റോക്കഫല്ലെർ സെനറ്ററിലേ 82 അടി മീതെ ഉയരമുള്ള ക്രിസ്മസ് ട്രീ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടു നോക്കിക്കാണുന്ന ഒരു നാട്ടിൻപുറത്തുകാരി. ന്യൂയോർക്ക് സിറ്റിയിലെ മിഡ്ടൗൺ മാൻഹട്ടനിലുള്ള റോക്ക്ഫെല്ലർ സെന്ററിൽ വർഷം തോറും സ്ഥാപിക്കുന്ന ഒരു വലിയ ക്രിസ്മസ് ട്രീയാണ് റോക്ക്ഫെല്ലർ സെന്റർ ക്രിസ്മസ് ട്രീ. നവംബർ പകുതിയോടെ വൃക്ഷം സ്ഥാപിക്കുകയും താങ്ക്സ്ഗിവിംഗിനെ തുടർന്ന് ഒരു പൊതു ചടങ്ങിൽ പ്രകാശിപ്പിക്കുന്നു.

സാധാരണയായി 69 മുതൽ 100 അടി വരെ ഉയരമുള്ള ഒരു നോർവേ സ്‌പ്രൂസ് വൃക്ഷം, 1933 മുതൽ എല്ലാ വർഷവും ഒരു ദേശീയ പാരമ്പര്യമാണ്. ഈ കാഴ്ച ആസ്വാദിച്ചുകൊണ്ടിരിക്കെ റോക്കി എന്ന കുഞ്ഞൻ മൂങ്ങയെ രക്ഷിച്ച വാർത്ത മനസിലേക്ക് ഓടി വന്നു. ന്യൂയോർക്ക് നഗരത്തിലേക്കുള്ള 170 മൈൽ സവാരിചെയ്ത് ന്യൂയോർക്കിലെ ഒനോന്റയിൽ നിന്ന് 75 അടി നീളമുള്ള നോർവേ സ്‌പ്രൂസിനൊപ്പം സോ -വെറ്റ് മൂങ്ങയെ 2020തിൽ ക്രിസ്മസ് ട്രീ സ്ഥാപിക്കുമ്പോൾ രക്ഷപ്പെടുത്തിയിരുന്നു. മൂങ്ങയെ കണ്ടെത്തിയപ്പോൾ, അവൾ ദിവസങ്ങളായി തിന്നുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ ദ്രാവകവും ഭക്ഷണവും ലഭിച്ചതിന് ശേഷം അവൾ സുഖം പ്രാപിക്കാൻ തുടങ്ങി. മരം കൊണ്ടുപോകുന്നതിനും സുരക്ഷിതമാക്കുന്നതിനും സഹായിച്ച ഒരു തൊഴിലാളിയാണ് റാവൻസ്ബേർഡ് വന്യജീവി സംരക്ഷണകേന്ദ്രത്തെ വിളിച്ചറിയിച്ചത്. അവൾക്ക് റോക്കിയെന്നു പേരിട്ടു. ശോഭയുള്ള ഓറഞ്ച് പുതപ്പിൽ പൊതിഞ്ഞ്, സോഗെർട്ടീസിലുള്ള റാവൻസ്ബേർഡ് വൈൽഡ് ലൈഫ് സെന്ററിൽ പുനരധിവസിപ്പിക്കപ്പെട്ടു. മിണ്ടാപ്രാണികളോട് ഈ അമേരിക്കൻ ജനത കാണിക്കുന്ന ആർദ്രതയും കരുണയും അനിർവ്വചനീയം ആണ്.

