്ന് പിടികൂടിയ ഹൃദ്രോഗവും അജേഷിനെ ബാങ്കിൻ്റെ തിരിച്ചടവ് മുടക്കിച്ചു. ഇക്കാരണങ്ങൾ കാട്ടി തിരിച്ചടവിന് അവസരം തേടി അജേഷ് ബാങ്കിൽ കയറിയിറങ്ങിയെങ്കിലും പരാതി ചെവിക്കൊള്ളാൻ തയ്യാറാകാതെ ബാങ്കുകാർ ആട്ടിയോടിച്ചു. തുടർന്ന് ബാങ്ക് ജപ്തി നടപടികൾക്ക് തുടക്കമിടുകയായിരുന്നു.ഇതിനിടെ വീണ്ടും ഹൃദ്രോഗ ബാധയെ തുടർന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഭാര്യയോടൊത്ത് ചികിത്സയിലിരിക്കെ ആണ് ബാങ്കിൻ്റെ മനുഷ്യത്വരഹിതമായ പ്രവർത്തി. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരിക്കെ പട്ടികജാതി - ബാലാവകാശ നിയമങ്ങൾ കാറ്റിൽ പറത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  തെരുവിലിറക്കുകയായിരുന്നു. സംഭവം അറിഞ്ഞ മാത്യു കുഴൽനാടൻ എംഎൽഎ വിഷയത്തിൽ ഇടപെടുകയും പൂട്ട് തകർത്ത് കുട്ടികളെ പുനഃപ്രവേശിപ്പിക്കുകയുമാണുണ്ടായതെങ്കിലും വിഷയം സോഷ്യൽ മീഡിയയിലടക്കം ആളിപ്പടരുകയും പ്രതിഷേധം ആഞ്ഞടിക്കുകയും ചെയ്തപ്പോൾ  'സൈബർ ക്യാപ്സൂൾ'  ഇറക്കി സംഭവത്തെ ലഘൂകരിക്കാനും വ്യാജ പ്രത്യാരോപണങ്ങൾ ഉന്നയിക്കുവാനും അപമാനിക്കുവാനുമാണ് സി.പി.എം ശ്രമിച്ചത്.അതും ഏൽക്കാതെ വന്നപ്പോൾ കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ വായ്പ അടച്ചു തീർത്തതായി ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സമൂഹ മാധ്യമങ്ങളെ അറിയിച്ചു.തുടർന്ന് സൈബർ സഖാക്കൾ ഇത് ആഘോഷമാക്കി മാറ്റാൻ തുടങ്ങിയപ്പോൾ തന്നെ അജേഷ്  തന്നെ അപമാനിച്ചവരുടെ സഹായം പറ്റാനില്ലെന്നും എംഎൽഎയുടെ സഹായം സ്വീകരിക്കുമെന്നും പറഞ്ഞത് ചെയർമാനും ബാങ്കിനും ന്യായീകരിച്ച് തടിയൂരാനുള്ള അവസരം ഇല്ലാതാക്കി.

ഒരു പാവപ്പെട്ട കുടുംബത്തിൻ്റെ കുടിയിറക്ക് ഭീഷണിയെ നേരിട്ട് ബാധ്യത ഒഴിവാക്കിയ മാത്യു കുഴൽ നാടൻ പൊതു സമൂഹത്തിൻ്റെ കയ്യടി നേടുമ്പോൾ സാധാരണക്കാരൻ്റെ പട്ടിണിയിൽ മിച്ചം പിടിച്ച് വളർന്ന പാർട്ടിയും സ്ഥാപനങ്ങളും സാധാരണക്കാരന് അപ്രാപ്യമാകുന്നിടത്തോളം പ്രസ്ഥാനം വളർന്നതറിഞ്ഞ് പൊതുജനം സ്തബ്ധരായി നിൽക്കുന്നു. നിഷ്ക്രിയ ആസ്തികൾ തിരിച്ചുപിടിക്കാൻ ‘സർഫാസി’ നിയമം ബാങ്കുകൾ കർശനമായി നടപ്പാക്കാൻ ആരംഭിച്ചതോടെ സംസ്ഥാനത്ത് നിർധന കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിലാണ്.സർഫാസി നിയമ പ്രകാരം 2018 മുതൽ മാർച്ച് 17 വരെ 5266 വസ്തുവകകൾ ജപ്തി നടപടികൾ നേരിട്ടതായാണ് കണക്കുകൾ.. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സഹകരണ ബാങ്കുകൾ സർഫാസി നിയമപരിധിയിൽ നിന്ന് ഒഴിവാക്കാൻ കേരള സർക്കാർ മടിക്കരുത്.

adpost

ബേബി മണക്കുന്നേൽ,
പ്രസിഡൻ്റ്,
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്, യു.എസ്.എ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com