THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, June 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Columns വഴിതെറ്റുന്ന നവോത്ഥാന കുതന്ത്രങ്ങളും പെൺ അരശിലെ 'ആര്യ പഥങ്ങളും'

വഴിതെറ്റുന്ന നവോത്ഥാന കുതന്ത്രങ്ങളും പെൺ അരശിലെ ‘ആര്യ പഥങ്ങളും’

കെ.വിജയചന്ദ്രൻ

adpost

ശ്യാമ സുന്ദര കേര കേദാര ഭൂമി എന്ന് പാടിയ നന്മ നിറഞ്ഞ കവി മനസ്സിൽ തെളിഞ്ഞ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആകെ ഒരു ജഗപൊക. ഇങ്ങ് തെക്ക് തലസ്ഥാനത്തെ നഗരസഭ മുതൽ അങ്ങ് വടക്കുള്ള കണ്ണൂർ സർവകലാശാല വരെയുള്ള മർമ്മ പ്രധാനമായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കോലാഹലം മുഴുവൻ തിളച്ചു മറിയുന്നത് എങ്കിലും അതിൽ പ്രതിനായികാ വേഷത്തിൽ എത്തുന്നത് സ്ത്രീ കഥാപാത്രങ്ങളാണ് എന്നതാണ് ഒരു പ്രധാന പ്രത്യേകത. രണ്ടു സംഭവങ്ങളും വർത്തമാന കാല കേരള സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ കോലാഹലങ്ങളാണ് സൃഷ്ടിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇതിൽ രണ്ടു തരം സ്ത്രീ പക്ഷ നിരീക്ഷണങ്ങളാണ് ഉയരുന്നത്.

adpost

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ഭൂമികയിൽ വനിതാ മുന്നേറ്റത്തിന്റെ വീരഗാഥ ഏറെ പാടി പുകഴ്ത്തുന്നുണ്ട് എങ്കിലും പുരുഷന്റെ തണലിലോ സ്വാധീനത്തിലോ അല്ലാതെ സ്ത്രീകൾക്ക് അധികാര സ്ഥാനങ്ങളിൽ ശോഭിക്കാൻ ആവില്ല എന്ന സ്ഥിരം ആൺ മേൽക്കോയ്മ വാദമാണ് ആദ്യത്തേത്. ഭരണ രംഗത്ത് വനിതാ സംവരണം നടപ്പാക്കുമ്പോൾ “നിഴൽ ഭരണം” നടത്തുന്നത് പുരുഷന്മാരാവും എന്ന സ്ഥിരം ആക്ഷേപം മറ്റൊരു വാദം. അത് ആധുനിക സമൂഹത്തിലെ നിത്യ ഹരിത ആക്ഷേപമാണ് എന്നതാണ് സത്യം. എന്നാൽ രാജഭരണ കാലത്ത് കല്ലെ പിളർക്കുന്ന കല്പനകളിലൂടെ വിപ്ലവകരമായ പുരോഗമന തീരുമാനങ്ങൾ നടപ്പാക്കിയ രാജ്ഞിമാരുടെ ധീര ഭരണ മാഹാത്മ്യം ഇന്നും ചരിത്ര ഏടുകളിൽ വിസ്മയമായി നില നിൽക്കുന്ന തിരുവിതാംകൂർ രാജ്യം ഉൾപ്പെടുന്ന ഇന്നത്തെ കേരളം ജന്മം കൊണ്ടിട്ട് ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരു വനിതാ നേതാവിനെ മുഖ്യമന്ത്രിയാക്കാൻ കഴിയാത്തതിൽ ഒരു വിപ്ലവ പാർട്ടിക്കും മറുപടി ഇല്ല. “കേരം തിങ്ങും കേരള നാട്ടിൽ, കെ.ആർ.ഗൗരി നമ്മെ നയിക്കും” എന്ന് അലറി വിളിച്ചു തിരഞ്ഞെടുപ്പ് കാലത്ത് ആളെ പറ്റിച്ച പാരമ്പര്യം ഉള്ള ഇടത് പക്ഷത്തിന്റെ ഇപ്പോഴത്തെ സ്ത്രീപക്ഷ സ്നേഹം കണ്ടപ്പോൾ പഴയ വനിതാ ശാക്തീകരണ പ്രവർത്തനം ഓർത്തു പോയി എന്നേയുള്ളൂ.

ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയുടെ അവസ്ഥ കുത്തഴിഞ്ഞ പുസ്തകം പോലെ യാണ്. ഒന്നാം പിണറായി സർക്കാരിനെ ഖ്യാതിയിലേക്ക് വഴി തെളിച്ച കെ.കെ.ശൈലജ ടീച്ചറെ തേടി വന്ന “മാഗ്സസെ” അവാർഡ് പോലും തട്ടിക്കളഞ്ഞപ്പോൾ തോന്നാത്ത സ്ത്രീ ശാക്തീകരണ വാദമാണ് അഴിമതി ആരോപണങ്ങളും സ്വജന പക്ഷപാതവും ആരോപിച്ചു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന പ്രതിപക്ഷ സമരത്തെ “സാധു സ്ത്രീക്കെതിരെയുള്ള സമരം” എന്ന് സി.പി.എം നിലവിളിക്കുന്നത്. ഇതിനെക്കാൾ രസമാണ് കെ.കെ.രാകേഷിൻറെ ഭാര്യക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കപ്പെടാൻ യോഗ്യത ഇല്ല എന്ന ഹൈക്കോടതി വിധിയെ പരിഹസിച്ച് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടത്തിയ നിരീക്ഷണങ്ങൾ. ഈ വിധി സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തുന്ന പരിശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നാണ് സഖാവിന്റെ താത്വിക നിലപാട്. സഖാക്കളാൽ സഖാക്കളുടെ ഭാര്യമാർക്ക് വേണ്ടി സഖാക്കൾ നിയമിച്ച വി.സി മാർ ചെയ്യുന്ന ഇത്തരം പുണ്യ കർമ്മങ്ങൾ തുരങ്കം വയ്ക്കുന്നവർക്ക് ഗുണം പിടിക്കില്ല എന്ന് സഖാവ് പറയാതെ പറഞ്ഞു എന്ന് മാത്രം.

കേരളത്തിലെ പന്ത്രണ്ടോളം സർവ്വകലാശാലകളിൽ പാർട്ടിക്കാരെ നിയമിക്കാൻ സാധിച്ചാൽ പലതുണ്ട് ഗുണം. സമരവും അക്രമവും നടത്തി നേതാവാകുന്നവരുടെ ഭാര്യമാർക്ക് മാന്യമായ തൊഴിൽ നൽകാനാവുന്നതിനാൽ പുതിയ സഖാക്കൾ വഴിയാധാരമാവില്ല. കോളേജിൽ നേരാം വണ്ണം പഠിക്കാൻ മിനക്കെടാതെ സമരം നടത്തി നടക്കുന്ന കുട്ടി സഖാക്കളെ സൂത്രത്തിൽ ഉന്നത വിദ്യാഭ്യാസ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊക്കെ ദാനം ചെയ്തു മിടുക്കന്മാരാക്കാം. ഇത്തരം പുരോഗമനാശയങ്ങളുടെ കടയ്ക്കൽ കത്തി വെക്കുന്ന ദ്രോഹമാണല്ലോ ഈ ഗവർണർ ചെയ്യുന്നത്. അതിയാൻ കച്ചമുറുക്കി ചുരികയുമായി കളത്തിലിറങ്ങിയതോടെ ഇത്രയും പൊല്ലാപ്പുകൾ വന്നു ചേരും എന്ന് നിനച്ചില്ല.

ശോഭനമായ ഭാവി സ്വപ്നം കണ്ട് ചങ്കിൽ ചെങ്കൊടി പച്ച കുത്തി നടക്കുന്ന പലർക്കും പേക്കിനാവായി.
നാൽപ്പതു ലക്ഷം തൊഴിൽരഹിതരുടെ രോദനത്തിൽ ആർക്കും ആശങ്കയില്ല. പട്ടാപകൽ അക്രമവും പിടിച്ചു പറിയും കൂട്ട ബലാത്സംഗവും ആശങ്കപ്പെടുത്തുന്ന സംഭവങ്ങൾ വാർത്തയേ അല്ലാതാവുന്നു. ഖജനാവ് കാലിയാണെങ്കിലും വികസന പുകമറ സൃഷ്ടിച്ച് നാട്ടുകാരെ പറ്റിക്കാനുള്ള കെ-റെയിലും പാളം തെറ്റി. ഇനി അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ മുഖം രക്ഷിക്കാൻ ഗവർണർ മാത്രമാണ് ശരണം. അതും അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ മാത്രമേ ജനത്തിന് മുന്നിൽ അനുകമ്പക്ക് വഴിയുള്ളൂ. ഗവർണർ എന്തായാലും അറിയാവുന്ന അടവുകൾ എല്ലാം പയറ്റാൻ തന്നെയാണ് പുറപ്പാട്. അടി തെറ്റിയാൽ ആനയും (അല്ല പിണറായിയും) വീഴും എന്നാണല്ലോ. പൊതു ജനത്തിന് ഇപ്പോൾ മറ്റൊന്നും ചെയ്യാനില്ലല്ലോ.
പക്ഷേ സർക്കാർ ഓഫീസിൽ ഒപ്പിട്ടിട്ട് രാജ് ഭവന് മുന്നിൽ ഗവർണർക്കെതിരെ സമരം ചെയ്യാൻ പോയ പലരുടെയും ആസനത്തിൽ ചൂട് അടിച്ചു തുടങ്ങി എന്നാണ് അറിവ്. പലരുടെയും ചിത്രം സഹിതം ഗവർണർക്കും ചീഫ് സെക്രട്ടറിക്കും ബിജെപി നേതാക്കൾ പരാതി കൊടുത്തു എന്നാണ് അറിവ്. ഇനി
“എന്തെരോ എന്തോ…”

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com