ഈ മാസ്മരിക കാഴ്ചകൾ എന്നെ മായികലോകത്തു എത്തിച്ചുവെങ്കിലും ഓർമ്മകളുടെ ചിറകിലേന്തി ഞാൻ അമ്മവീട്ടിൽ എത്തി. കുട്ടിക്കാലം സന്തോഷകരമായ ഓർമ്മകളാൽ നിറഞ്ഞതാണ്. അത് എപ്പോഴും നമ്മൾ ഓർക്കുമ്പോൾ ആ ജീവിതത്തിന്റെ ഒരു ഭാഗം തിരികെ കൊണ്ടുവരാൻ കഴിയും. കുട്ടികളായിരിക്കുമ്പോൾ നമ്മൾ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് വളരെ വിരളമാണ്. ഭാവിയെ കുറിച്ച് നാം വ്യാകുലപ്പെടുന്ന ദിവസം നാം ബാല്യത്തെ ഉപേക്ഷിക്കുന്നു. എന്റെ കുട്ടിക്കാലം എന്റെ കഥയുടെ ഭാഗമാണ്. എന്നെ ഞാൻ ആക്കിയ എൻ്റെ കുട്ടികാലം. ബോർഡിങ് സ്കൂളിൽ നിന്ന് ക്രിസ്മസ് അവധിക്കു വന്നു വയറുനിറച്ചു ഭക്ഷണം കഴിച്ചിട്ട് പരിപാടികൾ ആരംഭിക്കുകയാണ്. കാര്യസ്ഥനായ ശാമുവേൽ അച്ചനെ മണിയടിച്ചു മുളയോ പുവരിശിൻ്റെ ശാഖയോ മുറിപ്പിച്ചു മുറ്റത്തു കുഴിച്ചിടും. ഒരിക്കൽ റോക്കി എന്ന മൂങ്ങയെ പോലെ എനിക്കും ഒരു കിളികുഞ്ഞി നെ കിട്ടി. പക്ഷെ അതിനു എന്ത് കഴിക്കാൻ കൊടുക്കണം എന്ന് അറിയില്ലായിരുന്നു. ചോറ് വായയിൽ കൊടുത്തതാണോ അത് പെട്ടന്ന് മരിച്ചുപോയി. വീണ്ടും ക്രിസ്തുമസ് ട്രീയിലേക്കു തിരിച്ചു വരാം. കുഞ്ഞു നക്ഷത്ര വിളക്കുകളും വർണ്ണ കടലാസ്സ്,പഴയ ക്രിസ്തുമസ് കാർഡുകളും വെച്ച് അലങ്കരിക്കും. ഓർമ്മകിലെ ഏറ്റവും രുചിയേറിയ മുത്തശ്ശിയുടെ അപ്പവും സ്‌റ്റൂവും ബീഫ് ഉലർത്തും അമ്മയുടെ കേക്ക്, പുഡ്ഡിംഗ് അങ്ങനെ മധുരിക്കുന്ന ഓർമ്മകൾ.
കരോളുകാർ വരുമ്പോൾ അപ്പായിയുടെയും (അമ്മയുടെ അച്ചൻ) അമ്മച്ചിയുടെയും വാക്കുതർക്കം രസകരമായ ഓർമയാണ്. അപ്പായി നല്ലൊരു പിശുക്കനായിരുന്നു. അമ്മച്ചി നേരെമറിച്ചും. കരോളുകാർക്കു കൂടുതൽ പണം നൽകാൻ അപ്പായി മടിക്കും. അമ്മച്ചിക്കോ അവർക്കു മനസ്സ് നിറയുന്ന പോലെ കൊടുക്കണം. ഇവരുടെ തർക്കം പരിഹരിക്കുന്നത് ഞങ്ങൾ കൊച്ചുമക്കൾ ആയിരുന്നു. കൊച്ചുമക്കൾ പറഞ്ഞാൽ അപ്പായി മനസില്ലാമനസോടെ അംഗീകരിക്കും. ഇവയൊക്കെ ഈറൻ അണിഞ്ഞ കണ്ണുകൾ കൊണ്ടുമാത്രമേ ഓർമ്മിക്കാൻ പറ്റുകയുള്ളു.
സ്വന്തം വീട്ടിലെ ഏറ്റവും മധുരം നിറഞ്ഞ ഓർമ്മകൾ കസിൻസിനൊപ്പം ഉള്ളതാണ്. പാതിരാകുർബ്ബാനയ്ക്കു പോകാതെ കിടന്നുറങ്ങിയ കുറ്റബോധം തീർക്കുവാൻ തറവാട്ടിൽ അറക്കുള്ളിൽ കുർബാന നടത്തി. കുർബാന മുഴുവൻ അറിയാവുന്നതു വൈദീകപുത്രനാണ്. അവൻ മുഖ്യകാർമ്മികനായി, ഞങ്ങൾ ഭക്തിനിറഞ്ഞ കുഞ്ഞാടുകളും. അമ്മച്ചിയും അമ്മമാരും അടുക്കളയിൽ നിന്ന് കുർബാന ആസ്വദിക്കുന്നുണ്ട്. പക്ഷെ കളി കാര്യമായതു കർത്താവിന്റെ തിരുശരീരത്തിന് പകരം അടുക്കളയിൽ നിന്ന് വിദഗ്ദ്ധമായി കടത്തിക്കൊണ്ടു വന്ന വെള്ളയപ്പം കൊടുക്കുന്നത് കണ്ടിട്ടാണ്. കർത്താവിന്റെ തിരുശരീരം വെച്ചുള്ള തമാശകൾ വേണ്ട എന്ന് പറഞ്ഞു കയ്യിൽ കിട്ടിയ വടിയുമായി അമ്മമാർ വന്നു. കാർമ്മികനും കുഞ്ഞാടുകളും, “എതിർ കക്ഷികൾ ആക്രമിക്കാൻ വരുന്നേ” എന്ന് നിലവിളിച്ചു ജീവനും കൊണ്ട് ഓടി. ഓടുമ്പോഴും ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഇളയവരായ ഇരട്ടകൾ, എൽസയും സാറയും കഥയറിയാതെ ചേച്ചിമാരുടെ കഴുത്തിൽ ഇറുക്കി പിടിച്ചിരിപ്പുണ്ട് .
