ലണ്ടന്‍: ലണ്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ റിട്ട. സീനി യര്‍ അഡ്മിനിസ്ട്രേറ്റര്‍ ഓഫീസറുമായിരുന്ന ഗുരുവായൂര്‍ സ്വദേശി തെക്കുംമുറി ഹരിദാസ് (70) നിര്യാതനായി. ടൂട്ടിങ്ങിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരള സര്‍ക്കാരിന്റെ നോര്‍ക്ക സെല്‍ ലണ്ടന്‍ പ്രതിനിധി കൂടിയായ അദ്ദേഹം ലോക കേരളസഭ അംഗമാണ്. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ രക്ഷാധികാരിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലണ്ടനിലെ കേരള റസ്റ്റോറന്റ് ഗ്രൂപ്പ് ഉടമയായിരുന്നു.
ഗുരുവായൂര്‍ സ്വദേശിയായ ഇദ്ദേഹം കുടുംബ സമേതം ലണ്ടനിലാണ് താമസം.
യുകെയിലെ ഒ.ഐ.സി.സി കണ്‍വീനറും ദീര്‍ഘകാലം എംബസി ഉദോഗസ്ഥനുമായിരുന്ന ഹരിദാസ് ലണ്ടനിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനായിരുന്നു. എംബസിയുമായി ബന്ധപ്പെട്ട് മലയാളികളുടെ ആവശ്യങ്ങള്‍ക്ക് കഴിയാവുന്ന എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്യാറുണ്ടായിരുന്നു. സര്‍വിസില്‍നിന്ന് വിരമിച്ച ശേഷവും അദ്ദേഹം സജീവമായിരുന്നു .
സംസ്കാരം പിന്നീട്. ജയലതയാണ് ഭാര്യ. വൈശാഖ്, വിനോദ്, നീലേഷ്, നിഖില്‍ എന്നിവര്‍ മക്കളാണ്. മരുമകള്‍ സ്മൃതി നായര്‍.