പല രക്ഷാ പ്രവര്‍ത്തനങ്ങളും ധീരപ്രവര്‍ത്തികളും ചെയ്ത് പലരും സ്വന്തമാക്കുന്ന ധീരതയ്ക്കുള്ള അവാര്‍ഡ് നേടി അമ്പരപ്പിച്ചിരിക്കുകയാണ് ഒരു എലി. പൊതുവെ മനുഷ്യര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചെന്ന വാര്‍ത്തകളാണ് കേള്‍ക്കാറുള്ളതെങ്കിലും അനേകം മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്ന സത്പ്രവര്‍ത്തിയിലൂടെ ‘മഗാവ’ എന്ന എലിയാണ് ഇത്തവണ ധീരതയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി അമ്പരപ്പിക്കുന്നത്. മനുഷ്യരുടെ ജീവിതത്തില്‍ മൃഗങ്ങളുടെ സ്വാധീനം, മൃഗങ്ങളെ മനുഷ്യര്‍ എങ്ങനെ കരുതണം എന്നൊക്കെ തങ്ങളുടെ പ്രവര്‍ത്തനങ്ങളാല്‍ സമൂഹത്തിന് കാട്ടിക്കൊടുക്കുന്ന സംഘടനയായ ‘പിപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക്ക് ആനിമല്‍സ്’ (പി.ഡി.എസ.്എ) മൃഗങ്ങള്‍ക്കായ് ഏര്‍പ്പെടുത്തിയ ധീരതയ്ക്കുള്ള സുവര്‍ണ പുരസ്‌കാരമാണ് മഗാവയ്ക്ക് ലഭിച്ചത്. മൃഗങ്ങളുടെ ധീരമായ പ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കുന്ന ബ്രിട്ടീഷ് ചാരിറ്റിയാണ് പി.ഡി.എസ്.എ.

മുന്‍ കാലഘട്ടത്തില്‍ വര്‍ഷങ്ങള്‍ നീണ്ട യുദ്ധകാലത്തിന്റെ ശേഷിപ്പുകളായി ഇന്നും കമ്പോഡിയയുടെ പലഭാഗങ്ങളിലും ലക്ഷക്കണക്കിന് കുഴിബോംബുകള്‍ ആണ് കിടക്കുന്നത്. ഇവയുടെ മീതെ ഭയപ്പാടോടെയാണ് ഈ ജനതയുടെ ജീവിതം. ഭൂരിപക്ഷവും കൃഷി ഉപജീവനമാക്കിയ ജനതയാണ് കംബോഡിയക്കാര്‍. പലപ്പോഴും കൃഷി ചെയ്യാന്‍ നിലം ഒരുക്കുമ്പോഴാണ് ഇവിടെ കുഴിബോംബുകള്‍ പൊട്ടാറുള്ളത്.

ഇത്തരത്തില്‍ ഉണ്ടാകുന്ന അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായവര്‍ നിരവധിയാണ്. ഏകദേശം അരലക്ഷത്തോളം ആളുകള്‍ ഭിന്നശേഷിക്കാരായി ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളായി ഇപ്പോഴും കഴിയുന്നു. ഈ സാഹചര്യത്തിലാണ് രക്ഷകനായി മഗാവ വരുന്നത്. മണ്ണിന്റെ അടിയിലുള്ള കുഴിബോംബിന്റെ സാന്നിധ്യം മണത്തുകണ്ടുപിടിക്കാന്‍ അസാമാന്യ കഴിവുള്ള മഗാവയെ ഒരു സന്നദ്ധസംഘടനയാണ് കമ്പോഡിയയില്‍ എത്തിക്കുന്നത്.
കംബോഡിയയില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ സേവനത്തിനിടെ ഇതേവരെ 1,41,000 ചതുരശ്ര മീറ്റര്‍ ദൂരം മഗാവ മണംപിടിച്ച് സുരക്ഷിതമാക്കി കഴിഞ്ഞു. 39 കുഴി ബോംബുകളാണ് മഗാവ ഇതിനോടകം കണ്ടെത്തിയിരിക്കുന്നത്. 28ലേറെ വെടിക്കോപ്പുകളും മഗാവ കണ്ടെത്തിയിട്ടുണ്ട്. ഈ ധീര പ്രവര്‍ത്തിക്കാണ് പി.ഡി.എസ്.എയുടെ പരമോന്നത ബഹുമതി. ഈ ബഹുമതി നേടിയിട്ടുള്ള മൃഗങ്ങളിലെ ആദ്യത്തെ എലിയാണ് മഗാവ.
