ദമാം: കഴിഞ്ഞ ദിവസം ദമാം ദഹ്റാന്‍ മാളിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണുന്നതിനായി നിരവധി പേരാണ് ദമാം സെന്‍ട്രല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് എത്തിയത്. മൂന്ന് പേരുടെയും ജനാസ ദമാം എയര്‍പോര്‍ട്ട് റോഡിലെ മഖ്ബറയിലാണ് ഖബറടക്കം നടന്നത്. മതസാമൂഹികസാംസ്കാരിക രംഗത്തെ നാനാതുറകളില്‍ നിന്നും നിരവധി പേരാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്. ദമാം ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്നു മൂന്ന് പേരും

കോഴിക്കോട് മിനി ബൈപാസില്‍ കണ്ണഞ്ചേരി പാറക്കാട് മാളിയേക്കല്‍ മുഹമ്മദ് റഫിയുടെ മകന് മുഹമ്മദ് സനദ് (22), വയനാട് കുഞ്ഞോം ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന് അന്സിഫ് (22), മലപ്പുറം താനൂര്‍ കുന്നുമ്പുറം തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവര്‍ വ്യഴാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ തട്ടിമറിയുകയും ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
