THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Festival ഗോഡ്‌സ് ഓൺ കൺട്രിയിലെ ദൈവകടാക്ഷങ്ങൾ

ഗോഡ്‌സ് ഓൺ കൺട്രിയിലെ ദൈവകടാക്ഷങ്ങൾ

ജെയിംസ് കൂടൽ

ഏതായാലും ഗോഡ്‌സ് ഓൺ കൺട്രി എന്നത് പൊയ്‌വാക്കല്ല എന്നത് ഒറ്റ ഫ്‌ലെക്‌സ് കൊണ്ട് തെളിഞ്ഞിരിക്കുന്നു. സംഗതി, വളാഞ്ചേരിക്കടുത്ത് കച്ചേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഫ്‌ലെക്‌സ് ബോർഡ് പ്രത്യക്ഷപെട്ടു. ”ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവരെന്ന് ജനം പറഞ്ഞു, കേരളത്തിൻറെ ദൈവം” എന്നാണ് ഫ്‌ലെക്‌സ് ബോർഡിലെ എഴുത്ത്.

പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപമാണ് ഫ്‌ലെക്‌സ് വച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് പോയ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം പ്രാദേശിക നേതാക്കളാണ് ബോർഡ് വച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ തങ്ങൾ ഫ്‌ലക്‌സ് പാർട്ടി ഓഫീസിലും കവലകളിലും മാത്രമേ വയ്ക്കു എന്നും ഇത് ബി.ജെ.പിക്കാരായിരിക്കും എന്നുമാണത്രെ അവരുടെ മറുവാദം!

ചിന്തിച്ചാൽ ദൃഷ്ടാന്തം ചിലത് കാണുന്നുമുണ്ട്. കൊടകര കുഴൽപ്പണ കേസ്സിൽ നിന്ന് ഇത്ര കൂളായി സർവ ബിജെ.പിക്കാരെയും രക്ഷിച്ചെടുക്കാൻ ‘ദൈവം’തന്നെ ആകണം. കോടതിയിൽ പോലീസ് നൽകിയിരിക്കുന്ന കുറ്റപത്രത്തിൽ പ്രതികൾ 22 പേരുണ്ട്. എല്ലാം പ്രാദേശിക അടിപിടി ഗുണ്ടകൾ. വലുതും ചെറുതുമായ ബന്ധപ്പെട്ട എല്ലാ ബി.ജെ.പി. നേതാക്കന്മാരും കേസ്സിലെ സാക്ഷികൾ. അവർ ഇനി കോടതിയിൽ സാക്ഷി പറഞ്ഞുകൊണ്ടിരുന്നാൽ മതി. എന്നാൽ, കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കടത്തിക്കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ജി.ഗിരീശൻ എന്നിവരുടെ അറിവോടെയെന്നും കവർച്ച ചെയ്യപ്പെട്ട കാര്യം ഇവർ അറിഞ്ഞു എന്നും കുറ്റപത്രത്തിലുണ്ട്. കേസിലെ പരാതിക്കാരനായ ആർഎസ്എസ് നേതാവും ഹവാല ഇടപാടുകാരനുമായ ധർമരാജന്റെ മൊഴിയും ഫോൺ രേഖകളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. കവർച്ചയുമായി ബന്ധമുള്ള 22 പേരാണു പ്രതിപ്പട്ടികയിൽ. ഇതിൽ ബിജെപി നേതാക്കൾ ആരുമില്ല. സുരേന്ദ്രൻ, ഗണേശൻ, ഗിരീശൻ എന്നിവർ ഉൾപ്പെടെ 19 ബിജെപി നേതാക്കളടക്കം ഇരുനൂറിലേറെ പേർ സാക്ഷിപ്പട്ടികയിലുണ്ട്.

