ലണ്ടന്‍: യുകെയില്‍ പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയെ അതിക്രൂരമായ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജിഗുകുമാര്‍ സൂര്‍ത്തി എന്നയാള്‍ക്കാണ് ഇത്തരത്തില്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്. 28 വര്‍ഷക്കാലത്തോളം അയാള്‍ ജയിലില്‍ തന്നെ കഴിയേണ്ടി വരുമെന്നാണ് സൂചന.

ഈ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. മാര്‍ച്ച് രണ്ട് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം നടന്നത്. സോര്‍ത്തി അവരുടെ വീട്ടില്‍ കയറുകയും സംസാരിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവരെ നിരവധി തവണ കുത്തുകയും അവിടെ നിന്നും പോകുകയും ചെയ്തു. പിന്നീട് രണ്ട് മണിക്കൂറിനു ശേഷം സോര്‍ത്തി തന്നെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്യുകയായിരുന്നു. കുത്തിയപ്പോഴുണ്ടായ പരിക്കുകള്‍ കാരണമാണ് ഭവിനി പ്രവീണ്‍ മരിച്ചത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

ലീസെസ്റ്റര്‍ നഗരത്തില്‍ വീട്ടില്‍ കുത്തേറ്റ നിലയിലായിരുന്നു 21 കാരിയായ ഭവിനി പ്രവീണിനെ കണ്ടെത്തിയത്. ഭയാനകവും ക്രൂരവും ദയയില്ലാത്തതുമായ കൊലപാതകമാണ് നടന്നത് എന്ന് കോടതി വിലയിരുത്തി. വെറും 21 വയസ് മാത്രമുള്ള, സുന്ദരിയായ, മിടുക്കിയായ ഒരു യുവതിയുടെ ജീവന്‍ നിങ്ങള്‍ എടുത്തുവെന്ന് കേസ് പരിഗണിച്ച ജഡ്ജി പറഞ്ഞു.
2017ലായിരുന്നു ഗുജറാത്ത് സ്വദേശികളായ ഇവരുടെ വിവാഹം നടന്നത്. പിന്നീട്, പങ്കാളിക്ക് ലഭിക്കുന്ന വിസയില്‍ 2018 ഓഗസ്റ്റ് മാസത്തിലാണ് ഭവിനിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടു വന്നത്. ഭവിനി പ്രവീണ്‍ തന്റെ ജീവിതം നശിപ്പിച്ചതായി ജിഗുകുമാര്‍ സോര്‍ത്തി ആരോപിച്ചിരുന്നുവെന്നും വാദിഭാഗം കോടതിയില്‍ വാദിച്ചു.