THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Columns 'തമാശ' വകുപ്പ് കൈകാര്യം ചെയ്യാൻ എല്ലാവരുമുണ്ട്

‘തമാശ’ വകുപ്പ് കൈകാര്യം ചെയ്യാൻ എല്ലാവരുമുണ്ട്

ജെയിംസ് കൂടൽ

പുതിയ മന്ത്രിസഭയിൽ ‘തമാശ’ വകുപ്പ് കൈകാര്യം ചെയ്യാൻ ആരുണ്ട്? പണ്ടൊ ക്കെ, നായനാരുടെയും കരുണാകരന്റെയുമൊക്കെ കാലത്ത് മുഖ്യമന്ത്രി തന്നെ ആ വകുപ്പ് ‘കൈയാളുക’യായിരുന്നു പതിവ്. അതൊക്കെ ഒരു കാലം!

ഇപ്പോൾ സകലതും ‘ട്രോൾ മയ’മായിരിക്കുന്ന ഇക്കാലത്ത് ചൊറിച്ചിൽ, കരച്ചിൽ, നുണപറച്ചിൽ, കടവ് നിരീക്ഷണം, കുത്തിത്തിരിപ്പ്, പരദൂഷണം തുടങ്ങിയ കലാകായിക വകുപ്പുകൾ പുംഗവന്മാരായ പലർക്കായി വിഭജിച്ച് നൽകിക്കൊണ്ടുള്ള ട്രോളുകൾ കറങ്ങിനടക്കുന്നതു കണ്ടു.

ചൊറിച്ചിൽ വകുപ്പ്  സകലരെയും ചൊറിയുന്ന അഡ്വ. ജയശങ്കറിനും കരച്ചിൽ വകുപ്പ്  ഇനിയും വി.എസ് അപദാനങ്ങൾപറഞ്ഞ് കണ്ണീരുണങ്ങാത്ത കെ.എം. ഷാജഹാനും നുണപറച്ചിൽ വകുപ്പ്  കൈരളി ചാനൽ വാർത്താവിഭാഗം മുൻമേധാവിയായിരുന്ന, ‘തേജസി’ന്റെ എഡിറ്ററായിരുന്ന എൻ.പി.ചേക്കുട്ടിക്കും കടവ്‌നിരീക്ഷണവകുപ്പ്   ‘ലോല’ന്മാരേക്കാൾ അതീവ ശുഷ്‌കാന്തി കാണിക്കുന്ന ശ്രീജിത്ത് പണിക്കർക്കും കുത്തിത്തിരിപ്പ്‌വകുപ്പ് സർവത്ര കുത്തിത്തിരിപ്പ്കാട്ടുന്ന സി.ആർ.നീലകണ്ഠനും പരദൂഷണവകുപ്പ്  മറുനാടൻ ഷാജൻ സ്‌കറിയക്കും ആണ് യഥാക്രമം ‘ട്രോൾ’ വിഭജനം.

കൊള്ളാം.. തമാശയുടെ കൂമ്പടഞ്ഞിട്ടില്ല.. അങ്ങനെ വരാൻ വകുപ്പുമില്ല..

അങ്ങിനെ, കാത്തിരിക്കുമ്പോഴാണ് സഭാനാഥനായ എം.ബി.രാജേഷിന്റെ ‘വാമൊഴിവഴക്കം’ വരുന്നത്. താൻ സ്പീക്കറായെന്നതൊക്കെ ശരി, ഇനിയും രാഷ്ട്രീയം പറയും, വേണ്ടിവന്നാൽ ബീഫ് ഫെസ്റ്റും നടത്തും എന്ന നിലയിൽ ഉശിരോടെ.

അതോടെ, ‘ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ പ്രതിരോധം ഇനി സ്പീക്കർ പദവിയുടെ നിഷ്പക്ഷതയിലേക്ക്.. നിഷ്‌കളങ്കതയിലേക്ക്..’ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ചാനലുകാരും പത്രക്കാരുമൊക്കെ വാപൊളിച്ചു.

 സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കർ എം.ബി.രാജേഷിന്റെ പ്രസ്താവനയെ എം.ബി.രാജേഷിനെ സീറ്റിലേക്ക് ആനയിച്ച ശേഷം നടത്തിയ അഭിനന്ദന പ്രസംഗത്തിൽതന്നെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നേരിട്ടു.

