THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, March 27, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Feature ജോവര്‍ അത്ര ചെറുതല്ല, ആരോഗ്യത്തിന്റെ കലവറയാണ്...ശീലമാക്കാം

ജോവര്‍ അത്ര ചെറുതല്ല, ആരോഗ്യത്തിന്റെ കലവറയാണ്…ശീലമാക്കാം

പ്രതാപ് വെണ്ണല

adpost

ചെറുധാന്യങ്ങള്‍ ആരോഗ്യം പകരുന്ന ഔഷധങ്ങളാണെന്ന കാര്യം തര്‍ക്കരഹിതമായി തെളിയിക്കപ്പെട്ടതാണ്. ഇന്ത്യയില്‍ പലതരം ചെറുധാന്യങ്ങള്‍ വിളയിച്ചെടുക്കുന്നുണ്ട്. റാഗി, ബജ്ര, കൂവരക്, കൊടോ, ചാമ, തിന, വരക്, ബാര്‍ലി, സാന്‍വ, ചെന എന്നിവ അവയില്‍ ചിലതാണ്. ഇക്കൂട്ടത്തില്‍ ജനപ്രിയമായ ഒന്നാണ് ജോവര്‍ അല്ലെങ്കില്‍ സോര്‍ഗം. ലോകത്തിലെ മികച്ച അഞ്ച് ആരോഗ്യമുള്ള ധാന്യങ്ങളില്‍ ഒന്നാണ് ജോവര്‍. ആഫ്രിക്കയിലും ഏഷ്യയിലും വ്യാപകമായി കൃഷി ചെയ്യുന്ന ജോവര്‍ മനുഷ്യശരീരത്തിന് ധാരാളം ഗുണങ്ങള്‍ സമ്മാനിക്കുന്നതാണ്. ഇതിനെ മലയാളികള്‍ ‘മണിച്ചോളം’ എന്നും വിളിക്കുന്നു.

adpost

കൃഷി ചെയ്യുന്ന വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ നെല്ല് കഴിഞ്ഞാല്‍ ഒന്നാം സ്ഥാനം മണിച്ചോളത്തിനാണ്. അതിനാല്‍തന്നെ ഇന്ത്യയിലെ പ്രധാന വിളകളിലൊകുന്നു ഇത്. പാലക്കാട് ജില്ലയിലാണ് കൂടുതലായി മണിച്ചോളം കൃഷി ചെയ്തുവരുന്നത്. ഇതിന്റെ വയ്‌ക്കോല്‍ നെല്ലിന്റെ വയ്‌ക്കോലിനെക്കാള്‍ ഗുണപ്രദമാണ്. വയ്‌ക്കോലിന് വേണ്ടി മാത്രമായും ഇവ കൃഷി ചെയ്യാറുണ്ട്. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് ഇവ നമുക്ക് കഴിക്കാവുന്നതാണ്. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. ചിലയിനം മണിച്ചോളം മലര് ഉണ്ടാക്കാനും കുഞ്ഞുങ്ങള്‍ക്ക് ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.

മൃഗങ്ങള്‍ക്കായുള്ള ഭക്ഷണത്തില്‍ നേരത്തെ ജോവര്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ഇതിന്റെ അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങളാല്‍ ഇന്ന് മനുഷ്യരും ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂറ്റന്‍ ഫ്രീ ആണ്. അതിനാല്‍ ഗ്ലൂറ്റന്‍ ഫ്രീ ഡയറ്റിലുള്ളവര്‍ക്ക് ഗോതമ്പിന് പകരമായി മണിച്ചോളം ഉപയോഗിക്കാവുന്നതാണ്. ഇത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഫൈബറിന്റെ അളവില്‍ സമ്പുഷ്ടമാണ് ജോവര്‍. നമ്മുടെ ശരീരത്തിന് ദിവസേന ആവശ്യമുള്ള 48 ശതമാനം ഫൈബര്‍ ജോവറില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ ശരീരത്തിലെ ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നു. മലബന്ധം നീക്കി വയര്‍ ശുദ്ധീകരിക്കുന്നു. ദഹനത്തിന് ജോവര്‍ സഹായിക്കുന്നതിലൂടെ ശരീരവണ്ണം, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു.