കോഴിക്കോടു നിന്നു വരുന്ന വഴി, തൃശൂരിൽ വച്ച് 6.25 കോടി രൂപ ബിജെപി നേതാക്കൾക്കു കൈമാറിയെന്നും ബാക്കി 3.5 കോടിയിലേറെ രൂപയുമായി ആലപ്പുഴയിലേക്കു പോകുന്നതുവഴിയാണു കവർച്ച. കരാർ പ്രകാരം ധർമരാജൻ കാറിൽ പണമൊളിപ്പിച്ചു കൊണ്ടുവന്നു. ഡ്രൈവർ ഷംജീറിനൊപ്പം സഹായി ആയി കയറിപ്പറ്റിയ റഷീദ് വിവരം ചോർത്തി നൽകിയതു പ്രകാരം കണ്ണൂരിൽ നിന്ന് ഒന്നാം പ്രതി മുഹമ്മദ് അലിയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്നു. ഇവർ ഏർപ്പാടാക്കിയതനുസരിച്ച് ഇരിങ്ങാലക്കുടയിലുള്ള കവർച്ച സംഘം കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ചു കാറും പണവും കവർന്നു. ഇതിന്റെ പങ്ക് ഇരിങ്ങാലക്കുട സംഘത്തിനു നൽകിയശേഷം ബാക്കി പണവുമായി കണ്ണൂർ സംഘം മടങ്ങി. കുഴൽപണ കവർച്ച കേസിൽ പരാതിക്കാരൻ ധർമരാജനുമായുള്ള ബന്ധം ബിജെപി നേതാക്കൾ വിശദീകരിച്ചതു തിരഞ്ഞെടുപ്പിനുള്ള ‘പ്രിന്റഡ് മെറ്റീരിയൽ’ കൊണ്ടുവന്നയാൾ എന്നാണ്. നോട്ടിന്റെയൊക്കെ ഒരു വിലയേ! സംഘടന സെക്രട്ടറി എം. ഗണേഷ്, മധ്യമേഖല സെക്രട്ടറി കാശിനാഥൻ, ആലപ്പുഴ ട്രഷറർ ജി.കർത്താ അടക്കമുള്ളവർ ധർമരാജനുമായുള്ള ബന്ധം അന്വേഷണ ഉദേ്യാഗസ്ഥരോടു പറഞ്ഞതും പ്രിന്റഡ് മെറ്റീരിയൽ കൊണ്ടുവരുന്നതിനാൽ വിളിച്ചു എന്നാണ്. തിരഞ്ഞെടുപ്പു സാമഗ്രികൾ എന്നും മൊഴികളിലുണ്ട്. സാക്ഷികളായ ഇവരൊക്കെ കോടതിയിൽ ഇതൊക്കെത്തന്നെ പറയുമായിരിക്കും.പക്ഷേ, ക്ലൈമാക്‌സ് ഒളിപ്പിച്ചിരിക്കുന്നത് ഇതിലല്ല.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൂട്ടായ കവർച്ച, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളിലാണ് അന്വേഷണം നടത്താൻ പൊലീസിന് അധികാരമുള്ളത്. എന്നാൽ ഇത്തരത്തിൽ കവർച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം, ഉടമ, അതു സമ്പാദിച്ച വഴികൾ എന്നിവയിൽ അന്വേഷണം നടത്തേണ്ടതു കേന്ദ്ര ഏജൻസികളാണ്. ഉറവിടം സംബന്ധിച്ച വ്യക്തത ഇല്ലാതെയാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചതെന്നു ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിക്കു ബോധ്യപ്പെട്ടാൽ ഉത്തരവാദപ്പെട്ട ഏജൻസിക്കു കേസ് കൈമാറാൻ നിർദേശിച്ചേക്കാം. സിബിഐ അന്വേഷിച്ച കേസുകളിൽ പോലും ഇത്തരം പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കുറ്റപത്രം മടക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അതാണ് കളി. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാനുള്ള നിയമപരമായ ബാധ്യത പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് (ഇഡി). പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ശേഷം കോടതി നിർദേശിച്ചാൽ അന്വേഷിക്കാമെന്ന നിലപാടിലാണ് ഇഡി. കാര്യങ്ങളൊക്കെ വ്യക്തമാകുന്നുണ്ടല്ലോ അല്ലേ.

എന്നാൽ കുറ്റപത്രത്തിലെ ‘ത്രില്ലിങ് എലമെന്റ്’ ജെയിംസ് ബോണ്ട് സിനിമകളിലെപോലെ കുഴൽപ്പണം കടത്താൻ ഉപയോഗിച്ച കാറാണ്. കടത്താൻ ഉപയോഗിച്ചതു പ്രത്യേകം തയാറാക്കിയ വാഹനമാണ്. ഇതേ വാഹനത്തിൽ കേരളത്തിന്റെ പലഭാഗത്തും ബിജെപി നേതാക്കളുടെ നിർദേശപ്രകാരം പണമെത്തിച്ചതായുള്ള ധർമരാജന്റെ മൊഴി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. കോഴിക്കോടു വച്ചു പ്രത്യേകം പണിയിച്ചതാണു സീറ്റിനടിയിലെ രഹസ്യ അറകളും തുറക്കാനുള്ള സ്വിച്ചും! തട്ടിയെടുത്ത സംഘം പോലും കാറിനുൾവശം കുത്തിപ്പൊളിച്ചാണു പണം കണ്ടെത്തിയത്. രഹസ്യ അറ തയാറാക്കാൻ 3 ലക്ഷം രൂപ ചെലവാക്കിയെന്നു കുറ്റപത്രം പറയുന്നു.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട ആവശ്യത്തിനായി 17 കോടി രൂപ കടത്താനാണു ഏജന്റുമാരെ നിയോഗിച്ചത്. വിവരം കവർച്ചാ സംഘത്തിനു ലഭിച്ചതു ഏജന്റുമാർ വഴിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ മൂന്നിനു കാറും പണവും കവർച്ച ചെയ്യപ്പെട്ടിട്ടും പരാതി നൽകാൻ 4 ദിവസം കാത്തിരുന്നതു തിരഞ്ഞെടുപ്പിനുള്ള കുഴൽപണമാണെന്ന വിവരം പുറത്തുവരാതിരിക്കാനാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടു പരാതി നൽകിയാൽ മതി എന്നതു നേതാക്കളുടെ തീരുമാനമായിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കൾ കൂടിയാലോചിച്ച് ഈ തീരുമാനമെടുക്കുകയും ധർമരാജനോടു തിരഞ്ഞെടുപ്പു നടന്ന ഏപ്രിൽ ആറിനുശേഷം പരാതി നൽകിയാൽ മതിയെന്നു നിർദേശിക്കുകയും ചെയ്തു.

ഇതനുസരിച്ച് 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടതായി ധർമരാജൻ കൊടകര പൊലീസിൽ പരാതി നൽകി. പണം നഷ്ടപ്പെട്ടതിനെക്കാൾ പാർട്ടിയെ ധർമസങ്കടത്തിലാക്കിയത്, കുഴൽപണമാണെന്ന വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. നഷ്ടപ്പെട്ട തുക 3.5 കോടി രൂപയാണെന്ന വിവരവും പുറത്തു വരരുത് എന്നു കർശന നിർദേശം നൽകിയിരുന്നതായി കുറ്റപത്രം പറയുന്നു. ഇതുപ്രകാരം 25 ലക്ഷം രൂപ മാത്രം നഷ്ടപ്പെട്ടതായി പരാതി നൽകിച്ചു. കവർച്ചാ സംഘത്തെക്കുറിച്ചു പൊലീസ് കണ്ടെത്തിക്കഴിഞ്ഞാൽ പാർട്ടി ബന്ധങ്ങൾ ഉപയോഗിച്ചു പ്രതികളിൽ നിന്നു ബാക്കി പണം കണ്ടെടുക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ. 3.5 കോടി രൂപ നഷ്ടപ്പെട്ടെന്നും ഇതു ദേശീയ പാർട്ടിയുടെ പണമാണെന്നുമുള്ള വാർത്ത വന്നതോടെയാണു കാര്യങ്ങൾ തകിടം മറിഞ്ഞത്. ഏതായാലും രാഷ്ട്രീയക്കാര് പണം കൈകാര്യം ചെയ്യുന്ന ഒരു റെയ്ഞ്ച് കുറ്റപത്രത്തിലുണ്ട്.

വാൽക്കഷണം: സി.പിഎമ്മിന് തിരഞ്ഞെടുപ്പ് ഫണ്ടോ കള്ളപ്പണമോ എന്തായാലും കൈകാര്യം ചെയ്യാൻ ഇമ്മാതിരി ‘ചീളുകേസ്സി’നൊന്നും പോകേണ്ടതില്ലത്രെ. അതിനല്ലേ, ‘പാർട്ടിക്ക് സ്വന്തം കോടതിയുണ്ടെന്ന്’ പറയുന്നതുപോലെ ‘പാർട്ടി ഭരിക്കുന്ന’ സഹകരണ ബാങ്കുകൾ. ഈയിടെ ചെറിയൊരു പറ്റുപറ്റി. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ ഒരു മുന്നൂറ് കോടിയുടെ തട്ടിപ്പ് പുറത്തായിപ്പോയി. ഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ട്. പോട്ടെ, ഏതു പോലീസുകാരനായാലും ഒരു പറ്റുപറ്റും. ഇതിനെ ട്രോളാൻ പ്രസിദ്ധ ചാനൽ സംവാദകനായ ശ്രീജിത്ത് പണിക്കർ ആശ്രയിച്ചത് പി. ഭാസ്‌കരന്റെ ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിലിന്റെ’ വരികളാണ്.

“കരുവന്നൂർ മഠത്തിലെ ഇണക്കുയിലേ,

ബാങ്കിൽക്രമക്കേടും അറിഞ്ഞു കൊണ്ടുറക്കമായോ?

പിടിച്ചപ്പോൾ ചൂടുണ്ടോ വിയർപ്പുണ്ടോ,

നിന്നെ പൂശുവാൻ കുമ്മായത്തിൻ സ്‌റ്റോക്കുണ്ടോ?

കളിവള്ളം കെട്ടിയിട്ടു തേക്കടിയിൽ

ഞാൻ മലരണി റിസോർട്ടിനുള്ളിൽ മയങ്ങുമ്പോൾ

കളവിന്റെ കളിത്തേരിൽ വന്നില്ലേ,

ഷെയർ കളിവാക്കു പറഞ്ഞെന്നെ തേച്ചില്ലേ

പതിനഞ്ചാം വാർഡിലെ പൊതുജനത്തിരമാല

ബ്രണ്ണറായി മുറ്റത്തെത്തി വിളിക്കുന്നു

പ്രത്യേക ഏക്ഷനൊക്കെ എടുത്താട്ടെ,

നിന്റെ ധാർഷ്ട്യത്തെ ഉണർത്താതെ വന്നാട്ടെ…”

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments