ലണ്ടൻ: ബ്രിട്ടണിൽ കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മരണ നിരക്കിൽ വർധനവ്. 1,610 പേർക്കാണ് കൊറോണയെ തുടർന്ന് ബ്രിട്ടണിൽ ഇന്ന് ജീവൻ നഷ്ടമായത്. ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് അതീവ ജാഗ്രതയിലാണ് ബ്രിട്ടൺ. തിങ്കളാഴ്ച്ച 599 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒറ്റ ദിവസത്തിനിടെ മരണ സംഖ്യ കുത്തനെ ഉയരുകയായിരുന്നു.

ഇന്ന് 33,355 പുതിയ കൊറോണ കേസുകളാണ് ബ്രിട്ടണിൽ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച്ച 37,535 പേർക്കായിരുന്നു ബ്രിട്ടണിൽ കൊറോണ സ്ഥിരീകരിച്ചിരുന്നത്.

അതേസമയം വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്റിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജനിതക മാറ്റം സംഭവിച്ച കൊറോണയുടെ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രോഗ വ്യാപനം തടയുന്നതിനായി കനത്ത ജാഗ്രതയിലാണ് ആരോഗ്യ പ്രവർത്തകർ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതരും നിർദ്ദേശം നൽകുന്നു.