അത്യസാധാരണമായ ഈ ധീരസേവനത്തിനാണ് പി.ഡി.എസ്.എ സ്വര്‍ണമെഡല്‍ നല്‍കി മഗാവയെ ആദരിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എ.പി.ഒ.പി.ഒ എന്ന സന്നദ്ധസംഘടയുടെ ശ്രമഫലമായി ടാന്‍സാനിയയില്‍ നിന്നും ഈ എലി സംഘത്തെ കംബോഡിയയില്‍ എത്തിച്ചത്. കംബോഡിയയുടെ ഉള്‍ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം ദേഹത്ത് ഒരു ബെല്‍റ്റുമിട്ട ഈ എലിക്കൂട്ടവുമായി നടക്കുകയാണ് ഇതിന്റെ ചുമതല വഹിക്കുന്നവര്‍. മണം പിടിക്കുന്നതിലൂടെ എലികള്‍ നല്‍കുന്ന സൂചനയുടെ മാത്രം ബലത്തിലാണ് അവയുടെ സംരക്ഷകരും ബോംബ് സ്‌ക്വാഡ് അംഗങ്ങളും ഓരോ പ്രദേശത്തേക്കും യാത്ര ചെയ്യുന്നത്.
ഇവയെ ഒരിടത്തേക്ക് തുറന്നുവിട്ടാല്‍ അവിടം ഇവ മണത്തുനടക്കും. എങ്ങാനും ബോംബ് കണ്ടെത്തിയാല്‍ അവിടെ തന്നെ നില്‍ക്കും, അതിന് ശേഷം കാലുകൊണ്ട് അല്‍പം തുരന്നിടും. ഇതോടുകൂടി ബോംബ്‌സ്‌ക്വാഡ് എത്തി അത് നിര്‍വീര്യമാക്കുകയാണ് പതിവ്. ആഫ്രിക്കന്‍ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തില്‍പ്പെട്ട എലിയാണ് മഗാവ. സാധാരണ എലികളില്‍ നിന്ന് വ്യത്യസ്തമായി കവിളില്‍ ചെറു സഞ്ചികളുള്ള വിഭാഗക്കാരാണ് ആഫ്രിക്കന്‍ ജയന്റ് പൗച്ച്ഡ് റാറ്റുകള്‍.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കുഴിബോംബുകള്‍ കണ്ടെത്തുന്ന ജോലിയില്‍ സൈന്യത്തെ സഹായിക്കുകയാണ് ‘ഹീറോ റാറ്റ്’ എന്നറിയപ്പെടുന്ന ഏഴുവയസുകാരന്‍ മഗാവ. മികച്ച ഘ്രാണ ശക്തിക്ക് പുറമേ ഹാന്‍ഡിലറിലെ സെന്‍സറുകളും ഈ ബോംബുകള്‍ കണ്ടെത്താന്‍ മഗാവയെ സഹായിക്കുന്നുണ്ട്. വിരമിക്കല്‍ പ്രായമാകുന്നത് വരെ മഗാവ ഈ ജോലി തുടരുമെന്ന് അധികൃതര്‍ പറയുന്നു.
197588 കാലഘട്ടത്തിലെ കംബോഡിയ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി 50 ലക്ഷത്തിലധികം കുഴിബോംബുകളാണ് രാജ്യത്താകമാനം സ്ഥാപിച്ചത്. അത് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴും തുടരുന്നത്. 64,000ലേറെ ആള്‍ക്കാരാണ് ഇത്തരത്തില്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്ന കുഴിബോംബ് പൊട്ടിയുള്ള സ്‌ഫോടനത്തില്‍ മരണപ്പെട്ടിട്ടുള്ളത്.