ശക്തമായ രോഗപ്രതിരോധ ശേഷി നിങ്ങളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തും. അതിനായി നമ്മള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. മണിച്ചോളം മനുഷ്യശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അസ്ഥികളെയും കോശങ്ങളെയും ശക്തമാക്കാന്‍ സഹായിക്കുന്ന മഗ്‌നീഷ്യം, ചെമ്പ്, കാല്‍സ്യം എന്നിവ ജോവറില്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഇരുമ്പും ജോവറില്‍ ധാരാളമുണ്ട്. മണിച്ചോളത്തിലെ വിറ്റാമിന്‍ സി ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം നമ്മുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ അഭാവവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത്തരം ഭക്ഷണങ്ങളില്‍ കലോറി, ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവ വളരെ കുറവാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് വേണ്ടത്. ജോവറില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. ഇത് ശരീരത്തില്‍ നിന്നു മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

കൂടാതെ, ഇത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ബി, ഇ തുടങ്ങിയ പോഷകങ്ങളും ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പല ഹൃദയ രോഗാവസ്ഥകളും ഒഴിവാക്കാനും സഹായിക്കുന്നു. ശക്തമായ അസ്ഥികള്‍ക്ക് കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്താന്‍ മണിച്ചോളം ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇതില്‍ ഉയര്‍ന്ന അളവില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തില്‍ കാല്‍സ്യം നിലനിര്‍ത്താന്‍ മണിച്ചോളം സഹായിക്കുന്നു. ഇതിലൂടെ എല്ലുകള്‍ ബലമുള്ളതാകുന്നു.

മറ്റ് ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മണിച്ചോളത്തിന് നാരുകള്‍ വളരെ കൂടുതലാണ്. ഒരു നേരത്തെ ഭക്ഷണത്തില്‍ തന്നെ 12 ഗ്രാമില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നു, ഇത് ദിവസേന ശുപാര്‍ശ ചെയ്യുന്ന ഫൈബര്‍ ഉപഭോഗത്തിന്റെ 48 ശതമാനം ശരീരത്തിലെത്തിക്കുന്നു. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മണിച്ചോളം ശരീരത്തെ കൂടുതല്‍ നേരം വിശക്കാതെ നിലനിര്‍ത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളുടെ ആസക്തി തടയുകയും ചെയ്യുന്നു. ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതില്‍ നിന്ന് നമ്മുടെ ശരീരത്തെ മാറ്റിനിര്‍ത്തുന്നു.

ഇരുമ്പും ചെമ്പും ജോവറില്‍ കാണപ്പെടുന്ന രണ്ട് പ്രധാന ധാതുക്കളാണ്. ശരീരത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ ഈ ധാതുക്കള്‍ സഹായിക്കുന്നു. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ വികാസത്തിന് ഇരുമ്പ് നിര്‍ണായകമാണ്. അതേസമയം ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ ചെമ്പ് സഹായിക്കുന്നു. അതിനാല്‍ മണിച്ചോളം കഴിക്കുന്നത് കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ വികാസം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതുപോലെ ഇതിന്റെ ഉപയോഗം വിളര്‍ച്ചയുടെ സാധ്യത കുറയ്ക്കുകയും തലച്ചോറിന് ആരോഗ്യകരമായ ഓക്‌സിജന്‍ നല്‍കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.

