ദമാം: ഫൈസര്‍ ബയോഎന്‍ടെക്ക് വികസിപ്പിച്ച കൊവിഡ് 19 വാക്‌സിന് സഊദി അറേബ്യയുടെ അംഗീകാരം. ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനുമാണ് അംഗീകാരം നല്‍കിയത്. ഇതിനായി സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സൗദിയില്‍ വാക്‌സീന്‍ ഉപയോഗത്തിന് അനുമതി തേടി നവംബര്‍ 24നായിരുന്നു ഫൈസര്‍ അപേക്ഷ സമര്‍പ്പിച്ചത്. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് അതോറിറ്റി അനുമതി നല്‍കിയത്. വാക്‌സീന്‍ വിതരണം ചെയ്യാന്‍ അടിയന്തരാനുമതി ലഭിച്ചതോടെ ഏറെ ആഹ്ലാദത്തിലാണ് സൗദിയിലെ ആരോഗ്യ മേഖല.

ഉത്പാദനത്തിന്റെ ഗുണനിലവാരവും അന്താരാഷ്ട്ര നിലവാരമനുസരിച്ച് ശാസ്ത്രീയമായ ഡാറ്റകളും അവലോകനം ചെയ്താണ് ഡ്രഗ് അതോറിറ്റി വാക്‌സിനുകള്‍ പരിശോധിച്ചത്. മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുമായി നിരവധി മീറ്റിംഗുകളും സ്വദേശത്തും വിദേശങ്ങളിലുമുള്ള വിദഗ്ധരായ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുമായും നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. സാമ്പിളുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും കുത്തിവെപ്പ് നടത്തുക.
തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മോഡല്‍ കാര്‍ഗോ വില്ലേജും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചരക്ക് സൗകര്യങ്ങളും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും ശീതീകരിച്ച വാക്‌സിനും മെഡിക്കല്‍ സാമഗ്രികളും സ്വീകരിക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്.
പ്രതിരോധ മരുന്നുകള്‍ രാജ്യത്ത് എത്തിക്കഴിഞ്ഞാല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പൂര്‍ണമായും സൗജന്യമായിട്ടായിരിക്കും നല്‍കുകയെന്നു ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ അസീരിയ അറിയിച്ചിരുന്നു. നിലവില്‍ കൊവിഡ് ചികിത്സയും സൗജന്യമാണ് നല്‍കിവരുന്നത്. മൂന്ന് വിമാനത്താവളങ്ങളിലും മരുന്നുകള്‍ സ്വീകരിക്കാനും സൂക്ഷിക്കാനുമുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സൗദി കാര്‍ഗോ സിഇഒയും സഊദി അറേബ്യന്‍ ലോജിസ്റ്റിക്‌സ് കമ്പനി (എസ്എഎല്‍) ചെയര്‍മാനുമായ ഉമര്‍ ഹരിരി പറഞ്ഞു.