മലയാള ടെലിവിഷന്‍ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തി കൊണ്ടാണ് സീരിയല്‍ നടന്‍ ശബരിനാഥിന്റെ വിയോഗ വാര്‍ത്ത വരുന്നത്. സെപ്റ്റംബര്‍ പതിനേഴിന് വീടിനടുത്ത് നിന്നും ഷട്ടില്‍ ബാറ്റ് കളിക്കുന്നതിനിടെ ശബരി തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശബരിയുടെ അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാടില്‍ തളര്‍ന്ന് നില്‍ക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം.

ശബരിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി പ്രമുഖരായിരുന്നു രംഗത്ത് വന്നത്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കള്‍ക്കുമെല്ലാം ശബരിയെ കുറിച്ച് പറയാന്‍ ഒരായിരം കഥകളുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ സഞ്ചയനം നടത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സഞ്ചയന വാര്‍ത്ത അറിയിച്ച് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പരസ്യവും കൊടുത്തിരുന്നു. ശബരിയുടെ ഭാര്യ ശാന്തിയാണ് പരസ്യവര്‍ത്ത നല്‍കിയത്. ഞങ്ങളുടെ എല്ലാമായിരുന്ന എന്റെ പ്രിയ ഭര്‍ത്താവ് ശബരിനാഥ് (മാനേജിങ്ങ് ഡയറക്ടര്‍ ഷിന്‍ഷിവ ആയുര്‍വ്വേദ റിസോര്‍ട്ട് ചൊവ്വര) സഹിക്കാനാകാത്ത ദുഖം സമ്മാനിച്ച് അകാലത്തില്‍ ഈ ലോകം വിട്ട് പോയിരിക്കുന്നു.
കാലം നല്‍കിയ ഈ വേദന എങ്ങനെ മറിക്കടക്കണമെന്ന് അറിയില്ല. ആശ്വാസമുതിര്‍ത്ത ഓരോരുത്തര്‍ക്കും നന്ദി പറയുവാന്‍ മാത്രമേ കഴിയുന്നുള്ളൂ. ഈ ദുഖം തങ്ങളുടേതെന്ന് കരുതി ആശ്വാസം പകര്‍ന്നു തന്നെ എല്ലാവര്‍ക്കും നന്ദി!… എന്നാണ് ശാന്തി നല്‍കിയ പരസ്യകുറിപ്പില്‍ പറയുന്നത്. ഭാഗ്യ എസ് നാഥ്, ഭൂമിക എസ് നാഥ് എന്നിവരാണ് ശബരിയുടെ മക്കള്‍.
ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായകനായിരുന്നു ശബരിനാഥ്. നായകന്‍ എന്നതിനൊപ്പം ചില വില്ലന്‍ വേഷങ്ങളിലും ശബരി തിളങ്ങിയിരുന്നു. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആദ്യമായി സീരിയലിലേക്ക് എത്തുന്നത്. ‘മിന്നുകെട്ട്’ എന്ന സീരിയലില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ റോളിലായിരുന്നു ശബരിയുടെ എന്‍ട്രി. ടെക്‌നോപാര്‍ക്കില്‍ ജോലിയ്ക്കിടയില്‍ തന്നെയാണ് ശാന്തിയെ ശബരിനാഥ് ജീവിതസഖിയാക്കിയതും.
നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ച് വരികയായിരുന്നു താരം. സാഗരം സാക്ഷി എന്ന സീരിയലിന്റെ നിര്‍മാതാവ് കൂടിയാണ് ശബരി. വേര്‍പാടിന് പിന്നാലെ തന്റെ കരിയറിനെ കുറിച്ചും മറ്റ് വിശേഷങ്ങളും പറയുന്ന ശബരിയുടെ പഴയ അഭിമുഖങ്ങളുടെ വീഡിയോസ് വൈറലായിരുന്നു.