കുവൈത്ത് സിറ്റി: 2021 ഓടെ ഏഴുപതിനായിരത്തിലേറെ പ്രവാസികള്‍ കുവൈത്ത് വിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 60 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവെക്കാന്‍ കുവൈത്ത് തീരുമാനിച്ചിരുന്നു. 2021 ജനുവരി ഒന്നുമുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തലാക്കാനുള്ള ഈ തീരുമാനം നടപ്പാക്കുന്നതോടെ 60 വയസും അതിന് മുകളില്‍ പ്രായമുള്ള 70,000 ത്തിലധികം പ്രവാസികള്‍ അടുത്ത വര്‍ഷം കുവൈത്ത് വിടേണ്ടി വന്നേക്കും. പ്രവാസികളില്‍ വലിയ ജനസംഖ്യ ആയതിനാല്‍ മലയാളികളേയാവും പുതിയ നിയമം കൂടുതലായും ബാധിക്കുക.

ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയോ ഒഴിവാക്കുകയോ പരിഷ്‌കരിക്കുകയോ ഇല്ല. കുവൈത്തില്‍ ജോലി ചെയ്യുന്ന കുട്ടികളുള്ള പ്രവാസികള്‍ക്ക് മാത്രമേ കുടുംബങ്ങളിലേക്ക് റെസിഡന്‍സി മാറാന്‍ അനുവാദമുള്ളൂവെന്നും സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 58 ഉം 59 ഉം വയസ്സ് തികയുന്ന പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാത്രമേ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കുവൈത്ത് മുന്നോട്ടുവെച്ച ചട്ടങ്ങള്‍ല പാലിക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ നിയമപരമായ നില ക്രമീകരിക്കുന്നതിന് ആവശ്യമായ സമയവും അനുവദിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അഹമ്മദ് അല്‍ മൌസ വ്യക്തമാക്കിയിരുന്നു. അതേസമയം ഫാമിലി വിസയോ മറ്റ് തരത്തിലുള്ള വിസയോ ആക്കി അവരുടെ സ്റ്റാറ്റസ് മാറ്റുന്നതിനെ ഈ നിയന്ത്രണം ബാധിക്കുന്നില്ല.
കുവൈത്തിലെ ജനസംഖ്യയെ സന്തുലിതപ്പെടുത്തുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പരിഷ്‌കാരമാണ് കുവൈത്ത് ഭരണകൂടം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. സര്‍വ്വകലാശാല ബിരുദമില്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതോടെ പ്രവാസികള്‍ക്ക്ക്ക് പകരം തദ്ദേശീയരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും ജോലി ലഭിച്ചേക്കും.
രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി കുവൈത്ത് ദേശീയ അസംബ്ലി കമ്മിറ്റി നേരത്തെ പ്രവാസി ക്വാട്ട ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയിരുന്നു. കുവൈത്തിലെ 4.8 ശതനമാനം ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരും വിദേശികളാണ്. ഇതിന് മാറ്റം വരുത്തി വിദേശികളുടെ എണ്ണം 30 ശതമാനമാക്കി കുറയ്ക്കാനാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ഷെയ്ഖ സബ അല്‍ ഖാലിദ് അല്‍ സബ വ്യക്തമാക്കിയിരുന്നു.
ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും പ്രവാസികളായ ജനസംഖ്യാ ഘടന രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമല്ലെന്നാണ് കുവൈത്തിന്റെ വിലയിരുത്തല്‍. ഒറ്റയടിക്ക് പ്രവാസികളെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നത് സാമ്പത്തിക മേഖലയില്‍ ആഘാതം സൃഷ്ടിക്കുമെന്നതിനാല്‍ ഈ വര്‍ഷം 70 ശതമാനമാണെങ്കില്‍ അടുത്ത വര്‍ഷം 65 ശതമാനം അതിനടുത്ത വര്‍ഷം 60 എന്നിങ്ങനെ ക്രമാതീതമായി കുറയ്ക്കാനാണ് തീരുമാനം.
30 ലക്ഷം വരുന്ന കുവൈത്തിലെ പ്രവാസി ജനസംഖ്യയില്‍ 1.45 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹമാണ് ഏറ്റവും വലുത്. ഇതില്‍ തന്നെ ഭൂരിപക്ഷവും മലയാളികളാണ്. അതിനാല്‍ പുതിയ പരിഷ്‌കാരങ്ങളെ ആശങ്കയോടെയാണ് മലയാളീ പ്രവാസി സമൂഹം നോക്കിക്കാണുന്നത്. നിയമങ്ങള്‍ പൂര്‍ണ്ണമായ തോതില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഏകദേശം 8, 00,000 ഇന്ത്യക്കാര്‍ കുവൈറ്റ് വിടാന്‍ നിര്‍ബന്ധിതരായേക്കും.