റിയാദ്: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയുടെ പുതിയ തീരുമാനം. സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് സൗദിയുടെ പുതിയ തീരുമാനം. സൗദിയിലെ യുവാക്കള്‍ക്കും യുവതികളുമുള്‍പ്പടെ 17000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതിനായി രൂപം നല്‍കിയ പ്രത്യേക പദ്ധതിക്ക് സൗദി മാനവ വിഭവശേഷി സമൂഹിക വികസന മന്ത്രാലയം അനുമതി നല്‍കി. ഗ്രോസറി കടകളിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിശദാംശങ്ങളിലേക്ക്..

100 മുതല്‍ 499 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വദേശി വത്കരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന് വേണ്ട ഒഴിവിലേക്കുള്ള യുവതി യുവാക്കളടക്കമുള്ള തൊഴിലന്വേഷകരില്‍ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിനുള്ള അപേക്ഷകള്‍ അയയ്ക്കണം. രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിലവില്‍ 105,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇവരില്‍ 37000 പേരും സ്വദേശികളാണ്. ആകെ ജീവനക്കാരുടെ 35 ശതമാനത്തോളം വരും ഇത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ശരാശരി 10ഓളം തൊഴിലാളികളാണ് കണക്കാക്കുന്നത്.

500 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള 1200 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് സൗദിയിലുള്ളത്. ഇത്തരം സ്ഥാനപങ്ങളില്‍ ആകെ 48000ഓളം പേരാണ് തൊഴിലെടുക്കുന്നത്. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ശരാശരി 250ഓളം ജീവനക്കാരാണ് തൊഴിലെടുക്കുന്നത്. ഇവയില്‍ മിക്ക സ്ഥാപനങ്ങളും വലുതാണ്. ഇവിടങ്ങളില്‍ ആകെ മുഴുവന്‍ ജീവനക്കാരുടെ 35 ശതമാനം മാത്രമാണ് സ്വദേശികളുള്ളതെന്നാണ് സൗദി പറയുന്നത്.
ഗ്രോസറി മാര്‍ക്കറ്റുകളിലേക്ക് കൂടുതല്‍ സ്വദേശികളെ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി ഈ രംഗത്തെ പ്രധാന കമ്പനികളെയും വികസിത കമ്പനികളെയും തിരിച്ചറിയുകയാണ് പുതിയ സ്വദേശിവത്കരണ പദ്ധതി പ്രധാനമായു ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള കരാറുകളില്‍ ഒപ്പിടും. കൂടാതെ തൊഴില്‍ നടപടി ക്രമങ്ങള്‍ സുഗമമാക്കുന്നതിനും തൊഴില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പ് വരുത്തുന്നതിനും വ്യവസ്ഥ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതിയ നിയമം നടപ്പിലാക്കുന്നതോടെ പ്രവാസികള്‍ക്ക് ഇത്തരം കടകളിലുള്ള ജോലി സാധ്യത അടയും. ഇത്തരം ജോലികളെ ആശ്രയിച്ച് കഴിയുന്ന പ്രവാസികള്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും.