ദുബായ്: രണ്ട് ഇന്ത്യന്‍ സഹോദരിമാര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, ഇവരുടെ മാതാപിതാക്കള്‍ യുഎഇയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. അനാഥകളായ ഇന്ത്യന്‍ സഹോദരിമാര്‍ക്കും അവരുടെ മുത്തച്ഛനും മുത്തശ്ശിക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. 10 വര്‍ഷം കാലാവധിയുള്ള ഈ വിസ പിന്നീട് പുതുക്കുകയും ചെയ്യാം. വിസ അനുവദിക്കുക മാത്രമല്ല യുഎഇ ഭരണകൂടം ചെയ്തത്, ഇരുവര്‍ക്കും പഠിക്കാനുള്ള എല്ലാ സൗകര്യവും ഏര്‍പ്പാടാക്കുകയും ചെയ്തു.

ദുബായ് പോലീസും വിദേശകാര്യ ജനറല്‍ ഡറക്ട്രേറ്റും ചേര്‍ന്നാണ് ഇന്ത്യന്‍ സഹോദരിമാരെ യുഎഇയിലെത്തിച്ചതും വിസാ രേഖകള്‍ കൈമാറിയതും. ഇരുവര്‍ക്കും യുഎഇയില്‍ തന്നെ പഠിക്കാം. കൊല്ലപ്പെട്ട പിതാവിന്റെ ആഗ്രഹം സഫലീകരിക്കാന്‍ വേണ്ടിയാണ് പഠന ചെലവ് മൊത്തം യുഎഇ ഏറ്റെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 18ന് രാത്രിയാണ് ഇന്ത്യന്‍ സഹോദരിമാരുടെ ജീവിതം മാറ്റി മറിച്ച സംഭവമുണ്ടായത്. ഹിരണ്‍ ആഥിയ, വിധി ആഥിയ എന്ന ദമ്പതികള്‍ താമസിക്കുന്ന അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ കടന്ന അക്രമി മോഷണ ശ്രമത്തിനിടെ ഇരുവരെയും കുത്തി വീഴ്ത്തുകയായിരുന്നു. പാകിസ്താന്‍കാരനായ അക്രമിയെ പോലീസ് 24 മണിക്കൂറിനകം പിടികൂടുകയും ചെയ്തു.
വില്ലയില്‍ നേരത്തെ അറ്റക്കുറ്റ പണിക്കായി എത്തിയിരുന്നു അക്രമി. വില്ലയിലെ ചില താമസക്കാരമായി ഇയാള്‍ക്ക് പരിചയമുണ്ടായിരുന്നു എന്നാണ് സംശയിക്കുന്നത്. പണം മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂണ്‍ 18ന് രാത്രി എത്തിയത്. തടഞ്ഞ ഹിരണെയും വിധിയെയും കുത്തിവീഴ്ത്തി. മൂത്ത മകള്‍ക്കും കുത്തേറ്റു. പക്ഷേ മകള്‍ രക്ഷപ്പെട്ടു. ഇവര് നല്‍കിയ വിവരമാണ് പോലീസിന് പ്രതിയെ വേഗത്തില്‍ പിടിക്കാന്‍ സഹായിച്ചത്.
ദുബായ് കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയാണ്. മാതാപിതാക്കളുടെ മരണത്തോടെ അനാഥരായ മക്കള്‍ ഇന്ത്യയിലേക്ക് തിരിച്ചു. ഇവരെ നിര്‍ബന്ധപൂര്‍വം ദുബായിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. ഇവര്‍ക്ക് ജീവിതത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കാനും തീരുമാനിച്ചു.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് സഹോദരിമാര്‍ ദുബായിലെത്തിയത്. നാല് പേര്‍ക്കും ഗോള്‍ഡന്‍ വിസ കൈമാറി. ദുബായിലെ കനേഡിയന്‍ സര്‍വകലാശാലയിലും റെപ്റ്റണ്‍ സ്‌കൂളിലും സ്‌കോളര്‍ഷിപ്പോടെ പഠനത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. പിതാവിന്റെ ആഗ്രഹ പ്രകാരമുള്ള കോഴ്‌സിനാണ് ഇരുവരെയും ചേര്‍ത്തത്. ദുബായില്‍ തന്നെ പഠനം പൂര്‍ത്തിയാക്കണമെന്ന് പിതാവിന്റെ ആഗ്രഹമായിരുന്നു. ഇതിന്റെ സഫലീകരമാണ് പോലീസ് ഏറ്റെടുത്തിരിക്കുന്നത്. ദുബായ് പോലീസിന്റെ വിക്റ്റിം സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് സഹോദരമായിരുടെ എല്ലാ ചെലവും വഹിക്കുന്നത്. മൂത്ത കുട്ടിയുടെ പഠനത്തിന് മൂന്ന് ലക്ഷം ദിര്‍ഹമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.