കോളേജ് ദിനങ്ങളിലെ ക്രിസ്മസ് ആഘോഷത്തിന്റെ നാളുകളായിരുന്നു. ഒരു ക്രിസ്തുമസ് അവധി തുടങ്ങുന്നതിനു മുൻപ്, സാന്താക്ലോസ്സിനെ പോലെയിരിക്കുന്ന പക്ഷെ മാവേലിയെപോലെ വല്ലപ്പോഴും കോളേജിൽ വരുന്ന ഒരു സീനിയർ ചേട്ടൻ സുഹൃത്തിന്റെ കയ്യിൽ കൊടുത്തു വിട്ട ക്രിസ്മസ് കാർഡും അതിനുള്ളിൽ ഒരു കടലാസ്സിൽ എഴുതി വെച്ച പ്രണയ ലേഖനവും (ജീവിതത്തിൽ വായിച്ച ഏറ്റവും ആർദ്രമായ പ്രണയലേഖനം) ഇന്നും മനസ്സിൽ മായാതെ ഉണ്ട്.
ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രത്തിലെ പട്ടണങ്ങളായ ന്യൂയോർക്ക്, ലാസ്‌വേഗാസ്, ലോസ്ഏഞ്ചലസ് എന്നിങ്ങനെ എല്ലായിടത്തെയും ക്രിസ്തുമസ് കാഴ്ചകൾ കണ്ടിട്ടുണ്ടെങ്കിലും മനസിന് എന്നും കുളിർമയേകുന്നത് മാതാപിതാക്കളോടും മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പമുള്ള ക്രിസ്മസ് ആഘോഷങ്ങളാണ്.
കുട്ടിക്കാലത്തെക്കുറിച്ചു ചിന്തിക്കുന്നത് പുറകോട്ടു സഞ്ചരിക്കുമ്പോൾ മനോഹരമായ ഒരു പ്രദേശത്തെക്കുറിച്ചു ചിന്തിക്കുന്നതു പോലെയാണ്; സൗന്ദര്യം അപ്രത്യക്ഷമാകാൻ തുടങ്ങുമ്പോൾ, ആ നിമിഷം, അതിന്റ്റെ സൗന്ദര്യത്തെക്കുറിച്ച് ശരിക്കും ബോധവാന്മാരാകുന്നു. 14 ടൺ ഭാരമുള്ള വൃക്ഷം ആയിരക്കണക്കിന് വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, കൂടാതെ ദശലക്ഷക്കണക്കിന് ക്രിസ്റ്റൽസ് കൊണ്ട് പൊതിഞ്ഞ നക്ഷത്രം ഇവയൊക്കെ ആസ്വദിക്കുമ്പോഴും എന്റെ മനസ്സ് എനിക്ക് വിലപിടിച്ചവ തേടുന്നു. ലാസ്‌വേഗാസോ ഫ്രാൻസോ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളോ ഒന്നും വേണ്ട. എന്റെ കുട്ടിക്കാല ജീവിതത്തിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിച്ചു. അത് സന്ദർശിക്കാനും അതിൽ സ്പർശിക്കാനും അവ യഥാർത്ഥമായിരുന്നുവെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താനും മാത്രം. എന്റെ അപ്പായിയും അമ്മച്ചിയും മാതാപിതാക്കളും ബന്ധുക്കളും ഒപ്പമുള്ള മാധുര്യം നിറഞ്ഞ ക്രിസ്മസ് ഒരിക്കൽക്കൂടി. അതുമാത്രം ഞാൻ ആശിച്ചു പോകുന്നു…
ധരണി അവളുടെ പരിപാലനഭാരത്താൽ പ്രായപൂർത്തിയായി, പക്ഷേ ക്രിസ്മസിൽ അവൾ എപ്പോഴും ചെറുപ്പമാണ്, രത്നത്തിന്റെ ഹൃദയം തിളക്കവും സൗന്ദര്യവും ജ്വലിപ്പിക്കുന്നു. മാലാഖമാർ ഗാനം ആലപിക്കുമ്പോൾ സംഗീതം നിറഞ്ഞ ആത്മാവ് വായുവിനെ രോമാഞ്ചമണിയിക്കുന്നു. ലോകം മുഴുവൻ സ്നേഹത്തിൻ്റെ പദ്ധതിയിൽ ഏർപ്പെടുന്ന കാലഘട്ടം അനുഗ്രഹീതമാണ്.
പ്രിയവായനക്കാർക്കു ശാന്തിയുടെയും സമാധാനത്തിൻ്റെയും പ്രത്യാശയുടെയും ക്രിസ്തുമസ് നവവത്സര ആശംസകൾ നേരുന്നു.
മില്ലി ഫിലിപ്പ്