ദോഹ: മലയാളികള്‍ പ്രതികളായ ഖത്തറിലെ യമനി കൊലപാതക കേസില്‍ കോടതി വിധി പ്രഖ്യാപിച്ചു. നാല് പേര്‍ക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ചിലര്‍ക്ക് തടവ് ശിക്ഷയും മറ്റു ചിലരെ വെറുതെവിടുകയും ചെയ്തു. യമനി സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കൊലപ്പെടുത്തി എന്നാണ് കേസ്.

ഇന്ത്യന്‍ എംബസിയും നോര്‍ക്കയും പ്രതികള്‍ക്ക് നിയമസഹായം നല്‍കാന്‍ ഇടപെട്ടിരുന്നു. ഇത്രയും മലയാളികള്‍ക്ക് വധശിക്ഷ വിധിക്കുന്ന സംഭവം ഗള്‍ഫില്‍ അടുത്തകാലത്ത് ആദ്യമാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഖത്തറിലെ യമനി കൊലപാതക കേസ്. 27 പ്രതികളാണുണ്ടായിരുന്നത്. 24 പേര്‍ പിടിയിലായി. മൂന്ന് പേര്‍ രക്ഷപ്പെട്ടു. എല്ലാ പ്രതികളും മലയാളികളാണ്. രണ്ടു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം.

യമനി സ്വദേശിയായ കൊലപ്പെടുത്തി കവര്‍ന്ന പണം പ്രതികള്‍ പല ഘട്ടങ്ങളിലായി, പല വഴിയിലൂടെ നാട്ടിലേക്ക് അയക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഗള്‍ഫിലും കേരളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ സംഭവം. 24 പ്രതികളും ഖത്തറിലെ ജയിലിലാണ്. നാല് പ്രതികള്‍ക്കാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ അഷ്ബീര്‍, രണ്ടാം പ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ് കുനിയില്‍, നാലാം പ്രതി ടി ഷമ്മാസ് എന്നിവരാണ് വധശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍. ചിലര്‍ക്ക് അഞ്ചും വര്‍ഷവും മറ്റു ചിലര്‍ക്ക് ഏതാനും മാസങ്ങളും തടവ് ശിക്ഷയാണ്. ചിലരെ വെറുതെ വിട്ടു.
പ്രതി ചേര്‍ക്കപ്പെട്ടവരില്‍ 12 പേര്‍ക്ക് ഇന്ത്യന്‍ എംബസി നിയമ സഹായം നല്‍കിയിരുന്നു. ഇവര്‍ നിരപരാധികളാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സഹായം അനുവദിച്ചത്. ഇന്ത്യന്‍ എംബസിയും നോര്‍ക്കയും ഇടപെട്ടാണ് നിയമസഹായം ഒരുക്കിയിരുന്നത്. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവച്ചു, പണം അയക്കാന്‍ സഹായിച്ചു, ഐഡി കാര്‍ഡ് കൈമാറി തുടങ്ങിയ കുറ്റങ്ങളാണ് 12 പേര്‍ക്കെതിരെ ചുമത്തിയിരുന്നത്. പലരും അറിഞ്ഞുകൊണ്ടല്ല ഇതൊന്നും ചെയ്തത്. പ്രതികള്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ഇവര്‍ മുഖേന പണം നാട്ടിലേക്ക് അയച്ചു എന്നാണ് ആരോപണം. വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ അനുമതിയുണ്ട്.