THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf അറബ് ലോകത്തെ പ്രിയ മലയാളി ബാലന്‍ സിനിമയിലേക്ക്‌

അറബ് ലോകത്തെ പ്രിയ മലയാളി ബാലന്‍ സിനിമയിലേക്ക്‌

ദുബൈ: അറുപതിലേറെ ഇംഗ്ലീഷ് അറബിക് പരസ്യങ്ങളില്‍ അഭിനയിച്ച് അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മോഡല്‍ കൂടിയായ മലയാളി ബാലന്‍ ഐസിന്‍ ഹാഷ് വെള്ളിത്തിരയിലേക്ക്. കുഞ്ചാക്കോ ബോബനും നയന്‍താരയും മുഖ്യവേഷങ്ങളിലെത്തുന്ന ‘നിഴല്‍’ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് അന്താരാഷ്ട്ര പരസ്യമോഡലായ ഐസിന്‍ അഭിനയിക്കുന്നത്. ഈ ത്രില്ലര്‍ സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.

adpost

ദുബൈ, അബൂദബി സര്‍കാറുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിന്‍ ഒരു സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബാള്‍ ടീമിന്റെയും ലിവര്‍പൂളിന്റെയും നായകനായിരുന്ന ഫുട്ബാള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡിനെ ആറാമത്തെ വയസ്സില്‍ ഇന്റര്‍വ്യൂ ചെയ്ത്, അന്താരാഷ്ട്ര തലത്തിലും ഐസിന്‍ ശ്രദ്ധനേടിയിട്ടുണ്ട്.

adpost

ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്കിലുമൊക്കെ വളരെ ചെറിയ പ്രായത്തില്‍ തന്നെ വെരിഫിക്കേഷന്‍ ലഭിച്ച അപൂര്‍വ്വം കുട്ടി സെലിബ്രിറ്റികളില്‍ ഒരാള്‍കൂടിയാണ് ഐസിന്‍. നയന്‍താരയും കുഞ്ചാക്കോ ബോബനുമൊത്തുള്ള സിനിമയിലെ പ്രധാന സീനുകള്‍ അനായാസമായി ചിത്രീകരിക്കാന്‍, എട്ടു വയസ്സുകാരനായ ഐസിന്റെ അഭിനയ പരിചയം ഏറെ ഗുണകരമായിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

മൂന്നാം വയസ്സില്‍ ഒരു വീഡിയോ വൈറലായതോടെയാണ് ആളുകള്‍ ഐസിനെ തിരിച്ചറിയാന്‍ തുടങ്ങിയത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഐസിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ ചെറിയ രീതിയിലുള്ള ഫോട്ടോഷൂട്ടുകളും ആരംഭിച്ചു. എന്നാല്‍ ഇതുവഴി ലഭിച്ച ആദ്യ സിനിമാ അവസരവും പരസ്യവും തുടക്കത്തിലേ പാളി. പിന്നീട് അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് രക്ഷിതാക്കള്‍ മകനെ ഒരു പ്രഫഷണല്‍ താരമാക്കി മാറ്റാന്‍ രണ്ടു വര്‍ഷത്തിലേറെ പ്രയത്‌നിച്ചു. അഞ്ചാം വയസ്സില്‍ ലഭിച്ച പീഡിയാഷുവറിന്റെ പരസ്യത്തിലൂടെ ഐസിന്‍ വീണ്ടും മോഡലിംഗ് രംഗത്ത് വീണ്ടും സജീവമായി.

എസ് സഞ്ജീവാണ് സിനിമയുടെ തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാണ്. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ ഗ്രേഡ് 2 വിദ്യാര്‍ത്ഥിയാണ് ഐസിന്‍. ദുബൈയില്‍ താമസമാക്കിയ മലപ്പുറം നിലമ്പൂര്‍ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും, കോഴിക്കോട് നല്ലളം സ്വദേശി ലുല്ലു ഹാഷിന്റെയും മകനാണ് ഐസിന്‍. ഏക സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിന്‍ ഹാഷും, പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നേരത്തെയും ചില സിനിമകളില്‍ അഭിനയിക്കാന്‍ ഐസിനു വിളി വന്നെങ്കിലും, പല കാരണങ്ങള്‍കൊണ്ടും നടക്കാതെപോയി. പിതാവിന്റെ സുഹൃത്തുവഴിയാണ് നിഴല്‍ സിനിമയുടെ സഹ സംവിധായകന്‍ സന്ദീപ് ബന്ധപ്പെടുന്നതും ദുബൈയില്‍വെച്ച് വീഡിയോ കോള്‍ വഴി ഒഡീഷനില്‍ പങ്കെടുക്കുന്നതും. നിരവധി ഹോളിവുഡ് സംവിധായകര്‍ക്കും, സാങ്കേതിക വിദഗ്ധര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്ത ഐസിനു മലയാള സിനിമ അഭിനയം ഏറെ പുതുമയുള്ളതുതന്നെയാണ്. മലയാളം സംസാരിക്കാന്‍ ഏറെ ഇഷ്ട്ടപെടുന്ന ഐസിന്‍ വീട്ടുകാരോട് പെരുമാറുന്നതുപോലെയായിരുന്നു ഷൂട്ടിംഗ് സെറ്റിലും.

കിന്‍ഡര്‍ ജോയ്, ഫോക്‌സ്‌വാഗണ്‍, നിഡോ, വാര്‍ണര്‍ ബ്രോസ്, ലൈഫ്‌ബോയ്, ഹുവാനേ, ഹെയ്ന്‍സ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ച ഐസിന്‍, അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com