സ്പീക്കർ രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് പ്രതികരിക്കേണ്ടി വരുമെന്നും അത് സഭാപ്രവർത്തനത്തിന് തടസ്സമാകുമെന്നും സതീശൻ പറഞ്ഞു. ”അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളിൽ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ സ്വാഭാവികമായും ഞങ്ങൾക്ക് മറുപടി പറയേണ്ടി വരും അത് സംഘർഷത്തിലേക്ക് നയിക്കും. നിയമസഭയിൽ നിൽക്കുമ്പോൾ അത് ഒളിച്ചുവെക്കാൻ പ്രതിപക്ഷമായ ഞങ്ങൾക്ക് കഴിയില്ല. അത് സഭാ പ്രവർത്തനത്തെ തടസ്സപ്പെടുത്തും”  സതീശൻ തുറന്നടിച്ചു.

 അതോടെ സ്പീക്കർ സ്പീക്കറായി.. എം.ബി.രാജേഷിനു വെളിവുണ്ടായി.

”അങ്ങനെയൊരു പ്രസ്താവന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണുമ്പോൾ പ്രതിപക്ഷ നേതാവിനുണ്ടായ ആശങ്ക മറ്റു പലർക്കും ഉണ്ടായിട്ടുണ്ടാവും. യഥാർഥത്തിൽ താൻ പറഞ്ഞത് കക്ഷിരാഷ്ട്രീയം പറയും എന്നല്ല. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കർ പ്രവർത്തിക്കുകയില്ല” എന്നു രാജേഷ് വ്യക്തമാക്കിയതോടെ തമാശ നാമ്പിട്ടു. കാര്യങ്ങളെല്ലാം കോംബ്ലിമെന്റാക്കി. എം.ബി. രാജേഷ് ഒന്ന് ‘പ്ലിങ്’ ആയെങ്കിലും..

മറുവശത്ത് ഇപ്പോഴും താൻ രാജിസന്നദ്ധനാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളിയുടെ പ്രസ്താവന തന്നെ തമാശയായി.

കോൺഗ്രസിലും യു.ഡി.എഫിലും ആകട്ടെ, വിഴുപ്പലക്കലുകളും കുറ്റപ്പെടുത്തലുകളും തുടർന്നുകൊണ്ടേയിരിക്കുകയാണ്. മഴ പെയ്ത് തോർന്നിട്ടും മരം പെയ്യുന്നു എന്നപോലെ.

ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്ന് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തിയെന്ന് ചെന്നിത്തല സോണിയക്ക് അയച്ച കത്തിൽ പറഞ്ഞത്രേ. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത് ശരിയായില്ല. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല. ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ ഒരു പരാതിയും നൽകാതെ ഇതു താൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിൻെറ ഈ നീക്കം കാരണമായെന്നു ചെന്നിത്തല കത്തിൽ പറഞ്ഞത്രേ.

മറ്റൊന്ന്,  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സോണിയക്ക് അയച്ച് കത്തിലെ വിശേഷമാണ്. ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തുവെന്നും നേതൃസ്ഥാനത്ത് തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും ഹൈക്കമാൻഡ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്നിട്ടാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് മുല്ലപ്പള്ളിയുടെ തുറന്നുപറച്ചിൽ. 

ഇതെല്ലാം അതീവ രഹസ്യകത്തിടപാടുകളാണെങ്കിലും എങ്ങനെ ചാനലുകളിലും പത്രപംക്തികളിലും വരുന്നുവെന്ന് ഒരു പിടിയുമില്ല. അതാണ് തമാശ. എന്നാൽ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത എഐസിസി തീരുമാനം എല്ലാവരും അംഗീകരിച്ചതാണ്. ഇനി പിന്നോട്ടുപോയി ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. 

കത്തിൽ തനിക്കെതിരേ വിമർശനമുണ്ടെന്ന വാർത്തയും ഉമ്മൻചാണ്ടി തള്ളി. ചെന്നിത്തല അത്തരമൊരു വിമർശനം ഉന്നയിക്കാൻ സാധ്യതയില്ലെന്നാണ് വിശ്വാസമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മൻചാണ്ടി ഇതിനോട് പ്രതികരിച്ചത്, എല്ലാകാര്യങ്ങളും നേരിട്ട് അറിയാവുന്ന ആളാണ് ചെന്നിത്തല എന്നാണ്. അത്രയും ആശ്വാസം.

