മോസ്കോ: ബ്രിട്ടന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് റഷ്യയിലെ പ്രമുഖ വിമാന കമ്പനിയായ എയ്റോഫ്ലോട്ടിന്റെ മുതിര്‍ന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബ്രിട്ടനിലെ എയ്റോഫ്ലോട്ടിന്റെ സ്റ്റേഷന് മാനേജറായി ജോലിചെയ്തു വരികയായിരുന്ന ദിമിത്രി ഫെഡോട്ട്കിന് ആണ് അറസ്റ്റിലായത്. നേരത്തെ കമ്പനിയുടെ ബ്രിട്ടനിലെ കണ്ട്രി മാനേജരായും ഇയാള്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

റഷ്യയുടെ സാമൂഹികവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ബ്രിട്ടന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന് ഫെഡോട്ട്കിന് കൈമാറിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് എയ്റോഫ്ലോട്ട് വിമാന കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷാ ലഭിക്കും.

2018 ല്‍ റഷ്യന്‍ രഹസ്യാന്വേഷണവിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന സെര്‍ജി സ്ക്രിപാലിനെയും മകള്‍ യൂലിയയെയും രാസവിഷപ്രയോഗത്തിലൂടെ ബ്രിട്ടനില്‍ വെച്ച് ഭക്ഷണത്തില്‍ വിഷം നല്കി വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബ്രിട്ടന് 23 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെയാണ് പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായി റഷ്യയും മോസ്കോയിലെ 23 നയതന്ത്ര പ്രതിനിധികളെയും പുറത്താക്കിയിരുന്നു. പുതിയ സംഭവവികാസത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളായിരിക്കുകയാണ്.