മണിച്ചോളത്തില്‍ ഉയര്‍ന്ന അളവില്‍ നിയാസിന്‍ (വിറ്റാമിന്‍ ബി 3) അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ കൃത്യമായ ഊര്‍ജ്ജോത്പാദനത്തിന് ബി വിറ്റാമിന്‍ അവിഭാജ്യ ഘടകമാണ്. പെട്ടെന്നുള്ള ഊര്‍ജ്ജ വര്‍ദ്ധനവിനേക്കാള്‍ ശരീരത്തിലെ ഉര്‍ജ്ജനില ദിവസം മുഴുവന്‍ ക്രമമായി നിലനിര്‍ത്താന്‍ നിയാസിന്‍ സഹായിക്കുന്നു. ഒരുനേരത്തെ ജോവറിന്റെ ഉപയോഗം ദൈനംദിന ആവശ്യത്തിന്റെ 28 ശതമാനം നിയാസിന്‍ ശരീരത്തിലെത്തിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് ഉത്തമ ഭക്ഷണമാണ് മണിച്ചോളം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്നതിനാല്‍ പല പ്രമേഹരോഗികളും ജോവര്‍ കഴിക്കുന്നു. ഇതിലെ ടാന്നിന്റെ സാന്നിധ്യം ശരീരത്തിലെ അന്നജത്തെ ആഗിരണം ചെയ്യുന്ന എന്‍സൈമുകളുടെ ഉത്പാദനത്തെ തടയുന്നു. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. സൗന്ദര്യസംരക്ഷകര്‍ക്ക് പറ്റിയ കൂട്ടാളിയാണ് ജോവര്‍. മുഖത്ത് മണിച്ചോളം പേസ്റ്റാക്കി തേക്കുന്നത് ചര്‍മ്മത്തെ ആരോഗ്യകരമായി നിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ജലാംശം നിലനിര്‍ത്തുന്നതിന് ഉത്തമമാണ്. ചര്‍മ്മ കാന്‍സറിന് കാരണമാകുന്ന മെലനോമ കോശങ്ങളുടെ അധിക ഉത്പാദനവും ജോവര്‍ തടയുന്നു.

മണിച്ചോളം നമ്മുടെ കണ്ണുകളെയും സംരക്ഷിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ എ ഉത്തമമാണെന്ന് ഏവര്‍ക്കും അറിവുള്ളതാണ്. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ കണ്ണുകളെ ആരോഗ്യകരമായി നിലനിര്‍ത്തും. തിമിരത്തിന്റെ രൂപീകരണത്തെ തടയുന്ന ബീറ്റാ കരോട്ടിന്‍ അഥവാ വിറ്റാമിന്‍ എ ജോവറില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ശരീരത്തില്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വിറ്റാമിന്‍ ബി 6 ജോവറില്‍ അടങ്ങിയിരിക്കുന്നു. ഇതിനെ ഗാമാഅമിനോബ്യൂട്ടിക് ആസിഡ് എന്ന് വിളിക്കുന്നു. മനുഷ്യ ശരീരത്തിലെ നാഡീ പ്രേരണകളെ ഇത് നിയന്ത്രിക്കുന്നു. ഗാമാഅമിനോബ്യൂട്ടിക് ആസിഡിന്റെ വര്‍ദ്ധനവ് മെച്ചപ്പെട്ട മാനസികാവസ്ഥ, മികച്ച ഫോക്കസ് എന്നിവ നല്‍കുന്നു. സ്‌ട്രെസ് കുറയ്ക്കല്‍, വിഷാദരോഗ സാധ്യത കുറയ്ക്കല്‍ എന്നിവയ്ക്കും ഇത് സഹായിക്കുന്നു.

ഫ്രീ റാഡിക്കലുകള്‍ നിങ്ങളുടെ ശരീരത്തെ പല തരത്തില്‍ ബാധിക്കും. കൂടുതല്‍ ഫ്രീ റാഡിക്കലുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ദ്ധിപ്പിക്കുന്നു. ഇത് വാര്‍ദ്ധക്യത്തിനും കാരണമാകുന്നു. മണിച്ചോളത്തിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തില്‍ കാണപ്പെടുന്ന ഫ്രീ റാഡിക്കലുകളുടെ പ്രഭാവം കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ വാര്‍ദ്ധക്യ പ്രക്രിയയെ മന്ദീകരിക്കും.

ഒരു കപ്പ് ജോവറില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഓരോ കപ്പിലും 8.45 മില്ലിഗ്രാം ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇത് മാംസം അല്ലെങ്കില്‍ വിറ്റാമിന്‍ സിയുമായി യോജിച്ച് നിങ്ങള്‍ക്ക് പരമാവധി ഗുണം നല്‍കും. മണിച്ചോളത്തില്‍ അടങ്ങിയ ബി വിറ്റാമിനുകള്‍ ശരീരത്തില്‍ പുതിയ കോശങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, ചെമ്പ്, ഇരുപതിലധികം മൈക്രോ ന്യൂട്രിയന്റുകള്‍, ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ജോവറില്‍ അടങ്ങിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com