റിയാദ്: ശൂറാ കൗണ്‍സിലില്‍ ചരിത്രത്തിലാദ്യമായി വിവിധ കമ്മിറ്റിലേക്ക് വനിതാ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം.14 കമ്മിറ്റികളിലായി 24 വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ പുരുഷന്മാര് കുത്തകയാക്കി വെച്ചിരിക്കുന്ന കൗണ്‍സിലിലാണ് സ്ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഓരോ ശൂറാ കമ്മിറ്റിയിലും ചെയര്‍മാനും ഡെപ്യൂട്ടി ചെയര്‍മാനും കൂടാതെ ഒമ്പത് അംഗങ്ങളാണ് ഉണ്ടാകുക.ഒരുവര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി.ചെയര്‍മാനെയും ഡെപ്യൂട്ടി ചെയര്‍മാനെയും രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. കമ്മിറ്റികള്‍ തങ്ങള്‍ക്ക് മുന്നിലെത്തുന്ന വിഷയങ്ങള്‍ പഠിക്കുകയും അവരുടെ റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും കൗണ്‍സിലില്‍ സമര്‍പ്പിക്കുകയും ചെയ്യും.ആരോഗ്യ സമിതി ചെയര്‍പേഴ്സണായി ഡോ. സൈനബ് ബിന്ത് മുത്തന്ന അബു താലിബിനെയും ഡെപ്യൂട്ടി ചെയര്‍മാനായി ഡോ. സാലിഹ് അല്ഷുഹയേബിനെയും തിരഞ്ഞെടുത്തു.

കമ്മിറ്റിയിലെ പകുതി പേരും വനിതകളാണ്.ആരോഗ്യ, ഭരണ മേഖലകളില്‍ വനിതാ അംഗങ്ങള്‍ കൈവരിച്ച നേട്ടത്തിന്റെ അംഗീകാരമായാണ് പ്രാതിനിധ്യം വിലയിരുത്തപ്പെടുന്നത്. കള്‍ച്ചര്‍, മീഡിയ, ടൂറിസം, ആന്റിക്വിറ്റീസ് കമ്മിറ്റി എന്നിവയുടെ ഡെപ്യൂട്ടി ചെയര്‍പേഴ്സണായി ഡോ. മഹാ അല്‍ സിനാനാണ് തിരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയില്‍ 3 വനിതകള്‍ക്കാണ് പ്രാതിനിധ്യം ലഭിച്ചത്. വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ സമിതി,
മാനവ വിഭവശേഷി, ഭരണ സമിതി ചെയര്‍പേഴ്സണ്‍,കുടുംബകാര്യ, യുവജന കമ്മിറ്റി,സെക്യൂരിറ്റി അഫയേഴ്സ്, ട്രാന്‍സ്പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷന്‍, ഹജ്ജ് ഉംറ സര്‍വീസസ്, ഫോറിന് അഫയേഴ്സ്, വാട്ടര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ എന്നീ കമ്മിറ്റികളിലും വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.