അതേസമയം ഷിബു ബേബിജോൺ പറഞ്ഞത്  രഹസ്യമായല്ല, പരസ്യമായിത്തന്നെയാണ്. ”ചവറയിൽ രാഷ്ട്രീയത്തിനതീതമായ അരാഷ്ട്രീയ കാര്യങ്ങളും തന്റെ തോൽവിയിൽ ഘടകമായി. ഓരോ പ്രദേശത്തും രാഷ്ട്രീയ കരുത്തിനനുസരിച്ചുള്ള വോട്ടുണ്ടായിരുന്നു. ചില സമുദായങ്ങൾക്ക് പലരീതിയിലുള്ള വികാരങ്ങളുണ്ടായി. പണ്ട് രാഷ്ട്രീയം അനുസരിച്ചായിരുന്നു വോട്ടെങ്കിൽ ഇന്ന് ഓരോ സമുദായം അനുസരിച്ചുള്ള വോട്ടിലേക്ക് മാറിയിട്ടുണ്ട്. പ്രാഥമികമായി എന്റെ തോൽവിക്ക് കാരണം അതാണെന്ന് തോന്നുന്നു. 

മതത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ബിജെപിയുടെ കടന്നുവരവോട് കൂടി കേരളത്തിലെ രാഷ്ട്രീയഘടന മാറിയെന്ന് തിരിച്ചറിയേണ്ടതുണ്ട്.” വർഗീയ ധ്രുവീകരണം ഓരോ വിഭാഗത്തിലും എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ഷിബു ബേബിജോൺ  കൂട്ടിച്ചേർത്തു.

സർ, അതിനല്ലേ, ആരുടെ വോട്ടും നഷ്ടപ്പെടുത്താതിരിക്കാനല്ലേ, നിങ്ങളെല്ലാവരും കൂടി ഒന്നിച്ച് ഐക്യമുന്നണിയായി മത്സരിച്ചത് എന്നു ചോദിച്ചാൽ  ഉത്തരമില്ല.

 ‘പ്രതിക്രിയാ വാദ’ത്തിനു പകരം ‘വർഗീയവാദികളുടെ അന്തർധാര സജീവമായിരുന്നു’ എന്നോ മറ്റോ പറയാം എന്നല്ലാതെ ‘എങ്ങനെ തോറ്റു’എന്നതിന് സിമ്പിളായിട്ടൊരു ഉത്തരമായിട്ടില്ല എന്നു തോന്നുന്നു ഇതുവരെ.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചതിന് ബി.ജെ.പി., സംഘപരിവാർ സംഘടനകളുടെ ‘പുലഭ്യ പൊങ്കാല’ക്കിരയായി നടൻ പൃഥ്വിരാജ്. ഏറ്റവും ശക്തമായ ‘പുലയാട്ട്’ ജനം ടിവി യിൽ നിന്നും അവരുടെ വെബ് സൈറ്റിൽ നിന്നുമായിരുന്നു.

ഉടനെ പൃഥ്വിരാജിന് പിന്തുണയുമായി പ്രോ ഇസ്ലാമിക് ഇടതുപക്ഷ നടീനടന്മാർ മുതൽ ഡിവൈഎഫ്‌ഐ തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ വരെ ഓടിയെത്തി.

പക്ഷേ അവസാനം, ജനം ടിവിയുടെ ചെയർമാൻ തന്നെയായ പ്രിയദർശനനും ബി.ജെ.പിയുടെ എം.പി. സുരേഷ്‌ഗോപി തന്നെയും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയതോടെ സംഗതി ‘ഒരു പ്രിയദർശൻ സിനിമ’യുടെ തമാശ ക്ലൈമാക്‌സ് പോലെയായി.

വാദിയാരാ പ്രതിയാരാ എന്നറിയാതെ ആകെ മൊത്തം ഒരു കൂട്ടപ്പൊരിച്ചിൽ.

വാൽക്കഷണം

തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത ദേവികുളം എം.എൽഎ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം പോലും. മലയാളം സത്യപ്രതിജ്ഞ തമിഴിൽ മൊഴിമാറ്റി പറഞ്ഞപ്പോൾ ‘സഗൗരവത്തിൽ’ എന്നോ ‘ദൈവനാമത്തിൽ’ എന്നോ ഉണ്ടായിരുന്നില്ലത്രെ.. പറഞ്ഞുമില്ലത്രേ.

കടവുളേ കാപ്പാത്തുങ്കോ…

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments