ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് ആത്മഹത്യയുടെ വക്കിലാണെന്നും ചാരവൃത്തി ആരോപിച്ച് അമേരിക്കയിലേക്ക് അയച്ചാല്‍ അസാഞ്ജ് ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹത്തെ ചികിത്സിച്ച മനോരോഗവിദഗ്ധന്‍. അസാഞ്ജിന് വിഷാദരോഗത്തിന്റെ ചരിത്രമുണ്ടെന്നും യുഎസിന് കൈമാറിയാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ലണ്ടനിലെ കിങ്‌സ് കോളേജ് ന്യൂറോ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ മൈക്കല്‍ കോപെല്‍മാന്‍ പറഞ്ഞു.

അസാഞ്ജ് കടുത്ത വിഷാദരോഗത്തിലൂടെയാണ് കടന്നുപോകുന്നത്. മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ അദ്ദേഹം കാണിക്കുന്നു. നിരന്തരം ശബ്ദങ്ങള്‍ കേള്‍ക്കുന്നു. അത് കടുത്ത മാനസികരോഗത്തിന്റെ ലക്ഷണമാണ്. മരണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം വില്‍പ്പത്രം തയ്യാറാക്കുകയും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുള്ള യാത്രാമൊഴി എഴുതുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. യുഎസിന് കൈമാറിയാല്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ് അസാഞ്ജിനെ യുഎസിന് കൈമാറുന്നത് സംബന്ധിച്ച ഹിയറിംഗില്‍ ഡോക്ടര്‍ പറഞ്ഞു.

തങ്ങളുടെ സൈനിക, രാഷ്ട്രതന്ത്രപരമായ രേഖകള്‍ 2010ല്‍ പുറത്തുകൊണ്ടുവന്നതിനാണ് യു.എസ്. അസാഞ്ജിനെ പ്രതിയാക്കിയത്. അദ്ദേഹത്തിനെതിരേ 18 കേസാണ് നിലവിലുള്ളത്. ലണ്ടനിലെ ബെല്‍മാര്‍ഷിലെ അതിസുരക്ഷാജയിലിലാണ് അസാഞ്ജിനെ പാര്‍പ്പിച്ചിരിക്കുന്നത്.