ദില്ലി: അല്ലു അർജുൻ നായകനായെത്തിയ പുഷ്പ അടക്കമുള്ള ഗാങ്സ്റ്റര്‍ ചിത്രങ്ങൾ കണ്ട പ്രേരണയിൽ കൊലപാതകം നടത്തി ആൺകുട്ടികൾ. രാജ്യതലസ്ഥാനത്ത് ജഹാംഗീര്‍പുരി മേഖലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. പുഷ്പ പോലുള്ള സിനിമകൾ കണ്ട് അനുകരിച്ച കുട്ടികൾ ഇരുപത്തിനാലുകാരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
യുവാവിനെ കൊല്ലുന്നതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാനും അതുവഴി കുപ്രസിദ്ധി നേടാനുമാണ് കുട്ടികൾ ഈ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഷിബു എന്നയാളാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ, അല്ലു അർജുൻ നായകനായെത്തിയ സുകുമാർ ചിത്രം പുഷ്പ ഹിന്ദിയിൽ ഉൾപ്പെടെ വലിയ വിജയമായി മാറിയിരുന്നു.
ഒരു കടയിലായിരുന്നു കൊല്ലപ്പെട്ട ഷിബു ജോലി ചെയ്തിരുന്നത്. മൂന്ന് ആൺകുട്ടികൾ ചേർന്ന് ക്രൂര കൊലപാതകം നടത്തുന്നതിന്റെ വീഡിയോ സിസിടിവിയിൽ പതിഞ്ഞതാണ് കേസിൽ നിർണായകമായത്. സ്വന്തമായി ബദ്നാം സംഘം എന്ന് വിളിച്ചിരുന്ന കുട്ടികൾ ഗാങ്സ്റ്റര്‍മാരുടെ ജീവിതരീതി ആകൃഷ്ടരായിരുന്നുവെന്ന് മൊഴി നൽകിയതായും പൊലീസ് അറിയിച്ചു.