റിയാദ്: ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. താല്‍ക്കാലികമായാണ് സൗദി വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുഇഎ അടക്കമുളള രാജ്യങ്ങള്‍ക്കടക്കം വിലക്കുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വിലക്ക് ബാധകമാണ്. മാത്രമല്ല നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സൗദിയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയും യുഎഇയും കൂടാതെ അമേരിക്ക, ബ്രസീല്‍, ഈജിപ്ത്, ജപ്പാന്‍, ലെബനന്‍, പോര്‍ച്ചുഗല്‍, ജര്‍മ്മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, പാകിസ്താന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് യാത്രാ വിലക്ക്. വിദേശികള്‍ക്ക് മാത്രമാണ് നിലവില്‍ യാത്രാ വിലക്കുളളത്. ഈ രാജ്യങ്ങളില്‍ നിന്നുളള സൗദി പൗരന്മാര്‍ക്ക് മടങ്ങി വരുന്നതിന് വിലക്ക് ബാധകമല്ല.

ബുധനാഴ്ച രാത്രി 9 മണി മുതല്‍ സൗദിയില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്നതാണ്. സമീപ ദിവസങ്ങളിലായി സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 200 ശതമാനം ആണ് കൊവിഡ് കേസുകളിലെ വര്‍ധനവ് എന്നാണ് റിപ്പോര്‍ട്ട്. യാത്രാ വിലക്കുളള രാജ്യങ്ങളില്‍ ഈ രണ്ടാഴ്ചയ്ക്കിടെ സന്ദര്‍ശിച്ചിട്ടുളളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ല.